'അങ്കിളേ... എന്നുള്ള വിളി അന്ന് നിർത്തി... ദിലീപ് ഏട്ടൻ എന്ന് വിളിച്ചാൽ മതിയെന്നാണ് പറഞ്ഞേക്കുന്നത്'; ദിലീപ്
ദിലീപിന്റെ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്ന നടിമാര്‍ക്കൊന്നും പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നായികമാരുടെ ഭാഗ്യനായകനായിരുന്നു ജനപ്രിയ നായകന്‍ ദിലീപ്. അന്ധവിശ്വാസം അരങ്ങുതകര്‍ക്കുന്ന മലയാള സിനിമയില്‍ പലരും ഇതൊരു വിശ്വാസമായി കണ്ടിരുന്നു.
ബാലതാരമായി വന്നവര്‍ പോലും നായികയായി വെള്ളിത്തിരയിലെത്തിയത് ദിലീപ് ചിത്രത്തിലൂടെയായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യരുടെ ആദ്യനായകനും ദിലീപായിരുന്നു.
സാക്ഷ്യമാണ് മഞ്ജുവിന്റെ ആദ്യ ചിത്രമെങ്കിലും താരത്തിന് ഒരു നായകനെ ലഭിച്ചത് സുന്ദര്‍ദാസിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയായിരുന്നു. വളരെ പെട്ടെന്നായിരുന്നു ദിലീപ്-മഞ്ജു ജോഡികള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. പിന്നീട് കുടമാറ്റം, ഈ പുഴയും കടന്ന് ചിത്രങ്ങളിലും മഞ്ജു ദിലീപിന്റെ നായികയായി. 1998ല്‍ മഞ്ജു ദിലീപിന്റെ ജീവിത നായികയുമായി.

ശരിക്കും അതോട് കൂടിയാണ് വലിയ വിജയങ്ങളൊന്നും ലഭിക്കാതിരുന്ന ദിലീപിന്റെ രാശി തെളിഞ്ഞതെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്. ഇടവേളകള്‍ക്ക് ശേഷം മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തിരിച്ചുകൊണ്ടുവന്ന മീരാ ജാസ്മിന്റെ ആദ്യനായകനും ദിലീപായിരുന്നു.
സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളവും കടന്ന മീര പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി. സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ നേടി. ദിലീപിനൊപ്പം ഗ്രാമഫോണ്‍, കല്‍ക്കട്ട ന്യൂസ് എന്നീ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്.
കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യാ നായരുടെയും ആദ്യനായകന്‍ ദിലീപായിരുന്നു. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടാണ് നവ്യ സിനിമയിലെത്തിയത്. പിന്നീട കല്യാണരാമന്‍, മഴത്തുള്ളിക്കിലുക്കം, പട്ടണത്തില്‍ സുന്ദരന്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഡിയായിരുന്നു ദിലീപ്-കാവ്യാ മാധവന്‍ ജോഡി.
ദിലീപിന്റെ ഭാഗ്യനായിക കൂടിയായിരുന്നു കാവ്യ. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളുമായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചത് ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ മീശമാധവനിലൂടെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറി.

തെങ്കാശിപട്ടണം, രാക്ഷസരാജാവ്, തിളക്കം, മിഴി രണ്ടിലും, റണ്‍വേ, ലയണ്‍, കൊച്ചി രാജാവ്, ചക്കരമുത്ത്, ഇന്‍സ്പെക്ടര്‍ ഗരുഡ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, പിന്നെയും തുടങ്ങിയവയാണ് ദിലീപ്-കാവ്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം സിനിമക്ക് ഗുഡ് ബൈ പറഞ്ഞ കാവ്യ ഇടവേളക്ക് ശേഷം പിന്നീട് സിനിമയിലേക്ക് കൊണ്ടുവന്നതും ദിലീപായിരുന്നു. ദിലീപ് നായകനായ പാപ്പി അപ്പച്ചായിലെ നായിക കാവ്യയായിരുന്നു. ഒടുവില്‍ കാവ്യ ദിലീപിന്റെ ജീവിതത്തിലെ നായികയുമായി. അത്തരത്തിൽ ബാലതാരമായി വന്ന് പിന്നീട് ദിലീപിന്റെ നായികയായ നടിയാണ് സനുഷ സന്തോഷ്.
ബാലതാരമായിരുന്ന സനുഷയുടെ ആദ്യ നായകൻ ദിലീപായിരുന്നു. മിസ്റ്റര്‍ മരുകനിലൂടെയാണ് സനുഷ നായികയായി സിനിമയിൽ രണ്ടാം വരവ് നടത്തിയത്. ദിലീപ് ചിത്രം ഈ പറക്കും തളികയിൽ നിത്യ ദാസിന്റെ ചെറുപ്പം ചെയ്തത് സനുഷയായിരുന്നു. ഇപ്പോഴിതാ സനുഷയെ കുറിച്ച് ദിലീപ് അടുത്തിടെ പറഞ്ഞ ചില ഓർമകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
അങ്കിൾ എന്നാണ് സനുഷ തന്നെ വിളിച്ചിരുന്നതെന്നും താൻ തന്നെ പറഞ്ഞാണ് ആ വിളി നിർത്തിച്ചതെന്നുമാണ് ബിഹൈൻവുഡ്സ് ഫാൻസ് മീറ്റിൽ പങ്കെടുത്ത് ദിലീപ് പറഞ്ഞത്. അങ്കിളേയെന്നും വിളിച്ചുകൊണ്ട് കുട്ടിക്കാലത്ത് താൻ ദിലീപിന്റെ മടിയിൽ ഇരുന്നതിനെ കുറിച്ച് സനുഷ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
'അങ്കിളേ... എന്നുള്ള സനുഷയുടെ വിളി നിർത്തിച്ചതാണ് ഞാൻ. ദിലീപ് ഏട്ടൻ എന്ന് വിളിച്ചാൽ മതിയെന്നാണ് പറഞ്ഞേക്കുന്നത്. അങ്ങനെയൊന്നും വിളിക്കേണ്ട നിങ്ങളൊക്കെ വളർന്ന് വലുതാവും എന്നും പറഞ്ഞിരുന്നുവെന്നാണ്', നടി സനുഷയെ കുറിച്ച് സംസാരിച്ച് ദിലീപ് പറഞ്ഞത്. ഇപ്പോൾ വളരെ സെലക്ടീവായി മാത്രമാണ് സനുഷ സിനിമ ചെയ്യുന്നത്.


Click it and Unblock the Notifications