'അഭീഷ്ട സിദ്ധിക്ക് വള്ള സദ്യ, കറുത്ത സഞ്ചിനിറയെ പണം, എല്ലാവർക്കും ദക്ഷിണ നൽകി ദിലീപ്'; ചിത്രങ്ങൾ!
ചരിത്രപ്രസിദ്ധമായ ഒന്നാണ് ആറന്മുള വള്ളസദ്യ. വള്ളസദ്യയിൽ അറുപത്തിനാല് വിഭവങ്ങളാണ് വിളമ്പുന്നത്. സാധാരണ വിളമ്പുന്ന നാൽപത്തിനാല് വിഭവങ്ങളും വഴിപാട് നടത്തുന്ന ചുണ്ടൻവള്ളത്തിൽ എത്തുന്നവർ പാടി ചോദിക്കുന്ന 20 വിഭവങ്ങളുമാണ് വിളമ്പുന്നത്.
ഒക്ടബോർ 2വരെയാണ് വള്ളസദ്യ നടക്കുക. ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങ് കൂടിയാണ് വള്ളസദ്യ. അഭീഷ്ടസിദ്ധിക്ക് നടത്തുന്ന വഴിപാട് കൂടിയാണിത്.
അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്. ഇപ്പോഴിതാ വള്ളസദ്യ വഴിപാട് കഴിപ്പിക്കാനെത്തിയ നടൻ ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ആഗ്രഹ സഫലീകരണത്തിനായിട്ടാകണം താരം വള്ളസദ്യ നടത്തിയത്.

പള്ളിയോടത്തിൽ മുത്തുകുടയും ചൂടി മുണ്ടും നേര്യതും ധരിച്ച് ഭക്തിയോടെ നിൽക്കുന്ന ദിലീപിന്റെ ചിത്രങ്ങൾ വൈറലാണ്. സുഹൃത്ത് ശരത്തിനും കറുത്തമുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ പ്രേമിക്കും ഒപ്പമാണ് ചടങ്ങിൽ ദിലീപ് പങ്കെടുത്തത്. വഴിപാടിനായി ക്ഷേത്രത്തിലെത്തിയ ദിലീപ് എല്ലാവർക്കും ദക്ഷിണയും നൽകി.
ദിലീപിന്റെ കഴുത്തിൽ ഒരു കറുത്ത സഞ്ചിയും അതിൽ നിന്നും പുത്തൻ നോട്ടുകൾ ഇടയ്ക്കിടെ എടുത്ത് ഓരോരുത്തർക്കായി നൽകുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാമായിരുന്നു. നടന്‍ എത്തിയതറിഞ്ഞ് ഒട്ടേറെ ആരാധകരും ക്ഷേത്രത്തിലെത്തിയിരുന്നു.
വള്ളസദ്യയുടെ ആദ്യ ചടങ്ങ് മുതല്‍ ദിലീപ് പങ്കെടുത്തു. രാവിലെ ആനക്കൊട്ടിലില്‍ നിലവിളക്ക് തെളിയിച്ചു. ഉച്ചയോടെ പള്ളിയോടത്തില്‍ കയറി ക്ഷേത്രത്തിന്‍റെ വടക്കേ കടവില്‍ അടുത്തു. ഉമയാറ്റുകര പള്ളിയോടത്തിനായിരുന്നു ദിലീപിന്‍റെ വഴിപാട് വള്ളസദ്യ. വലിയ ഈശ്വര ഭക്തി ഹൃദയത്തിലുള്ളയാളാണ് ദിലീപ്. ക്ഷേത്ര സന്ദർശനം ദിലീപിന്റെ പതിവാണ്.
അടുത്തിടെ ഗുരുവായൂരിൽ എത്തി ദർശനം നടത്തുന്ന ദിലീപിന്റെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. വള്ളസദ്യ നടത്തുന്ന ദിലീപിന്റെ ചിത്രങ്ങൾ വൈറലായതോടെ നിരവധി പേർ പോസിറ്റീവും നെഗറ്റീവുമായ കമന്റുകളുമായി എത്തി. വിവാദങ്ങളിൽ ഉൾപ്പെട്ടശേഷം ദിലീപിന് ഈശ്വര ഭക്തി വർധിച്ചുവെന്നായിരുന്നു ചിലരുടെ കമന്റ്.

മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത് നടി പ്രേമിക്കും ദിലീപിനും ഇടയിൽ എങ്ങനെ സൗഹൃദമുണ്ടായി എന്നതായിരുന്നു. പ്രശസ്ത ജോത്സ്യനാണ് പ്രേമിയുടെ ഭർത്താവ് വിനീത്. ഒരുപക്ഷെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആയിരിക്കാം വള്ളസദ്യ നടത്താമെന്ന തീരുമാനത്തിലേക്ക് ദിലീപ് എത്തിയത് എന്നായിരുന്നു ചിലരുടെ നിഗമനം.
വള്ളസദ്യയുണ്ട് ആറന്‍മുള ഭഗവാനെ തൊഴുത് മനസ് നിറഞ്ഞെന്നാണ് ചടങ്ങ് കഴിഞ്ഞ് മടങ്ങാനൊരുങ്ങിയപ്പോൾ ദിലീപ് പറഞ്ഞത്. അതേസമയം അടുത്തിടെ തിയേറ്ററിലെത്തിയ ദിലീപ് സിനിമ വോയ്സ് ഓഫ് സത്യനാഥൻ വലിയ വിജയമായിരുന്നു.
റാഫി സംവിധാനം ചെയ്ത സിനിമയിൽ വീണയായിരുന്നു നായിക. ബാന്ദ്രയാണ് ഇനി റിലീസിന് എത്താനുള്ള ദിലീപ് സിനിമ. രാമ ലീല എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബാന്ദ്ര. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ബാന്ദ്രയുടെ നിർമ്മാണം വിനായക അജിത്താണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഉദയ കൃഷ്ണയാണ്. ഈ വർഷം സിനിമ തീയേറ്ററുകളിൽ എത്തിയേക്കും.


Click it and Unblock the Notifications