'സ്റ്റേജ് കിട്ടുമ്പോൾ ആളാകാൻ തോന്നും, താൽപര്യമില്ലെങ്കിൽ പരിപാടിക്ക് പോകരുത്'; അലൻസിയറിനെ കുറിച്ച് ധ്യാൻ!
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടൻ അലൻസിയർ നടത്തിയ വിവാദ പ്രസംഗം. പെണ്‍പ്രതിമ നല്‍കി തങ്ങളെ പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം തരണമെന്നുമാണ് അലൻസിയർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെ പറഞ്ഞത്. 'അവാര്‍ഡ് വാങ്ങിയിട്ട് വീട്ടില്‍ പോകാന്‍ വേണ്ടി ഓടിയതാണ്.'
'നല്ല ഭാരം ഉണ്ടായിരുന്നു അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നുവെങ്കില്‍ പറയാമായിരുന്നു. സാംസ്‌കാരിക മന്ത്രിയോട് പറയാം... സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് എനിക്ക് കിട്ടിയത്. നല്ല നടനുള്ള അവാര്‍ഡ് എല്ലാവര്‍ക്കും കിട്ടും. എന്നാല്‍ സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് അത് സ്വര്‍ണത്തില്‍ പൊതിഞ്ഞ് തരണം. 25000 രൂപയില്‍ നിന്ന് അവാര്‍ഡ് തുക കൂട്ടണമെന്ന് ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുകയാണ്.'

'പിന്നെ ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട് ഈ പെണ്‍പ്രതിമ നല്‍കി ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം തരണം. അങ്ങനെ ഒരു പ്രതിമ എന്ന് കിട്ടുന്നോ അന്ന് അഭിനയം നിര്‍ത്തും', എന്നാണ് അലൻസിയർ പറഞ്ഞത്.
പ്രസംഗം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. അലൻസിയർ സർക്കാസം കലർത്തി സംസാരിച്ചതാവും അതുകൊണ്ട് തന്നെ വിമർശിക്കേണ്ടതില്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മറ്റ് ചിലർ രംഗത്തെത്തിയത്.
വിമർശനങ്ങൾ ഉയർന്നെങ്കിലും പറഞ്ഞ വാക്കുകളിൽ തെല്ലും ഖേദം തോന്നുന്നില്ലെന്നാണ് അലൻസിയർ പിന്നീട് പറഞ്ഞത്. ഇപ്പോഴിതാ അലൻസിയറിന്റെ വിവാദ പ്രസംഗത്തെ കുറിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ തനിക്ക് തോന്നിയ അഭിപ്രായം മാധ്യമങ്ങളോട് പങ്കുവെച്ചിരിക്കുകയാണ്.
താരത്തിന്റെ ഏറ്റവും പുതിയ റിലീസായ നദികളിൽ സുന്ദരി യമുനയുടെ പ്രമോഷനായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് അലൻസിയർ വിഷയത്തിൽ ധ്യാൻ പ്രതികരിച്ചത്. അലൻസിയർ നടത്തിയത് ആളാകാനുള്ള ശ്രമമാണെന്നാണ് ധ്യാൻ പറഞ്ഞത്.

'അലൻസിയർ ചേട്ടൻ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനുമാണ്. അങ്ങനൊരു അഭിപ്രായമുണ്ടായിരുന്നുവെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയായിരുന്നു വേണ്ടത്. ബഹികരിക്കുകയോ മറ്റോ ചെയ്യണമായിരുന്നു. അല്ലാതെ പോയി അവാർഡ് വാങ്ങിശേഷം ഇത് പറഞ്ഞത് കേട്ടപ്പോൾ അത് പറയാൻ വേണ്ടി പോയത് പോലെയാണ് എനിക്ക് തോന്നിയത്.'
'സ്റ്റേജ് കിട്ടുമ്പോൾ പലർക്കും ഒന്ന് ആളാകാനും ഷൈൻ ചെയ്യാനും തോന്നും. അതുകൊണ്ട് അതിനെ ഒരു പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി. സ്റ്റേറ്റ് അവാർഡ് ഫങ്ഷനിൽ പോയി അത്തരം ഒരു കാര്യം പറഞ്ഞതിന് ഇവിടുത്തെ സിസ്റ്റമാണ് ആൾക്ക് എതിരെ ആക്ഷൻ എടുക്കേണ്ടത്. ആക്ഷൻ എടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലെന്നും', ധ്യാൻ ശ്രീനിവാസൻ പറയുന്നു.
പൊതുവെ ഏത് വിഷയത്തിലും മുഖം നോക്കാതെ അഭിപ്രായം പറയാൻ ധ്യാൻ ശ്രീനിവാസൻ ശ്രമിക്കാറുണ്ട്. സിനിമാ രംഗത്തുള്ള നിരവധി പേർ വിവാദ പ്രസംഗത്തിന് ശേഷം അലൻസിയറിനെ വിമർശിച്ച് എത്തിയിരുന്നു. 'ഞാന്‍ ലോകത്തെ സ്നേഹിക്കുന്നവനാണ്. ഒരു സ്ത്രീകളേയും അപമാനിച്ചിട്ടില്ല. ഞാന്‍ ഒരു വാചകം പറഞ്ഞു.'
'അപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം നീ എണിക്കേണ്ടെന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഞാന്‍ എഴുന്നേറ്റ് നടക്കും. എന്‍റെ വീട് മാത്രമല്ല ഈ സമൂഹം തന്നെ എന്‍റെ വീടാണെന്ന് കരുതുന്ന നാടകക്കാരനാണ് ഞാന്‍', എന്നാണ് അലൻസിയർ പ്രസംഗം ചർച്ചയായപ്പോൾ പറഞ്ഞത്. 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം വ്യാഴാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.


Click it and Unblock the Notifications











