എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളെ കൈവിടരുത്; നടി ചിത്രയുടെ മകളെ പൊന്നുപോലെ സംരക്ഷിച്ച് സുഹൃത്തുക്കൾ!
സൂപ്പർ താരമോ താരറാണിയോ ഒന്നും ആയില്ലെങ്കിലും എക്കാലവും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്ന താരമായി മാറാൻ ചില അഭിനേതാക്കൾക്ക് സാധിച്ചിട്ടുണ്ട്. അതിൽ ഒരാളാണ് ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന നടി ചിത്ര. മോഹൻലാൽ സിനിമകളിലെ കഥാപാത്രങ്ങളാണ് ചിത്ര മലയാളികൾക്ക് സുപരിചിതയാക്കിയത്. ഒരുപാട് നായിക വേഷങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും ഇന്നും ഹിറ്റായി നിൽക്കുന്ന ചില ഗാനങ്ങളിൽ ചിത്ര ഭാഗമായിട്ടുണ്ട്.
അതിൽ ഒന്ന് ആട്ടകലാശത്തിലെ നാണമാവുന്നു മേനി നോവുന്നു എന്ന ഗാനമാണ്. മറ്റൊന്ന് മോഹൻലാൽ സിനിമ അദ്വൈതത്തിലെ നീലക്കുയിലെ ചൊല്ലൂവെന്ന് തുടങ്ങുന്ന ഗാനമാണ്. ശക്തമായ നിരവധി കഥാപാത്രങ്ങൾ ജീവൻ നൽകിയിട്ടുള്ള ചിത്ര 2021ലാണ് അന്തരിച്ചത്.

ഹൃദയാഘാതമായിരുന്നു മരണ കാരണം. മലയാളിയാണെങ്കിലും സിനിമയിൽ സജീവമായശേഷം ചിത്ര ചെന്നൈയിലായിരുന്നു താമസം. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. ബിസിനസുകാരനായ വിജയരാഘവനായിരുന്നു ചിത്രയുടെ ഭർത്താവ്. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകളാണുള്ളത്. ചിത്ര മരിച്ച് മുപ്പതാം ദിവസത്തിൽ വിജയരാഘവനും മരിച്ചു.
അതോടെ മകൾ മഹാലക്ഷ്മി ഒറ്റയ്ക്കായി. ചിത്രയുടെ മരണശേഷം നടിയുടെ സുഹൃത്തുക്കളാണ് വിജയരാഘവന്റെയും മകളുടേയും കാര്യങ്ങൾ നോക്കിയിരുന്നത്. മഹാലക്ഷ്മിയെ പഠനത്തിനായി ഹോസ്റ്റലിലാക്കിയിരുന്നു. പ്രായമായതിനാലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലും വിജയരാഘവനെ വൃദ്ധസദനത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. വീട്ടിൽ പരിപാലിക്കാൻ ആളില്ലെന്നതായിരുന്നു കാരണം.
അവിടെ വെച്ച് വിജയരാഘവൻ മരിച്ചു. ഇപ്പോഴിതാ ചിത്രയുടെ ഏക മകൾ മഹാലക്ഷ്മിയുടെ പുതിയ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടി. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് ചിത്രയുടെ കുടുംബത്തെ കുറിച്ച് ഇബ്രാഹിംകുട്ടി സംസാരിച്ചത്. നാണമാവുന്നു മേനി നോവുന്നു... ചലച്ചിത്ര നടി ചിത്രയ്ക്ക് സംഭവിച്ചത്... എന്ന തലക്കെട്ടോടെയാണ് വീഡിയോ ഇബ്രാഹിംകുട്ടി പങ്കുവെച്ചത്.
മമ്മൂട്ടിക്കും മോഹൻലാലിനും കമൽഹാസനും രജനികാന്തിനുമെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് ചിത്ര. ചിത്രയെ കുറിച്ച് പറയുമ്പോൾ മനസിൽ ആദ്യം വരുന്നത് ആട്ടകലാശം, അമരം തുടങ്ങിയ സിനിമകളാണ്. തമിഴിലും മലയാളത്തിലുമെല്ലാമായി നൂറോളം സിനിമകളിൽ ചിത്ര അഭിനയിച്ചിട്ടുണ്ട്.

ചിത്ര ജനിച്ചത് കൊച്ചിയിലാണ്. പക്ഷെ ഞാൻ ആദ്യമൊക്കെ അവർ തമിഴ്നാട് സ്വദേശിയാണെന്നാണ് കരുതിയത്. പക്ഷെ ചിത്ര കേരളത്തിലാണ് ജനിച്ചത്. പിതാവിന് റെയിൽവെയിലായിരുന്നു ജോലി. പത്താം ക്ലാസ് വരെ കേരളത്തിൽ പഠിച്ച ചിത്ര പിന്നീട് കുടുംബസമേതം മൈലപ്പൂരിലേക്ക് താമസം മാറിപ്പോയി. അപൂർവരാഗങ്ങളുടെ ഷൂട്ടിങ് കാണാൻ പോയപ്പോഴാണ് അപ്രതീക്ഷിതമായി ആ സിനിമയിലേക്ക് ഒരു അവസരം ചിത്രയ്ക്ക് ലഭിക്കുന്നത്.
ചിത്ര പ്രശസ്തയായത് ആട്ടകലാശത്തിൽ അഭിനയിച്ചശേഷമായിരുന്നു. മലയാളത്തിലാണ് ചിത്ര കൂടുതൽ സിനിമകൾ ചെയ്തത്. ഹിന്ദിയിലും സിനിമകൾ ചെയ്തിട്ടുണ്ട്. ഒരിടയ്ക്ക് ചില സിനിമകളിൽ അഭിനയിച്ചതിന്റെ പേര് ചില ചീത്തപ്പേരുകൾ ചിത്രയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു. പക്ഷെ സിനിമയിൽ വന്നതുകൊണ്ടാണ് തനിക്ക് ഒരു ജീവിതമുണ്ടായതെന്ന് ചിത്ര തുറന്ന് പറഞ്ഞിട്ടുണ്ട്.
അവസാനം ചിത്ര അഭിനയിച്ച മലയാള സിനിമ സൂത്രധാരനാണ്. ചിത്രയുടെ ഭർത്താവിന് സിനിമയുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല. മകളുടെ ജനനശേഷം കുറേക്കാലം നടി അഭിനയത്തിൽ നിന്നും വിട്ടുനിന്നു. കുട്ടി പത്മിനിയും ശരണ്യ പൊൻവണ്ണനുമൊക്കെയാണ് ചിത്രയുടെ മകളെ നടിയുടെ മരണശേഷം സംരക്ഷിക്കുന്നത്.
മരിക്കും മുമ്പ് ഈ നടിമാരെയാണ് ചിത്ര മകളുടെ കാര്യങ്ങൾ ഏൽപ്പിച്ചത്. അന്ന് മകൾ പ്ലസ് ടുവിന് ആയിരുന്നു. ഇപ്പോൾ മെഡിസിന് പഠിക്കുകയാണ്. ശരണ്യയൊക്കെ തന്നെയാണ് ഇപ്പോഴും ചിത്രയുടെ മകളുടെ കാര്യങ്ങൾ നോക്കുന്നത്. നടിയുടെ വീട് വാടകയ്ക്ക് കൊടുത്ത് ആ വരുമാനം ശരണ്യ അടക്കമുള്ള സുഹൃത്തുക്കൾ മകളുടെ പഠനത്തിനും മറ്റും ഉപയോഗിച്ച് വരികയാണെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.


Click it and Unblock the Notifications











