'അച്ഛൻ എന്നെ നോക്കി വല്ലപ്പോഴുമാണ് ചിരിച്ചിരുന്നത്, പക്ഷെ മക്കളോട് ഞാൻ പെരുമാറുന്നത് സുഹൃത്തിനെപ്പോലെ'
ഗോകുലം ഗോപാലൻ എന്ന പേര് മലയാളികൾക്ക് സുപരിചിതമാണ്. സിനിമ നിർമാണം, വിതരണം, ബിസിനസ് എന്നിവയിലൂടെ എല്ലാം ഗോകുലം എന്ന പേര് എപ്പോഴും മുഴങ്ങി കേൾക്കാം. ഗോകുലം ഗോപാലൻ ഇന്ന് ലോകം അറിയുന്ന ബിസിനസ്മാനാണ്. സിനിമാ നിർമാണ രംഗത്തും ഡിസ്റ്റ്ട്രിബ്യൂഷൻ രംഗത്തുമെല്ലാ ശോഭിയ്ക്കുന്ന ഗോകുലം ഗോപാലൻ സ്വപ്രയത്നം കൊണ്ടു നേടിയെടുത്തതാണ് എല്ലാം.
ഒപ്പം വിവിധ ഇടങ്ങളിലായി സ്കൂളുകളും ഗോകുലം ഗ്രൂപ്പ്സിന്റെ കീഴിലുണ്ട്. അത്തരത്തിൽ കോഴിക്കോട് പ്രവർത്തിക്കുന്ന സ്കൂളാണ് ഗോകുലം ഗ്രൂപ്പ്സിന്റെ ഗോകുലം പബ്ലിക്ക് സ്കൂൾ. സ്കൂളിന്റെ വാർഷികാഘോഷത്തിൽ ഇത്തവണ അതിഥിയായി എത്തിയത് നടൻ ദിലീപാണ്. ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങിൽ മുഖ്യാതിഥിയായി ദിലീപ് എത്തിയത്.

തന്റെ അടുത്ത സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനാണെന്നും അതുകൊണ്ട് തന്നെ ക്ഷണം തള്ളികളായാൻ ആയില്ലെന്നും ദിലീപ് പറഞ്ഞു. മറ്റുള്ള എല്ലാ തിരക്കുകളും മാറ്റിവെച്ചാണ് താൻ കോഴിക്കോടേക്ക് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതെന്നും ദിലീപ് ചടങ്ങിൽ സംസാരിക്കവെ പറഞ്ഞത്. ഇന്നത്തെ തലമുറയിലുള്ള കുഞ്ഞുങ്ങൾ എല്ലാം കൊണ്ടും ഭാഗ്യവാന്മാരാണെന്നും താരം ചടങ്ങിൽ പ്രസംഗിക്കവെ പറഞ്ഞു.
ഒപ്പം സ്കൂൾ കാലത്തെ അനുഭവങ്ങളും താരം പങ്കിട്ടു. 'സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ പോകാൻ താൽപര്യമില്ലായിരുന്നു എനിക്ക്. എന്നാൽ വളർന്ന് കഴിഞ്ഞ് സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളെ കാണാൻ തുടങ്ങിയപ്പോഴാണ് എന്റെ സ്കൂൾ ഞാൻ നന്നായി എഞ്ചോയ് ചെയ്തില്ലല്ലോയെന്ന തോന്നൽ എനിക്ക് വന്ന് തുടങ്ങിയത്.'
'ഒരു മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് സ്കൂൾ കാലഘട്ടത്തിലാണ്. എങ്ങനെയാണ് ഗോപാലേട്ടൻ മനസുകൊണ്ട് ചെറുപ്പമായിരിക്കുന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്. മനസുകൊണ്ട് അദ്ദേഹത്തിന് എപ്പോഴും ചെറുപ്പമാണ്. നമ്മൾ നരച്ച മുടി കറുപ്പിക്കുന്നത് പോലെ അദ്ദേഹം കറുത്ത മുടി നരപ്പിച്ചതാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.'
'അത്രത്തോളം ചെറുപ്പം അദ്ദേഹം മനസിൽ സൂക്ഷിക്കുന്നു. ഭാവിതലമുറയെ വാർത്തെടുക്കുന്ന ഒരുപാട് ഇൻസ്റ്റിറ്റ്യൂഷന്റെ ചെയർമാനാണ് അദ്ദേഹം. അത് അദ്ദേഹത്തിന്റെ വിഷനാണ്. മാത്രമല്ല അഭിനയിക്കണമെന്ന ആഗ്രഹം ഇപ്പോൾ സാധിച്ച് എടുക്കുന്നുമുണ്ട്. പഴയ തലമുറയെക്കാൾ ഇന്നത്തെ തലമുറയ്ക്കുള്ള പ്രത്യേകത എല്ലാവരും ടാലന്റഡാണ് എന്നതാണ്.'

