'എന്റെ കല്യാണം വളരെ സ്വഭാവികമായി നടന്നത്, ചെറിയവൾ എന്നെ അവളുടെ ഫ്രണ്ടായിട്ടാണ് കാണുന്നത്, അതോടെ ജീവിതം മാറി'
പരിമിതികൾ ഏറെയുണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് നീങ്ങിയ വ്യക്തിയാണ് ഗിന്നസ് പക്രു. വെല്ലുവികളെ നേരിട്ട് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങിയ താരത്തിന് ഇത് സന്തോഷങ്ങളുടെ കാലമാണ്. അടുത്തിടെയാണ് നടന് രണ്ടാമതൊരു പെൺകുഞ്ഞ് കൂടി ജനിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചതും. ജീവിതത്തിലെ പ്രതിസന്ധികൾ നിറഞ്ഞ പഴയ കാലത്തെക്കുറിച്ച് താരം പല അഭിമുഖങ്ങളിലും പരാമർശിച്ചിട്ടുണ്ട്. വിവാഹ ജിവിതത്തെപ്പറ്റി ചിന്തിക്കണമെന്ന് ഉപദേശിച്ചത് അന്തരിച്ച നടൻ ബഹദൂറാണെന്നും താരം പറഞ്ഞിട്ടുണ്ട്.
തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് കരിയറും ജീവിതവും കെട്ടിപ്പടുക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. രണ്ട് പെൺകുഞ്ഞുങ്ങളുടെ അച്ഛനായ താരം മക്കൾക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെയെല്ലാം വീഡിയോകളും ഫോട്ടോയുമെല്ലാം പങ്കിടാറുണ്ട്. 2006 മാര്‍ച്ചിലായിരുന്നു ഗിന്നസ് പക്രുവിന്റേയും ഗായത്രിയുടേയും വിവാഹം. 2009ല്‍ മകള്‍ ദീപ്ത കീർത്തി ജനിച്ചു. ദീപ്തയ്ക്ക് ഇപ്പോള്‍ 15 വയസായി.

ദീപ്ത ജനിക്കുന്നതിന് മുമ്പ് ഇരുവര്‍ക്കും മറ്റൊരു കുഞ്ഞ് ജനിച്ചിരുന്നു. എന്നാല്‍ ആ കുഞ്ഞ് രണ്ടാഴ്ച്ച മാത്രമെ ജീവിച്ചിരുന്നുള്ളൂവെന്ന് ഗിന്നസ് പക്രു നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞായിരുന്നപ്പോൾ പക്രുവിനൊപ്പം ഒട്ടുമിക്ക സ്റ്റേജ് ഷോകളിലും ദീപ്തയും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഇപ്പോഴിതാ മക്കളെ കുറിച്ചും തന്റെ പുതിയ സിനിമാ വിശേഷങ്ങളും ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു.
കാവലൻ സിനിമയിൽ നടൻ വിജയ്ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും ഗിന്നസ് പക്രു പങ്കിട്ടു. ബോഡി ഗാർഡെന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായിരുന്നു കാവലൻ. താൻ കാവലനിലേക്ക് കാസ്റ്റ് ചെയ്യപ്പെടണമെന്ന് വിജയ് സംവിധായകൻ സിദ്ദിഖിനോട് ആവശ്യപ്പെട്ടിരുന്നതായും ഗിന്നസ് പക്രു പറയുന്നു.
'കാവലനിൽ ഞാൻ വേണമെന്നുള്ള ആഗ്രഹം വിജയ് സാർ പറഞ്ഞതായി സിദ്ദിഖ് സാർ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ സെറ്റിൽ ചെന്നപ്പോൾ മുതൽ എന്നോട് ഒരു പ്രത്യേക സ്നേഹവും കരുതലുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു. എന്റെ കാര്യങ്ങളും അദ്ദേഹം അന്വേഷിക്കും. എന്റെ തമിഴ് അദ്ദേഹത്തിന് മനസിലാകും. കാരവാനിൽ പോകാത്ത സമയത്തൊക്കെ എന്നോടൊപ്പമിരുന്ന സംസാരിക്കും.'
'എന്റെ ജീവിതം അറിയാൻ അദ്ദേഹം ശ്രമിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. തിരിച്ചറിവായശേഷം മകൾ ഞാൻ ചെയ്യുന്നതിനെ ക്രിട്ടിസൈസ് ചെയ്യാനും തുടങ്ങി. അവൾക്ക് തോന്നിയ കാര്യങ്ങൾ അഭിപ്രായമായി പറയും. അവളുടെ കുട്ടിക്കാലം മുതൽ ഞാനും അവളും ഒരു ഫ്രണ്ട്ഷിപ്പ് ലൈനിലാണ് വന്നത്. അതുകൊണ്ട് ആ ഒരു സ്വാതന്ത്ര്യം അവൾക്കുണ്ട്.'

'ഇപ്പോൾ മൂത്ത മോളുടെ പ്രധാന പരിപാടി ഇളയവൾ എന്നെ കൈകാര്യം ചെയ്യുന്നത് കണ്ട് എഞ്ചോയ് ചെയ്യുക എന്നതാണ്. ചെറിയവൾ അവളുടെ ഫ്രണ്ടായിട്ടാണ് എന്നെ കാണുന്നത്. ജോക്കർ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ബഹദൂർക്കയാണ് നീ കല്യാണം കഴിക്കണം, നിനക്ക് കുട്ടികളുണ്ടാകണം, ആ കുട്ടിയെ നീ നന്നായി പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കണം എന്നൊക്കെ എന്നോട് ബഹദൂർക്ക പറഞ്ഞിട്ടുണ്ട്.'
'അത്ഭുതദ്വീപ് കഴിഞ്ഞപ്പോൾ വിനയൻ സാറും പറയുമായിരുന്നു. എന്റെ കല്യാണം വളരെ സ്വഭാവകമായി നടന്നതാണ്. അറേഞ്ച്‍ഡ് മാരേജായിരുന്നു. അത്ഭുതദ്വീപ് സിനിമ കഴിഞ്ഞശേഷം അതിൽ അഭിനയിച്ച അറുപതോളം ആളുകൾ ആ സിനിമ കാരണം കല്യാണം കഴിച്ചു. എല്ലാവരും തന്നെ താരങ്ങളായല്ലോ. ഒരുപാട് ചെറിയ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച സിനിമയാണ് അത്ഭുതദ്വീപ്.'
'നമ്മുടെ കുറവുകളെ പറ്റി ആലോച്ചിച്ചുകൊണ്ടിരുന്നാൽ പിന്നെ അതിന് മാത്രമെ നേരമുണ്ടാകുവെന്നും', ഗിന്നസ് പക്രു പറയുന്നു. നടൻ എന്നതിനൊപ്പം സംവിധാന രംഗത്തും ഗിന്നസ് പക്രു കഴിവ് തെളിയിച്ചിട്ടുണ്ട്. കുട്ടിയും കോലുമാണ് ഗിന്നസ് പക്രു സംവിധാനം ചെയ്ത സിനിമ.


Click it and Unblock the Notifications











