'വിക്രം അന്ന് ഒരു ലക്ഷം രൂപ ചോദിച്ചിട്ട് കൊടുക്കാൻ പറ്റാത്ത സങ്കടം എനിക്ക് ഇപ്പോഴും ഉണ്ട്'; ദിനേശ് പണിക്കർ!
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി അഭിനയത്തില്‍ സജീവമാണ് ദിനേശ് പണിക്കര്‍. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും അദ്ദേഹം കൈവെച്ചിരുന്നു. അപ്രതീക്ഷിതമായി കൈ പൊള്ളിയതിനെക്കുറിച്ചും അതില്‍ നിന്നും കരകയറിയതിനെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.
യുട്യൂബ് ചാനലിലൂടെയും അദ്ദേഹം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ മാത്രമാണ് ദിനേശ് പണിക്കരുടെ ശ്രദ്ധ. നിർമാണം കുറച്ച് കാലത്തേയ്ക്ക് വേണ്ടെന്ന നിലപാടിലാണ് ദിനേശ് പണിക്കർ.
കിരീടം പോലുള്ള സിനിമകൾ നിർമിച്ചിട്ടുള്ള ദിനേശ് ഇടയ്ക്ക് താരങ്ങളുടെ സ്റ്റേജ് ഷോകൾ വിദേശ രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്മെന്റും നടത്തിയിരുന്നു. സിനിമ നിർമിച്ച് ഉണ്ടായ ചില നഷ്ടങ്ങൾ ദിനേശ് നികത്തിയും ഇവന്റ് മാനേജ്മെന്റ് ചെയ്ത് തുടങ്ങിയ ശേഷമാണ്. വളരെ വർഷങ്ങളായി സിനിമയിൽ സജീവമാണ് എന്നതുകൊണ്ട് തന്നെ മോഹൻലാൽ അടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളുടെയും അടുത്ത സുഹൃത്താണ്.

അത്തരത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രവുമായുള്ള സൗഹൃദത്തെ കുറിച്ച് ദിനേശ് പണിക്കർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വർഷങ്ങൾക്ക് മുമ്പ് വിക്രം ഒരു ലക്ഷം രൂപ ചോദിച്ചിട്ട് കൊടുക്കാൻ പറ്റാത്ത സങ്കടം തനിക്ക് ഇപ്പോഴുമുണ്ട് എന്നാണ് ദിനേശ് പണിക്കർ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
'തുടക്കം മുതൽ ഇന്ന് വരെയും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ് നടൻ വിക്രം. രജപുത്രൻ എന്ന സിനിമയിൽ വിക്രം അഭിനയിച്ചിരുന്നു. അമ്പത് ദിവസത്തോളം വിക്രം ആ സിനിമയുടെ ഭാഗമായിരുന്നു. അത്രത്തോളം സ്നേഹമുള്ള ഒരാളാണ്.'
'എവിടെ വെച്ച് കണ്ടാലും ആ സ്നേഹം കാണിക്കുകയും ചെയ്യും. അതേസമയം എനിക്ക് വിക്രത്തിന്റെ കാര്യത്തിൽ ഒരു റിഗ്രറ്റുണ്ട്. ഉദയപുരം സുൽത്താനിലെ പാട്ടിന്റെ ഷൂട്ടിങ് ചെന്നൈയിൽ നടക്കുന്ന സമയമാണ്. ഒരു ദിവസം എന്നെ കാണാൻ വിക്രം അവിടെ വന്നു. അന്ന് എനിക്ക് ഡിസ്ട്രിബ്യൂഷൻ ഉള്ള സമയമാണ്. ഉദയപുരം സുൽത്താന്റെ ഡിസ്ട്രിബ്യൂഷനും ഞാൻ തന്നെയായിരുന്നു.'
'വിക്രം വന്ന് എന്നോട് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ഡിസ്ട്രിബ്യൂഷൻ ഒരു ലക്ഷം രൂപയ്ക്ക് എടുക്കാമോയെന്ന് ചോദിച്ചു. എടുക്കാമോയെന്ന് കുറേ തവണ അദ്ദേഹം എന്നോട് ചോദിച്ചു. പക്ഷെ എനിക്ക് അത് എടുക്കാൻ നിവർത്തിയുണ്ടായിരുന്നില്ല.'

'കാരണം ഞാൻ കടത്തിന്മേൽ കടം കയറി നിൽക്കുന്ന സമയമായിരുന്നു. ഒപ്പിച്ച് കൂട്ടിയാണ് ഉദയപുരം സുൽത്താൻ എടുത്തുകൊണ്ടിരിക്കുന്നത്. അതിനിടയിൽ ഒരു ലക്ഷം മറിക്കാൻ എന്റെ കയ്യിൽ ഇല്ലായിരുന്നു. വിക്രം നിരന്തരമായി നിർബന്ധിച്ചപ്പോൾ ഞാൻ അദ്ദേഹത്തെ കെട്ടിപിടിച്ച് എന്റെ കയ്യിൽ കാശില്ലെന്നത് പറഞ്ഞു. അതുകേട്ട് പിന്നെ നിർബന്ധിക്കാതെ വിക്രം പോയി.'
'അന്ന് വിക്രം ഡിസ്ട്രിബ്യൂഷൻ എടുക്കാമോയെന്ന് ചോദിച്ച സിനിമ സേതുവായിരുന്നു. ആ ഒരു സിനിമയോടെയാണ് വിക്രത്തിന്റെ കരിയർ മാറിയത്. പിന്നീട് ഞാൻ ആലോചിച്ചിരുന്നു. ആ ഒരു ലക്ഷം കടം മേടിച്ച് സേതുവിന്റെ ഡിസ്ട്രിബ്യൂഷൻ എടുത്തിരുന്നെങ്കിൽ വിക്രവുമായുള്ള സൗഹൃദം കുറച്ച് കൂടി സ്ട്രോങാകുമായിരുന്നുവെന്ന്.'
'വിക്രത്തെ വെച്ചൊരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ നമ്മുടെ കയ്യിൽ ഒതുങ്ങില്ലെന്നും', വിക്രവുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് ദിനേശ് പണിക്കർ പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ആരാധിക്കുന്ന തമിഴ് നടനാണ് വിക്രം. ധ്രുവം അടക്കമുള്ള സിനിമയിലെ വിക്രത്തിന്റെ പ്രകടനം മലയാളിക്ക് മറക്കാൻ സാധിക്കില്ലല്ലോ. അടുത്ത കാലത്ത് കേരളത്തിൽ വന്ന് മകൻ ധ്രുവിനൊപ്പം മാസ് കാണിച്ച് ആരാധകരുടെ കയ്യടി നേടിയിരുന്നു വിക്രം.


Click it and Unblock the Notifications