'ഞാൻ നേരത്തെ സിനിമയിൽ വന്നത് നന്നായി എന്നാണ് ഇന്നത്തെ കുട്ടികളുടെ ടാലന്റ് കാണുമ്പോൾ എനിക്ക് തോന്നാറ്. ഈ പ്രായം നിങ്ങൾ എഞ്ചോയ് ചെയ്യണമെന്നാണ് കുട്ടികളോട് എനിക്ക് പറയാനുള്ളത്. ഇന്ന് ഇവിടെ നിന്നും ഏറ്റവും കൂടുതൽ കയറ്റി അയക്കപ്പെടുന്നത് തലച്ചോറാണ്. പുറത്തേക്ക് പഠിക്കാനും മറ്റും പോകുന്നവർ ഇപ്പോൾ തിരികെ നമ്മുടെ രാജ്യത്തേക്ക് വരുന്നില്ല. അങ്ങനെ വന്നാലെ നമ്മുടെ ഭാരതം ഉയരൂവെന്നും', ദിലീപ് പറഞ്ഞു.
താനും അച്ഛനും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ദിലീപ് വിദ്യാർത്ഥികളോട് സംസാരിച്ചു. തന്റെ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറിയിട്ടില്ലെന്നും അടുത്തിടപഴകി വന്നപ്പോഴേക്കും അച്ഛൻ തന്നെവിട്ട് പോയി എന്നുമാണ് ദിലീപ് പറഞ്ഞത്. 'അച്ഛൻ എന്നോട് ഫ്രീയായി ഇടപഴകിയിരുന്നെങ്കിലെന്ന് ഞാൻ ചിന്തിച്ചിരുന്നു.'
'കാരണം അച്ഛനോട് എനിക്ക് എപ്പോഴും ഭയമായിരുന്നു. അച്ഛൻ എന്നെ നോക്കി വല്ലപ്പോഴുമാണ് ചിരിച്ചിരുന്നത്. ഞാൻ വലുതായി സിനിമയിലൊക്കെ വന്നശേഷം ഒരുപാട് ശ്രമിച്ച് അച്ഛനെ എന്റെ സുഹൃത്താക്കി മാറ്റി ഇടപഴകി തുടങ്ങിയത്. പക്ഷെ അപ്പോഴും അച്ഛൻ ഞങ്ങളെ വിട്ടുപോയി. പക്ഷെ ഇന്ന് ഞാൻ എന്റെ മക്കളെ വളർത്തുന്നത് എന്റെ സുഹൃത്തുക്കളെപ്പോലെയാണ്. അതുകൊണ്ട് തന്നെ അവർ എന്തും എന്റെ അടുത്ത് വന്ന് തുറന്ന് പറയും. മക്കൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ ഞാൻ വീണ്ടും ചെറുപ്പമാകുമെന്നും', ദിലീപ് പറയുന്നു.


Click it and Unblock the Notifications











