'ഐശ്വര്യ ചില വാക്കുകളൊക്കെ പറഞ്ഞുതരും ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ഭാഷ പഠിക്കാൻ പ്രത്യേക ടാലന്റുണ്ട്'; ദുൽഖർ!
പത്ത് വർഷത്തിലേറെയായി ഇന്ത്യൻ സിനിമയിൽ സജീവമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയെപ്പോെലെ ആകാൻ കഴിവൊന്നുമില്ലെന്നും വൈകാതെ ഫീൽഡ് ഔട്ട് ആകുമെന്നും പറഞ്ഞവരെ കൊണ്ട് എല്ലാം തിരുത്തി പറയപ്പിച്ച് ബോളിവുഡിൽ വരെ എത്തിനിൽക്കുകയാണ് ദുൽഖറിന്റെ സിനിമാ ജീവിതം.
ഇന്ത്യൻ സിനിമയിൽ തന്റെതായ ഇടം നേടിയെടുത്ത ദുൽഖർ ഹിന്ദി വരെ അനായാസമായി കൈകാര്യം ചെയ്യുകയും ഡബ്ബ് ചെയ്യുകയും ചെയ്യും ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവരുടെ മാതൃഭാഷയിൽ സംസാരിക്കാൻ ദുൽഖർ ശ്രമിക്കാറുണ്ട്.
എന്നാൽ തന്നെക്കാൾ ഭാഷ വശമാക്കാൻ കഴിവ് ലഭിച്ചിട്ടുള്ളത് മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് പോയ ഐശ്വര്യ ലക്ഷ്മി അടക്കമുള്ള നായികമാർക്കാണെന്നാണ് കിങ് ഓഫ് കൊത്ത പ്രമോഷനിടെ സംസാരിക്കവെ ദുൽഖർ സൽമാൻ പറഞ്ഞത്. മലയാളത്തിൽ സ്ക്രിപ്റ്റ് കിട്ടുമ്പോഴുള്ള സന്തോഷത്തെ കുറിച്ചും ദുൽഖർ വാചാലനായി.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അന്യ ഭാഷ സിനിമകളിൽ പ്രവർത്തിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ദുൽഖർ സംസാരിച്ചത്. 'മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ തിരിച്ച് വീട്ടിലേക്ക് വരുന്ന പോലെയാണ് എനിക്ക് തൊന്നാറ്. അത് ലൊക്കേഷന്‍ എവിടെയായാലും കുഴപ്പമില്ല. നമ്മുടെ ഭാഷയില്‍ സ്‌ക്രിപ്റ്റ് കിട്ടുമ്പോള്‍ എനിക്ക് ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ മതി.'
'എനിക്കതില്‍ വേറെ വലിയ പഠനമൊന്നും ആവശ്യമില്ല. ഏറ്റവും കംഫര്‍ട്ട് മലയാളത്തില്‍ തന്നെയാണ്. ഞാന്‍ ചെന്നൈയില്‍ വളര്‍ന്നതുകൊണ്ട് പിന്നെ എനിക്ക് ഫെമിലിയര്‍ തമിഴാണ്. പിന്നെ ഹിന്ദി. തെലുങ്ക് ആണ് എനിക്കിപ്പോഴും മുഴുവന്‍ അറിയാത്തത്.'
'തെലുങ്ക് മനസിലായി തുടങ്ങി. പറയാന്‍ പക്ഷെ നന്നായി അറിയില്ല. ഹൈദരാബാദ് പ്രൊമോഷനിലൊക്കെ ഐശ്വര്യ എനിക്ക് ചില വാക്കുകളൊക്കെ പറഞ്ഞ് തരും. നമ്മുടെ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ഭാഷ പഠിക്കാനെന്തോ പ്രത്യേക ടാലന്റുണ്ട്.'
'എനിക്കെത്ര ക്രെഡിറ്റ് തന്നിട്ടും കാര്യമില്ല. കാരണം സംയുക്തയാണെങ്കിലും ഐശ്വര്യയാണെങ്കിലും അനുപമയാണെങ്കിലുമൊക്കെ കോണ്‍ഫിഡന്റായിട്ട് സംസാരിക്കുകയും അഭിമുഖം കൊടുക്കുകയും അതും വെള്ളം പോലെ പറയുകയും ചെയ്യുമെന്നും', ദുൽഖർ പറയുന്നു. മലയാളത്തിൽ പ്രേമം ഹിറ്റായശേഷം തെലുങ്കിലേക്ക് പോയി മുൻനിര നടിയായി മാറിയിരുന്നു അനുപമ.

രണ്ട് സിനിമകൾ ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ അനുപമ മനോഹരമായി തെലുങ്ക് സംസാരിക്കാൻ തുടങ്ങിയിരുന്നു. തെലുങ്ക് വെള്ളം പോലെ പറയാൻ അറിയില്ലെങ്കിലും അഞ്ച് ഭാഷകളിൽ ദുൽഖർ സിനിമ ഡബ്ബ് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും തനിക്ക് അത്രയും ഭാഷകള്‍ ഇഷ്ടമാണാണെന്നുമാണ് താരം പറയുന്നത്.
പാൻ ഇന്ത്യൻ സിനിമയായിട്ടാണ് കിങ് ഓഫ് കൊത്ത തിയേറ്ററുകളിലേക്ക് എത്തുന്നത്. രണ്ട് മാസമായി ഡബ്ബിങും മറ്റുമായി തിരക്കിലായിരുന്നതിനാൽ കൃത്യമായി ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ലെന്നും അതിനാൽ കണ്ണുകളുടെ ക്ഷീണം അറിയാതെ ഇരിക്കാനാണ് പ്രമോഷനിൽ താൻ കണ്ണട ധരിച്ചതെന്നും ദുൽഖർ പറയുന്നു.
'പകല്‍ നടനും രാത്രി ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഞാൻ. ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഞാന്‍ ഡബ്ബ് ചെയ്തു. എനിക്ക് ശരിക്കും അത്രയും ഭാഷകള്‍ ഇഷ്ടമാണ്. ഏറ്റവും വൃത്തിയായി പറയാനും അല്ലെങ്കില്‍ അത് അത്രയും നാച്ചുറലാക്കി പറയാനൊക്കെ ശ്രമിക്കുന്നത് ഞാന്‍ എഞ്ചോയ് ചെയ്യുന്ന കാര്യമാണ്. ഓകെ കണ്‍മണി, സോളോ ഒക്കെ വേറെ വോയ്‌സിലാണ്.'
'ഓക്കെ പങ്കാരം നാനിയുടെ വോയ്‌സിലാണ് ചെയ്തത്. അത് കാണുമ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കുറച്ച് ഓഫ് ആയിട്ട് തോന്നി. എനിക്ക് തോന്നുന്നത് തന്നെ ഓഡിയന്‍സിനും തോന്നുമെന്നാണ് ഞാന്‍ കരുതുന്നത്. ചില സിനിമകള്‍ ഡേറ്റിന്റെ കാര്യം കൊണ്ട് ഡബ്ബ് ചെയ്യാന്‍ പറ്റാതെ വരാറുണ്ടെന്നും', ദുൽഖർ പറയുന്നു.


Click it and Unblock the Notifications