വലിയൊരു പ്രതികാരം ചെയ്ത സുഖത്തിലാണ് ഞാനിപ്പോള്‍! സിനിമ തകര്‍ത്ത ജീവിതത്തെ കുറിച്ച് നടന്‍ റോണി
മധുര പ്രതികാരം പോലെ നിറവേറപ്പെടുന്ന ചില സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമൊക്കെ എല്ലാവരുടെയും ജീവിതത്തിലുണ്ടാവും. അത്തരത്തില്‍ തന്റെ ജീവിതത്തിലുണ്ടായ മധുരപ്രതികാരത്തെ കുറിച്ച് നടനും ഡോക്ടറുമായ റോണി ഡേവിഡ് രാജ് തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമാ കാരണം തങ്ങളുടെ ജീവിതം ഒന്നാകെ തകര്‍ന്ന് പോയെന്നും പിന്നെ അതേ സിനിമയിലൂടെ തന്നെ ജീവിതം തിരികെ പിടിച്ചതിനെ കുറിച്ചുമാണ് നടന്‍ സംസാരിച്ചത്.
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴാണ് റോണി മനസ് തുറന്നത്. തന്റെ പിതാവ് നിര്‍മ്മിച്ച സിനിമ വന്‍പരാജയപ്പെട്ടതിനെ കുറിച്ചായിരുന്നു ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ റോണി പറഞ്ഞത്. ഇപ്പോള്‍ സഹോദരന്‍ റോബി സിനിമാ സംവിധാനത്തിലേക്ക് എത്തിയതോടെ സഹോദരന്മാര്‍ ചേര്‍ന്നാണ് പ്രതികാരം വീട്ടിയത്.

മക്കള്‍ ചേര്‍ന്ന് സിനിമയിലൂടെ വിജയം നേടി തന്നെങ്കിലും അത്ര സന്തുഷ്ടനല്ല, റോണിയുടെയും റോബിയുടെയും പിതാവ് രാജന്‍. എന്തൊക്കെയായലും മകന്‍ സിനിമയിലേക്ക് വന്നത് ഇപ്പോഴും ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും അതിന്റെ കാരണമെന്താണെന്നും താരപിതാവും സൂചിപ്പിച്ചിരിക്കുകയാണ്.
'വലിയൊരു പ്രതികാരം ചെയ്ത സുഖത്തിലാണ് ഇപ്പോള്‍ ഞങ്ങളെല്ലാമെന്നാണ് റോണി പറയുന്നത്. എന്റെ സഹോദരന്‍ റോബി വര്‍ഗീസ് രാജാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ തിരക്കഥയ്ക്ക് പുറമേ താനും നല്ലൊരു വേഷം ചെയ്തു. മുപ്പത്തിനാല് വര്‍ഷം മുന്‍പ് മമ്മൂക്കയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത മഹായാനം എന്ന സിനിമ നിര്‍മ്മിച്ചത് തന്റെ പിതാവ് ടിഎസ് രാജനാണ്.
പിടിപ്പുകോടും നിര്‍ഭാഗ്യവും കൊണ്ട് ആ സിനിമ കാരണം അച്ഛന് വലിയ നഷ്ടങ്ങളാണ് ഉണ്ടായതെന്ന് റോണി പറയുന്നു. അച്ഛന്റെ തിയേറ്ററായിരുന്ന താവൂസില്‍ തൊഴിലാളി സമരം കൂടി വന്നതോടെ അതും പൂട്ടേണ്ടി വന്നു. അങ്ങനെ അച്ഛന്‍ വലിയ കടക്കെണിയിലായി. നില്‍ക്കള്ളിയില്ലാതെ വന്നപ്പോഴാണ് വീട് വിറ്റ് നാട് വിടേണ്ടി വന്നത്.

അങ്ങനൊരു ചരിത്രമുള്ളപ്പോഴാണ് മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം മഹായാനം സിനിമയിലേ അതേ നായകനെ വെച്ച് ഞങ്ങളൊരു സിനിമ ചെയ്തത്. മാത്രമല്ല ചിത്രം നല്ല രീതിയില്‍ ഓടുകയും ചെയ്യുന്നുണ്ട്. ഇതിനേക്കാള്‍ വലിയൊരു പ്രതികാരം സ്വപ്‌നത്തില്‍ പോലും ഉണ്ടാകില്ല. സിനമ കണ്ടതിന് ശേഷം താന്‍ സഹോദരന്‍ റോബിയെ കെട്ടിപ്പിടിച്ച് കരയുകയാണ് ചെയ്തതെന്നും', താരം കൂട്ടിച്ചേര്‍ത്തു.
മഹായാനം സിനിമയും താവൂസ് തിയറ്ററും സൃഷ്ടിച്ച പ്രതിസന്ധി ഞങ്ങളുടെ ജീവിതം തന്നെയാണ് മാറ്റി മറിച്ചത്. അന്ന് വീട് വിറ്റ് നാടു വിട്ട ഞങ്ങള്‍ക്ക് ഇതിനകം 19 വീടുകളില്‍ താമസിക്കേണ്ടി വന്നിട്ടുണ്ട്. ഒരു വീട് കൂടി വച്ചാല്‍ ട്വന്റി-ട്വന്റി ആയല്ലോ എന്ന് പറഞ്ഞ് കുട്ടികള്‍ കളിയാക്കാറുണ്ട്. പക്ഷെ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ഇവനെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കണമെന്നത് ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു'' എന്നാണ് റോണിയുടെ അമ്മ സൂസന്‍ പറയുന്നത്.
റോണി സിനിമാനടനാകണമെന്ന മോഹം പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നില്ല. സിനിമ തകര്‍ത്ത ജീവിതം മുന്നിലുള്ളപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണ് അതിലേക്ക് വിടുന്നതെന്നാണ് അമ്മയുടെ ചോദ്യം.
അവന്‍ സിനിമയിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ പേടിയായിരുന്നു. ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ പേടി കൂടി. പക്ഷെ സിനിമയിലൂടെ തന്നെ എല്ലാം നേടാമെന്ന വിശ്വസമായിരുന്നു അവന്. പുതിയ സിനിമയുടെ വിജയത്തോടെ അവന്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായിട്ടുണ്ടാകും. പക്ഷേ അവന്‍ ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് സിനിമാ നടനായത് ഇപ്പോഴും എനിക്കിഷ്ടമല്ലെന്നാണ് അച്ഛന്‍ രാജന്റെ അഭിപ്രായം.


Click it and Unblock the Notifications











