'സുബിക്ക് വേണ്ടിയുള്ള പൂക്കൾ വരെ ഒരുക്കി വെച്ചിട്ടാണ് പോയത്, മരിക്കും മുമ്പ് വാങ്ങിക്കാമെന്ന് പറഞ്ഞു'; ധർമ്മജൻ
മിമിക്രിയിലൂടെ വളർന്ന് ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറിയ നടനാണ് ധർമ്മജൻ ബോൾഗാട്ടി. ധർമ്മജൻ-രമേശ് പിഷാരടി കോമ്പോയ്ക്കാണ് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. യുട്യൂബ് പോലുള്ള നവ മാധ്യമങ്ങൾ സജീവമാകുന്നതിന് മുമ്പ് ധർമ്മജന്റേയും രമേഷ് പിഷാരടിയുടേയും ബ്ലെഫ് മാസ്റ്റേഴ്സ് എന്ന പരിപാടി ടിവിയിൽ കാത്തിരുന്ന് കണ്ട് ആസ്വദിക്കുന്ന സ്വഭാവം മലയാളിക്കുണ്ടായിരുന്നു.
പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് ആവർത്തന വിരസതയില്ലാതെ സ്കിറ്റുകൾ ചെയ്യാൻ ഇന്നും ധർമ്മജൻ-പിഷാരടി കോമ്പോ കഴിഞ്ഞെ മറ്റാരും ഉള്ളൂ. 2010ൽ പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് കൊമേഡിയനായി ധർമ്മജൻ സിനിമയിൽ അരങ്ങേറിയത്. പിന്നീട് അങ്ങോട്ട് നല്ല കാലമായിരുന്നു. താരത്തിന്റെ തലവര തന്നെ മാറിയതും സിനിമയിൽ എത്തിയശേഷമാണ്. 2023ന്റെ തുടക്കം മുതൽ നിരവധി നഷ്ടങ്ങൾ ധർമ്മജനുണ്ടായിട്ടുണ്ട്.

പ്രിയപ്പെട്ട പലരേയും കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ധർമ്മജന് നഷ്ടപ്പെട്ടു. അതിൽ താരത്തെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തക സുബി സുരേഷിന്റെ മരണവും സ്വന്തം അമ്മയുടെ അപ്രതീക്ഷിതമായ മരണവുമായിരുന്നു. സുബിയെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ സംസ്കാര ചടങ്ങ് നടക്കുന്നത് വരെ നടിയുടെ വീട്ടുകാർക്കൊപ്പം നിന്ന് എല്ലാം ചെയ്തവരിൽ ഒരാൾ ധർമ്മജനായിരുന്നു.
സുബിയും ധർമ്മജനും ഒരേ നാട്ടുകാരാണ്. വളരെ കുറച്ച് ദൂരം മാത്രമെ ഇരുവരുടേയും വീടുകൾ തമ്മിലുള്ളു. ഇപ്പോഴിത സുബിയെ കുറിച്ചും തനിക്ക് കഴിഞ്ഞ കുറച്ച് മാസത്തിനിടെയുണ്ടായ നഷ്ടങ്ങളെ കുറിച്ചും മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ധർമ്മജൻ.
സുബിയെ കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോൾ തന്നെ ധർമ്മജന്റെ വാക്കുകളിൽ സങ്കടം നിറയുന്നുണ്ട്. 'സുബി വളരെ കെയറിങായിരുന്നു. പരിപാടികൾക്ക് പോകുമ്പോൾ സിക്റ്റ് അവതരിപ്പിക്കുമ്പോൾ സ്റ്റേജിലേക്ക് കൊണ്ടുപോകേണ്ട ഓരോരുത്തരുടേയും പ്രോപ്പർട്ടികൾ ശ്രദ്ധിച്ച് മറക്കാതെ എടുത്ത് തരും. ഞാൻ സ്കിറ്റുകളിൽ സ്ത്രീ വേഷം ചെയ്യുമ്പോൾ സാരി ഉടുപ്പിച്ച് തന്നിരുന്നത് സുബിയാണ്.'
'അവളുടെ ഓർണമെന്റ്സ് ഇട്ടാണ് എന്നെ ഒരുക്കാറുള്ളത്. മറ്റുള്ള താരങ്ങളെപ്പോലെ അമ്മയ്ക്കൊപ്പമൊന്നുമല്ല അവൾ പരിപാടികൾക്ക് വരാറുള്ളത്. അവൾ ആരേയും തുണയ്ക്ക് കൂട്ടാറില്ല. ഞങ്ങൾക്കൊപ്പം ഒരു ആണിനപ്പോലെ ധൈര്യത്തിൽ വരും.'

'ഇരുപത്തിയഞ്ച് വർഷത്തോളം പഴക്കമുള്ള ബന്ധമുണ്ട്', ധർമ്മജൻ പറയുന്നു. സുബിയുടെ മരണം നടന്നശേഷം സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചും ധർമ്മജൻ വിവരിച്ചു. 'സുബിയുടെ മരണം നടന്നശേഷം അവളുടെ വീട്ടിൽ വന്ന് വീട്ടുകാരോട് പൊതുദർശനം, സംസ്കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ തിരക്കി അതിനുള്ള എല്ലാം നടത്തി സുബിക്കുള്ള പൂക്കൾ വരെ ഞാൻ ഒരുക്കിവെച്ച ശേഷം സുബി പങ്കെടുക്കേണ്ട ഒരു പരിപാടിക്ക് പോയി.'
'അവിടെ നാദിർഷ ഇക്കയൊക്കെയുണ്ടായിരുന്നു. പരിപാടിക്കായി റെഡിയായി നിൽക്കുമ്പോഴാണ് എന്റെ അമ്മ മരിച്ചുവെന്ന് അറിയുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ എന്നെ പിടിച്ച് നിർത്താതെ നാദിർഷ ഇക്ക എന്നെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു.'
'ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ ഒരു സിനിമയുടെ ഷൂട്ടിങിലായിരുന്നു പങ്കെടുക്കാൻ പറ്റിയില്ല. ഇന്നസെന്റ് ചേട്ടൻ ഇടയ്ക്ക് എന്റെ അടുത്ത് വന്ന് മീനൊക്കെ വാങ്ങാറുണ്ട്. പക്ഷെ ഞാൻ പണം വാങ്ങാറില്ല. അദ്ദേഹം മരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് എന്നെ കാണാൻ വന്നപ്പോൾ ഞാൻ പണം വാങ്ങിക്കാത്തതിലുള്ള പരിഭവം പറഞ്ഞു.'
'അന്ന് ഞാൻ മറുപടിയായി പറഞ്ഞത് നിങ്ങൾ മരിക്കും മുമ്പ് ഞാൻ അത് വാങ്ങിക്കോളാമെന്നാണ് അദ്ദേഹത്തിന്റെ മരണവും അതുപോലെ മാമുക്കോയയുടെ മരണവും ഒരു വേദനയാണ്', ധർമ്മജൻ പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications