'ചിത്രയെ കണ്ടപ്പോൾ കെ.എസ് ബീനയ്ക്ക് ഖേദം തോന്നിക്കാണും, ചിത്ര സങ്കടം പുറത്ത് കാണിക്കാറില്ല'; ദിനേശ് പണിക്കർ!
1977 മുതൽ തുടർച്ചയായി അഞ്ച് വർഷം യൂണിവേഴ്സിറ്റി കലോത്സവത്തിൽ ലളിത ഗാനത്തിൽ ഒന്നാമതെത്തിയ കെ.എസ് ബീനയെ ചിലരെങ്കിലും ഇന്നുമോർക്കുന്നുണ്ടാകും. തിരുവനന്തപുരത്തെ പഴയ തലമുറയ്ക്ക് കെ.എസ് ചിത്രയെന്നാൽ കരമന കൃഷ്ണൻ നായരുടെ മകളാണ്.
ആ അച്ഛന് പാട്ടിലൂടെ കിട്ടാതതെന്താണോ അതാണ് ചിത്രയിലൂടെ യാഥാർഥ്യമായതെന്നാണ് ചേച്ചി കെ.എസ് ബീന വിശ്വസിക്കുന്നത്. തന്റെ ജന്മപുണ്യമാണ് അനിയത്തിയെന്ന് പറയുവാനാണ് കെ.എസ് ബീനയ്ക്കിഷ്ടം.
ചിത്രയെ പോലെ പാട്ട് പരിശീലിച്ചിരുന്നെങ്കിൽ കെ.എസ് ബീനയും ഇന്ന് അറിയപ്പെടുന്ന ഗായികയായി മാറുമായിരുന്നു. എം.ജി രാധാകൃഷ്ണന്റെ ശിഷ്യയായിരുന്നു കെ.എസ് ചിത്രയെപ്പോലെ തന്നെ കെ.എസ് ബീനയും. സ്നേഹപൂർവം മീര എന്ന ചിത്രത്തിൽ ചിത്രയ്ക്കൊപ്പം ബീനയും പാടിയിട്ടുണ്ട്. തകിലുകൊട്ടാമ്പുറം, താരുണ്യം, താറാവ് തുടങ്ങിയ ചിത്രങ്ങളിലും ഗാനമാലപിച്ചു.

എച്ച്.ഹരിഹരൻ, പ്രഭാകര വർമ്മ, കെ.ഓമനക്കുട്ടി തുടങ്ങിയ പ്രഗത്ഭരുടെ കീഴിലായിരുന്നു സംഗീത പഠനവും. ആകാശവാണിയിലും ഒട്ടേറെ പ്രാവശ്യം ലളിത സുന്ദര സ്വരവുമായി ബീന പാടിയിട്ടുണ്ട്. കെ.എസ് ബീനയും ചിത്രയ്ക്കൊപ്പം പാട്ടിൽ ശോഭിച്ചിരുന്നെങ്കിൽ മലയാളത്തിലെ ലതാ മങ്കേഷ്കർ-ആശാ ഭോസ്ലെ കൂട്ടുകെട്ടായി അത് മാറുമായിരുന്നുവെന്ന് പറയുകയാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ.
അദ്ദേഹം സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് കെ.എസ് ചിത്രയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചത്. 'കെ.എസ് ബീനയ്ക്ക് പാടാനായി താൽപര്യമില്ലായിരുന്നു. നാല്, അഞ്ച് പാട്ടുകൾ പാടിയശേഷം കെ.എസ് ബീന പിന്നണി ഗായിക എന്ന ജോലി ഉപേക്ഷിച്ചു.'
'ആ കുറച്ച് പാട്ടുകൾ കെ.എസ് ബീനയെ കൊണ്ട് പാടിക്കാൻ നന്നേ പാടുപെട്ടു. അവർക്ക് അതിനോട് താൽപര്യമില്ലായിരുന്നുവെന്നതാണ് കാരണം. ശേഷം ബീന വിവാഹിതയായി. പിന്നീട് വിദേശത്തേക്ക് പോയതുകൊണ്ട് പാട്ട് എന്ന കാര്യം ബീനയുടെ ജീവിതത്തിൽ സംഭവിച്ചില്ല. നമുക്ക് കിട്ടേണ്ട മണിമുത്തായിരുന്നു ബീന. ശേഷമാണ് കെ.എസ് ചിത്രയുടെ ഉദയം.'
'വിവാഹം കഴിഞ്ഞശേഷവും ഭർത്താവിന്റെ പിന്തുണ കെ.എസ് ചിത്രയുടെ പാട്ടിന് വളരെ അധികം ലഭിച്ചു. ചിത്രയുടെ ടാലന്റ് ഭർത്താവ് നന്നായി മനസിലാക്കി. പിന്നീട് കേരളത്തിൽ വരുമ്പോൾ തങ്ങളെ പാട്ട് പഠിപ്പിച്ച അധ്യാപികയെ ഇരുവരും ഒരുമിച്ച് ചെന്ന് സന്ദർശിക്കാറുണ്ടായിരുന്നു.'

