മദ്യത്തിനൊപ്പം ഡ്രഗ്സും; എന്തോ പ്രശ്നം നടനെ ബാധിച്ചു; രഘുവരനെക്കുറിച്ച് തുറന്ന് പറഞ്ഞ് ദേവൻ
സുന്ദരനായ വില്ലൻ എന്ന വിളിപ്പേരിൽ സിനിമാ ലോകത്ത് ശ്രദ്ധ നേടിയ നടനാണ് ദേവൻ. ചെറുതും വലുതുമായ നിരവധി സിനിമകളിൽ ദേവൻ ഇക്കാലയളവിനിടെ അഭിനയിച്ചു. മലയാളത്തിന് പുറമെ മറുഭാഷകളിലും ദേവൻ സാന്നിധ്യം അറിയിച്ചു. 1984 ൽ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമയുടെ നിർമാതാവായാണ് ദേവൻ സിനിമാരംഗത്തേക്ക് കടന്ന് വരുന്നത്. 1985 ലെ കൈയും തലയും പുറത്തിടരുത് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു.
ഊഴം, അരണ്യകം തുടങ്ങിയ സിനിമകളിൽ നായകനായി അഭിനയിച്ച ദേവൻ പിന്നീട് വില്ലൻ വേഷങ്ങളിലേക്കും സഹനായക വേഷങ്ങളിലേക്കും മാറി. കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത നടനാണ് ദേവൻ. അടുത്ത കാലത്ത് ദേവൻ നടത്തിയ പല പ്രസ്താവനകളും ചർച്ചയായി. ഇപ്പോഴിതാ അന്തരിച്ച നടൻ രഘുവരനെക്കുറിച്ച് ദേവൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
രഘുവും ഞാനും കൂടി ബാഷ എന്ന സിനിമ ചെയ്യുമ്പോഴാണ് അവന് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഷൂട്ടിംഗ് കാരണം ആ സമയത്ത് അവന് ആശുപത്രിയിൽ നിൽക്കാൻ പറ്റിയില്ല. രഘു അന്ന് വളരെ ടെൻഷൻ അടിച്ചു. ഇരിക്കാൻ പോലും കൂട്ടാക്കിയില്ല. അത്ര നല്ല മനുഷ്യനെ ആ ഒരു സെന്റിമെന്റ്സ് ഉണ്ടാകൂ.

കുഞ്ഞ് പിറന്നപ്പോൾ വളരെ സന്തോഷത്തിലായി. അന്നൊന്നും രഘു ഡ്രഗ്സ് എടുക്കില്ല. മദ്യപിക്കുമായിരുന്നു. രണ്ടും ഉപയോഗിക്കാൻ തുടങ്ങിയത് എന്തോ പ്രശ്നം കൊണ്ടാണെന്നും ദേവൻ അഭിപ്രായപ്പെട്ടു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു ദേവൻ.
രഘുവരന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നേരത്തെയും ചർച്ചയായിട്ടുണ്ട്. അമിതമായ മദ്യപാനം കാരണം അവയവങ്ങൾ പ്രവർത്തനരഹിതമായാണ് നടൻ മരിക്കുന്നത്. 2008 മാർച്ച് മാസത്തിലാണ് രഘുവരൻ മരിക്കുന്നത്. നടി രോഹിണിയായിരുന്നു രഘുവരന്റെ ഭാര്യ.
1996 ൽ വിവാഹിതരായ ഇരുവരും 2004 ത്തിൽ വേർപിരിഞ്ഞു. ഋഷി വരൻ എന്നാണ് രഘുവരന്റെയും രോഹിണിയുടെയും മകന്റെ പേര്. രഘുവരനുമായുള്ള വേർപിരിയലിന് കാരണം നടന്റെ മദ്യപാനമാണെന്ന് രോഹിണിയും നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. താനും മകനും തോറ്റ് പോയത് രഘുവരന്റെ അഡിക്ഷനോടാണെന്നായിരുന്നു രോഹിണിയുടെ തുറന്ന് പറച്ചിൽ.

അഭിമുഖത്തിൽ ബാഷയിൽ അഭിനയിച്ചപ്പോഴുള്ള മറ്റ് അനുഭവങ്ങളും ദേവൻ പങ്കുവെക്കുന്നുണ്ട്. ഹോണസ്റ്റ് രാജ എന്ന സിനിമയിലെ പ്രകടനം കണ്ടാണ് രജിനികാന്ത് ബാഷയിലേക്ക് തന്നെ വിളിക്കുന്നത്. നടി നഗ്മയുടെ മുന്നിൽ വെച്ച് രജിനികാന്ത് തന്നെ പുകഴ്ത്തി സംസാരിച്ചു. പൊതുവെ സൂപ്പർ താരങ്ങളൊന്നും അധികം മറ്റുള്ളവരുമായി ഇടപഴകില്ല. എന്നാൽ രജിനികാന്ത് ചായ കുടിക്കാൻ പോകാമെന്ന് ഇങ്ങോട്ട് പറയുമായിരുന്നെന്നും ദേവൻ ഓർത്തു.
കഴിഞ്ഞ ദിവസം നടൻ ജയസൂര്യയെക്കുറിച്ച് ദേവൻ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ജയസൂര്യ നായകനായ 2021 ൽ ഇറങ്ങിയ സിനിമയ്ക്ക് വെള്ളം എന്ന് പേരിട്ടത് തന്നെ വിഷമിപ്പിച്ചു. താൻ ആദ്യമായി നിർമ്മിച്ച സിനിമയുടെ പേരാണ് വെള്ളം. ആ പേര് വീണ്ടും ഉപയോഗിക്കുമ്പോൾ തന്നോട് ചോദിക്കേണ്ടതായിരുന്നു. ജയസൂര്യ അത് ചെയ്തില്ലെന്നും ദേവൻ തുറന്നടിച്ചു. ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ദേവൻ നിർമ്മിച്ച വെള്ളം.
പ്രേം നസീർ, മധു, കെആർ വിജയ, ശ്രീവിദ്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയുടെ പരാജയം ദേവനെ സാമ്പത്തികമായി ഏറെ ബാധിച്ചിരുന്നു. നിർമാണഘട്ടത്തിലെ പ്രശ്നങ്ങൾ കാരണം അഞ്ച് വർഷമെടുത്താണ് സിനിമ പുറത്തിറങ്ങിയത്. നഷ്ടമായെങ്കിലും ഈ സിനിമ തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് ദേവൻ പറയുന്നു.


Click it and Unblock the Notifications











