'ആ സ്ത്രീയുടെ പ്രസ്താവനയിൽ തന്നെ തെറ്റുകളുണ്ട്, ലാലേട്ടൻ പ്രശ്നങ്ങളിൽ ചെന്ന് ചാടാൻ താൽപര്യമില്ലാത്തയാളാണ്'
സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെ താരസംഘടനയായ അമ്മയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെച്ചിരുന്നു. പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജിവെയ്ക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ രാജിക്കത്തില്‍ പറഞ്ഞിരുന്നത്. വിമര്‍ശിച്ചതിനും തിരുത്തിയതിനും എല്ലാവര്‍ക്കും നന്ദിയെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ രാജിക്കത്ത് അവസാനിച്ചത്.
25 വർഷത്തോളം അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന നടന്‍ ഇടവേള ബാബുവിനെതിരെയും ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാൽ അവയെല്ലാം നിഷേധിച്ച് തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ പരാതി നൽകി കഴിഞ്ഞു ഇടവേള ബാബു. ഇപ്പോഴിതാ അമ്മ സംഘടനയെ കുറിച്ചും മോഹൻലാലിന്റെ രാജിയെ കുറിച്ചും തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും പ്രതികരിച്ചിരിക്കുകയാണ് ഇടവേള ബാബു വൺ ടു ടോൽക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ.

ആരോപണമുന്നയിച്ച സ്ത്രീയുടെ പ്രസ്താവനയിൽ തന്നെ തെറ്റുകളുണ്ടെന്ന് പറഞ്ഞാണ് ഇടവേള ബാബു സംസാരിച്ച് തുടങ്ങുന്നത്. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് മോശമായി പെരുമാറിയെന്നാണ് ഇടവേള ബാബുവിന് എതിരെ ഉയർന്ന പരാതി. ഒന്നര ലക്ഷം രൂപയെന്ന സംഖ്യ അമ്മ മെമ്പർഷിപ്പിനുണ്ടായിട്ടില്ല. ഒരുലക്ഷത്തിമുപ്പതിനായിരമാണ് വാങ്ങിയിരുന്നത്. പിന്നീട് അത് രണ്ട് ലക്ഷമായി മാറി. ആ സ്ത്രീയുടെ പ്രസ്താവനയിൽ തന്നെ ഒരുപാട് തെറ്റുകളുണ്ട്.
ആരൊക്കയോ പിന്നിലുണ്ട്. അമ്മ തകർക്കുക എന്നതാണ് ലക്ഷ്യം. പ്രശ്നങ്ങളുണ്ടെങ്കിൽ അത് അധികാരികളോട് പറയാമായിരുന്നു. അമ്മ സംഘടനയ്ക്കുള്ളിൽ തന്നെ എനിക്ക് ശത്രുക്കളുണ്ടാകാം. എനിക്ക് ആരോടും ശത്രുതയില്ല. കാരണം 506 അംഗങ്ങളേയും ഞാൻ ഒരുപോലെയാണ് കണ്ടിട്ടുള്ളത്. അത് അവർക്കും അറിയാം.
പിന്നെ 25 വർഷമായി ഒരു കസേരയിൽ തന്നെ തൂങ്ങി പിടിച്ച് കിടക്കുകയാണ് എന്നൊക്കെ സംഘടനയിൽ ഉൾപ്പെട്ടവർക്ക് തോന്നാം. ഞാൻ മാന്യമായിട്ടാണ് അമ്മയിൽ നിന്നും ഇറങ്ങിപ്പോന്നത്.
ഏത് അറ്റം വരെയും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. തുടർനടപടികൾ എന്റെ അഡ്വക്കേറ്റ്സുമായി ആലോചിച്ച് എന്താണ് വേണ്ടതെന്ന് വെച്ചാൽ ചെയ്യുമെന്നാണ് ഇടവേള ബാബു പറഞ്ഞത്. കാസ്റ്റിങ് കോൾ കാണുമ്പോഴേക്കും ചാടിയിറങ്ങി പോകരുതെന്നൊക്കെ എല്ലാവരോടും നമ്മൾ പറയാറുണ്ട്. ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിൽ പ്രശ്നങ്ങൾ തടയാൻ ഞങ്ങൾ പലതും ചെയ്തിട്ടുണ്ടെന്നും സിനിമയുടെ പേരിൽ നടക്കുന്ന കൊള്ളരുതായ്മകൾക്കെതിരെ ചെയ്തിട്ടുള്ള കാര്യങ്ങൾ തുറന്ന് കാട്ടി ബാബു പറഞ്ഞു.
രാജിവെക്കുന്നതാണ് ശരിയെന്ന് തോന്നിയതുകൊണ്ടാകാം മോഹൻലാൽ അടക്കമുള്ളവർ ആ തീരുമാനത്തിലേക്ക് എത്തിയത്. എന്നെ അദ്ദേഹം വിളിച്ചിരുന്നു. ചേട്ടന് യുക്തമാണെന്ന് തോന്നുന്ന തീരുമാനത്തിലെത്താനാണ് ഞാൻ പറഞ്ഞത്. എല്ലാവരും ഒരുമിച്ച് അറ്റാക്ക് ചെയ്യുന്നുവെന്ന സംഭവം വന്നപ്പോൾ എന്തിനാണ്... എന്ന് തോന്നിക്കാണും. മോഹൻലാലിനോ മമ്മൂട്ടിക്കോ അമ്മ വേണ്ട. പക്ഷെ അവരെ അമ്മയ്ക്ക് ആവശ്യമാണ്.

