'അദ്ദേഹത്തിന്റെ കാലം കഴിഞ്ഞുവെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ്'; ഖത്തറിൽ ദിലീപിനെ കാണാൻ എത്തിയത് ജനസാഗരം!
ഒരുപക്ഷെ മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജോണർ ആയിരിക്കും കോമഡി എന്റർടെയ്നർ. ആദ്യാവസാനം പ്രേക്ഷകനെ ചിരിപ്പിച്ച് രസിപ്പിക്കുന്ന സിനിമകൾ കിട്ടാൻ ഇന്ന് ഒരുപാട് കാത്തിരിക്കേണ്ട അവസ്ഥയാണ്. സിനിമ കാണാൻ വരുന്ന ഭൂരിഭാഗം പേരും ജീവിതത്തിലെ പ്രശ്നങ്ങൾ കുറച്ച് നേരത്തേക്ക് മറന്ന് ചിരിക്കാനും സന്തോഷിക്കാനുമായി വരുന്നവരാണ്.
അവർക്ക് വേണ്ടതും അത്തരത്തിലുള്ള എന്റർടെയ്ൻമെന്റ് സമ്മാനിക്കുന്ന സിനിമകൾ തന്നെയാണ്. അല്ലാതെ സങ്കീർണമായ കഥകളോ സ്റ്റൈലിഷ് മേക്കിങോ അല്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്തരത്തിലുള്ള എത്ര ചിത്രങ്ങൾ ഇറങ്ങി എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.
എണ്ണമെടുത്താലും വിരലിലെണ്ണാവുന്നവ മാത്രമെ ഉണ്ടാകൂ. ബിഗ് സ്ക്രീനിൽ ദിലീപ് എന്ന നടനെ കാണാതെയായതോടെയാണ് എന്റർടെയ്ൻമെന്റ് സമ്മാനിക്കുന്ന സിനിമകൾ കുറഞ്ഞതെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. ദിലീപ് ഒരു ബ്രാൻഡാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരമായ ജനപ്രിയ ബ്രാൻഡ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തരത്തിന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ പ്രശ്ങ്ങളും വിവാദങ്ങളും കാരണം ദിലീപ് സിനിമകൾ സംഭവിക്കാതെയായി.

പണ്ടൊക്കെ ഫെസ്റ്റിവൽ സീസണുകളിൽ തിയേറ്ററുകൾ പൂരപ്പറമ്പാക്കിയിരുന്നത് ദിലീപ് സിനിമകൾ ആയിരുന്നു. രണ്ടായിരത്തിനുശേഷം റിപ്പീറ്റ് വാല്യൂവുള്ള സിനിമകളും തിയേറ്ററിൽ എല്ലാ പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തിയ സിനിമകളും ഏറ്റവും കൂടുതലുള്ളത് ദിലീപിന്റെ പേരിലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ലൊരു വിജയം ലഭിച്ച സിനിമ ദിലീപിന്റെ പേരിൽ ഉണ്ടായിട്ടില്ല.
അതുകൊണ്ട് തന്നെ സ്വകാര്യ ജീവിതത്തിലെ കറകൾ ദിലീപിന്റെ കരിയറിനെയും ബാധിച്ചുവെന്ന് വിമർശകർ പറഞ്ഞു. ഇനിയുള്ള കാലം മലയാള സിനിമയിൽ ദിലീപിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് താരം പുതിയ സിനിമകൾ പ്രഖ്യാപിക്കുമ്പോൾ വരാറുള്ള പ്രധാന വിമർശനം.
എന്നാൽ ജനപ്രിയനെന്ന ടാഗ് ലൈൻ മലയാളി മറ്റാർക്കും കൊടുത്തിട്ടില്ലെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ദിലീപിന്റെ ഖത്തറിൽ നിന്നുള്ള വീഡിയോ. ഏറ്റവും പുതിയ സിനിമ വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷനായി ഖത്തറിൽ എത്തിയ ദിലീപിന് ഗംഭീര സ്വീകരണമാണ് പ്രവാസി മലയാളികൾ നൽകിയത്. പ്രമോഷൻ പരിപാടി സംഘടിപ്പിച്ച മാളിന്റെ രണ്ടുനില നിറയെ മലയാളികൾ തിങ്ങി നിറഞ്ഞു.
ഖത്തർ ഇളക്കി മറിച്ച ശേഷമാണ് വോയ്സ് ഓഫ് സത്യനാഥൻ ടീം മടങ്ങിയത്. ദിലീപിന്റെ കാലം കഴിഞ്ഞുവെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഖത്തറിൽ തടിച്ച് കൂടിയ ജനസാഗരമെന്ന് തലക്കെട്ട് നൽകിയാണ് നടന്റെ ഖത്തറിൽ നിന്നുള്ള വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

ഏത് പ്രതിസന്ധി വന്നാലും ദിലീപിന് ലഭിക്കുന്ന ജനസ്വീകാര്യത കുറയില്ലെന്നും വീഡിയോ വൈറലായതോടെ ആരാധകർ കുറിച്ചു. പെട്ടന്നൊന്നും ദിലീപ് ഫീൽഡ് ഔട്ടാകുമെന്ന് വിമർശകർ കരുതേണ്ടെന്നും കമന്റുകളുണ്ട്. വളരെ നാളുകൾക്ക് ശേഷം തന്റെ ഒരു സിനിമ തിയേറ്റർ റിലീസിന് എത്തുവെന്നതുകൊണ്ട് തന്നെ കേരളത്തിന് അകത്തും പുറത്തും സജീവമായി വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷൻ നടത്തുന്നുണ്ട് ദിലീപ്.
വോയ്സ് ഓഫ് സത്യനാഥൻ ഒരു ഫൺറൈഡ് സിനിമയായിരിക്കുമെന്നാണ് ദിലീപ് പറഞ്ഞത്. എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും താരം പറയുന്നു. ദിലീപ് എന്ന നടന്റെ തിരിച്ചുവരവ് വോയ്സ് ഓഫ് സത്യനാഥനിലൂടെ സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന സിനിമയാണ് വോയിസ് ഓഫ് സത്യനാഥൻ. ചിത്രം ജൂലായ് 14ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിൽ ഭാഗമായിട്ടുണ്ട്.


Click it and Unblock the Notifications