'ആ സമയങ്ങളിൽ ചിത്രയുടെ വളർച്ച കണ്ട് സ്വന്തം കഴിവ് പരിപോഷിപ്പിക്കാതിരുന്നതിൽ ബീനയ്ക്ക് ചെറിയ ഖേദം തോന്നിയതായും പറയപ്പെടുന്നുണ്ടെന്നും', ദിനേശ് പണിക്കർ പറയുന്നു. നിരവധി സ്റ്റേജ് ഷോകൾ കെ.എസ് ചിത്രയെ കൂടി ഉൾപ്പെടുത്തി ദിനേശ് പണിക്കർ ചെയ്തിട്ടുണ്ട്. കെ.എസ് ചിത്ര മറ്റുള്ളവരോട് കാണിക്കുന്ന പെരുമാറ്റം തന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ടെന്നും ദിനേശ് പണിക്കർ പറയുന്നു.
'കുഞ്ഞ് നഷ്ടപ്പെട്ടപ്പോൾ ചിത്രയും കുടുംബവും അനുഭവിച്ച വേദന നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ഒരിക്കൽ പോലും ആ വിഷമം വേദിയിൽ വെച്ച് ചിത്ര മറ്റുള്ളവരെ അറിയിച്ചിട്ടില്ല. എല്ലാം ഉള്ളിലൊതുക്കാനും ആളുകൾക്ക് മുമ്പിൽ ചിരിച്ച് നിൽക്കാനും ആരാധകർക്ക് മുമ്പിൽ താഴ്മയോടെ നിൽക്കാനും ചിത്രയ്ക്ക് അറിയാം.
'ഒരിക്കൽ വിദേശത്ത് പരിപാടി അവതരിപ്പിക്കാൻ പോയപ്പോൾ അസുഖം ബാധിച്ച് ക്ഷീണം അനുഭവിച്ചിട്ടും ഗാനം ആലപിച്ചശേഷം കാണാനും പരിചയപ്പെടാനും എത്തിയവർക്കൊപ്പം മടി കൂടാതെ ചിത്ര സമയം ചിലവഴിച്ചുവെന്നും', ദിനേശ് പണിക്കർ പറയുന്നു. മകളുടെ മരണത്തോടുകൂടി പിന്നണി ഗാനരംഗത്ത് നിന്നും കെ.എസ് ചിത്ര മാറി നിന്നിരുന്നു. 'തിരിച്ചുവരാന്‍ കഴിയുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല.'
'എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരുപാടാളുകള്‍ ദിവസങ്ങളോളം എന്റെ വീട്ടിലേക്ക് പ്രസാദം അയക്കുമായിരുന്നു. എന്നെ ഒരുപാട് പേര്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. എന്റെ തിരിച്ചുവരവില്‍ എന്നെ സഹായിച്ചവരോട് എനിക്കൊരുപാട് നന്ദിയുണ്ട്', എന്നാണ് അടുത്തിടെ സങ്കടം നിറഞ്ഞ കാലത്തെ കുറിച്ച് ഓർത്തെടുത്ത് ചിത്ര പറഞ്ഞത്.


Click it and Unblock the Notifications