ഇനി പുതിയ നേതൃത്വം വരും. ഭംഗിയായിട്ട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റും. ലാലേട്ടൻ കംഫർട്ടബിലിറ്റിയുടെ ആളാണ്. പ്രശ്നങ്ങളിൽ ചെന്ന് ചാടാൻ താൽപര്യമില്ലാത്തയാളാണ്. എല്ലാവരും സന്തോഷത്തിലിരിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പിന്നെ സന്തോഷമില്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ എന്തിനാണ് ഞാൻ ഈ കുരിശ് ചുമക്കുന്നതെന്ന് അദ്ദേഹത്തിന് തോന്നില്ലേ... ലാലേട്ടൻ എന്ത് പ്രതിസന്ധിയിലും നിൽക്കുന്നയാളാണ്.
അതിനൊപ്പം കംഫർട്ടബിലിറ്റി എന്നൊരു കാര്യം കൂടി അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും നടൻ പറഞ്ഞു. വിടവാങ്ങൽ പ്രസംഗത്തിൽ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. എനിക്ക് അമ്മയിൽ നിന്നും ഒരു വിഷമമേയുള്ളുവെന്ന്... അതിപ്പോഴുമുണ്ട്. പ്രശ്നങ്ങൾ വരുമ്പോൾ എല്ലാവരും ഓടി ഒളിക്കുകയല്ല വേണ്ടത്. അതിനെ നേരിടാനും അതിന് നേതൃത്വം കൊടുക്കുന്നവർക്ക് പരിപൂർണ്ണ പിന്തുണ കൊടുക്കുകയുമാണ് വേണ്ടത്. അത് പലപ്പോഴും ഉണ്ടായിട്ടില്ലെന്ന് ലാലേട്ടനും തോന്നിക്കാണും.
ഇനി ഞാൻ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് വരില്ല. പക്ഷെ അമ്മയ്ക്കായി എന്ത് സഹായവുമായി ഞാനുണ്ടാകും. പിന്നെ സ്ത്രീകൾക്ക് നേതൃസ്ഥാനത്തേക്ക് വരാം. സ്ഥനമൊഴിഞ്ഞശേഷവും എല്ലാവരും എന്നെ തന്നെയാണ് വിളിക്കുന്നത്. ആളുകൾ അവരുടെ ആശങ്കകൾ അടക്കം പങ്കുവെക്കുന്നുമുണ്ട്. അത് ബന്ധപ്പെട്ടവരിലേക്ക് ഞാൻ എത്തിക്കുന്നുമുണ്ട്.
പിന്നെ ചിലരെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെ ചില എയിമുകൾ വെച്ച് കളികൾ നടന്നിട്ടുണ്ട്. അതിനുള്ള ഉദ്ദേശങ്ങൾ കുറേക്കാലമായിട്ടുണ്ട്. അതിന്റെ ഭാഗമായി കീ പോസ്റ്റിലിരുന്ന എല്ലാവർക്കും അടി തരുന്നുണ്ട് ഇപ്പോൾ. അതുപോലെ ഹേമ കമ്മിറ്റി എന്നെ വിളിച്ചിട്ടില്ല. അമ്മയിൽ നിന്നും അധികം സ്ത്രീകളെ വിളിച്ചിട്ടുമില്ല.
അമ്മയിലെ അംഗങ്ങളിൽ പത്ത് പേര് പോലും മൊഴി കൊടുത്തിട്ടുണ്ടാവില്ല. അമ്മയിൽ കൂടുതൽ സ്ത്രീകളാണ്. പക്ഷെ അവരുടെ മൊഴി എടുത്തില്ല. അമ്മ എന്ന സംഘടന നിലനിൽക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞാണ് ഇടവേള ബാബു അവസാനിപ്പിച്ചത്.


Click it and Unblock the Notifications