പ്രയത്നം ഫലം കണ്ടു..., ഇനി മുതൽ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ..., താരപുത്രിയുടെ ബിരുദദാന ചടങ്ങ് കഴിഞ്ഞു!
മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനേയും അമ്മ മഞ്ജു വാര്യരേയും പോലെത്തന്നെ മീനൂട്ടിയെന്ന് ആരാധകർ വിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. മീനാക്ഷിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. നേരത്തെയൊക്കെ ദിലീപിനോടുള്ള വെറുപ്പ് പലരും മീനാക്ഷിയുടെ സോഷ്യൽമീഡിയ പേജിലെ കമന്റ് ബോക്സിലെത്തിയും തീർക്കാറുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. താരപുത്രി അച്ഛനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് ആ മാറ്റം വന്ന് തുടങ്ങിയത്. അച്ഛന്റേയും അമ്മയുടെയും കഴിവുകളെല്ലാം കിട്ടിയ മകളാണ് മീനാക്ഷി. നൃത്തം, അഭിനയം, കൊറിയോഗ്രഫി എന്നിവയിലെല്ലാം കഴിവുള്ള പെൺകുട്ടിയാണ് മീനാക്ഷി.

പ്രണവ് മോഹൻലാലിനെപ്പോലെ തന്നെയാണ് മീനാക്ഷിയുടെ മാധ്യമങ്ങളോടുള്ള സമീപനം. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിത്വം. പൊതു പരിപാടികളിൽ അച്ഛനൊപ്പം പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും വേദിയിലെത്തി പ്രസംഗിക്കുകയോ മാധ്യമങ്ങൾ അഭിമുഖം കൊടുക്കുകയോ ഒന്നും തന്നെ ചെയ്യാറില്ല.
മീഡിയയെ കാണുമ്പോൾ ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് നടന്ന് പോകും. ഉറ്റ സുഹൃത്തും നടിയുമായ നമിത പ്രമോദിന്റെ കഫേയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മീനാക്ഷിക്ക് നേരെ രണ്ട് വാക്ക് സംസാരിക്കാൻ നമിത അടക്കമുള്ളവർ മൈക്ക് നീട്ടിയെങ്കിലും പുഞ്ചിരിച്ചുകൊണ്ട് ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട താരപുത്രിയാണ് എന്നും മീനാക്ഷി ദിലീപ്.
സ്കൂൾ പഠനത്തിനുശേഷം മീനാക്ഷി നീറ്റ് പരീക്ഷയൊക്കെ എഴുതി മെഡിസിന് ചേരുകയാണ് ചെയ്തത്. ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ ഡോക്ടർ പഠനം. മകൾ ചെന്നൈയിലേക്ക് പഠിക്കാൻ പോയതോടെ ദിലീപും കാവ്യയേയും ഇളയ മകളേയും കൂട്ടി ചെന്നൈയിലേക്ക് താമസം മാറി. ഇപ്പോൾ ഇളയവൾ മഹാലക്ഷ്മിയും ചെന്നൈയിലാണ് പഠിക്കുന്നത്.
മകൾ ഡോക്ടറായി കാണണമെന്നത് ദിലീപിന്റെയും ആഗ്രഹമായിരുന്നു. സ്കൂൾ പഠന കാലം മുതൽ മെഡിസിന് പോകാൻ തന്നെയായിരുന്നു മീനാക്ഷിക്കും താൽപര്യം. അതിനാലാണ് ഉപരി പഠനത്തെ കുറിച്ച് താരപുത്രിക്ക് കൺഫ്യൂഷനുകൾ ഇല്ലാതെ പോയതും. ഇപ്പോഴിതാ മീനാക്ഷി ഓഫീഷ്യലി ഡോക്ടറായി മാറിയിരിക്കുകയാണ്. ഇനി മുതൽ വെറും മീനാക്ഷി ദിലീപായിരിക്കില്ല. ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണനായിരിക്കും.

താരപുത്രിയുടെ ബിരുദദാന ചടങ്ങിന്റെ വീഡിയോകൾ ദിലീപ്, കാവ്യ ഫാൻപേജുകളിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പ്രചരിക്കുന്നുണ്ട്. സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി പുഞ്ചിരി തൂകി നടന്ന് പോകുന്ന മീനാക്ഷിയാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് മീനാക്ഷിയുടെ ഭാവിക്ക് ആശംസകൾ നേർന്ന് എത്തുന്നത്. ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.
അതേസമയം മീനാക്ഷിയുടെ സർ നെയിമിൽ ദിലീപ് എന്ന് ചേർക്കാത്തത് എന്താണെന്ന സംശയവും ചില ആരാധകർക്കുണ്ട്. ദിലീപിന്റെ ഒഫീഷ്യൽ പേര് ഗോപാലകൃഷ്ണൻ എന്നാണ്. സിനിമയിൽ എത്തിയശേഷമാണ് അത് ദിലീപായി മാറിയത്. തന്റെ ഇൻസ്റ്റഗ്രാം പേജിലും മീനാക്ഷി ജി എന്നാണ് മീനൂട്ടി ചേർത്തിരിക്കുന്നത്. അതേസമയം മീനാക്ഷിക്കായി ദിലീപ് ആശുപത്രി പണിയുമോ എന്നുള്ള സംശയം ആരാധകർക്കുണ്ടായിരുന്നു.
എന്നാൽ അതിനൊന്നും തനിക്ക് പ്ലാനില്ലെന്നാണ് ദിലീപ് പറഞ്ഞത്. അവസാനമായി മീനാക്ഷി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് മാളവിക ജയറാമിന്റെ വിവാഹത്തിന് എത്തിയപ്പോഴാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
അതുകൊണ്ട് ദിലീപിനൊപ്പം താലികെട്ട് മുതൽ റിസപ്ഷൻ വരെയുള്ള ചടങ്ങുകളിൽ മീനാക്ഷിയും പങ്കെടുത്തിരുന്നു. അടുത്തിടെയായി അച്ഛന്റെ സിനിമകളുടെ ഓഡിയോലോഞ്ച് ചടങ്ങുകൾക്കെല്ലാം മീനാക്ഷിയും എത്താറുണ്ട്. അമ്മ മഞ്ജുവിനെപ്പോലെ ഡ്രൈവിങിനോട് കമ്പമുള്ളയാളാണ് മീനാക്ഷിയും.


Click it and Unblock the Notifications