അച്ഛന്റെ മടിയിലിരുന്ന് ദ്വിജ കീർത്തിക്ക് ചോറൂണ്, രണ്ടാമത്തെ മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ഗിന്നസ് പക്രു!
ഇക്കഴിഞ്ഞ മാർച്ചിലാണ് നടൻ ഗിന്നസ് പക്രുവിന് വീണ്ടും പെൺകുഞ്ഞ് പിറന്നത്. മൂത്ത മകൾ ദീപ്ത കീർത്തിയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു തന്നെയാണ് വീണ്ടും കുഞ്ഞ് പിറന്ന സന്തോഷം ആരാധകരെ അറിയിച്ചത്. ശേഷം മകളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലെ വിശേഷങ്ങളും ചിത്രങ്ങളും ഗിന്നസ് പക്രു ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.
മകളുടെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ ഗിന്നസ് പക്രു പങ്കുവെച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ മകളുടെ ചോറൂണിന്റെ വിശേഷങ്ങളാണ് പുതിയ സോഷ്യൽമീഡിയ പോസ്റ്റിലൂടെ ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ വെച്ചാണ് മകളുടെ ചോറൂണ് ഗിന്നസ് പക്രുവും കുടുംബവും നടത്തിയത്.
അച്ഛന്റെ മടിയിൽ ഇരുന്ന് മധുരും നുകരുന്ന ദ്വിജ കീർത്തിയുടെ ചിത്രങ്ങൾ വളരെ വേഗത്തിൽ ശ്രദ്ധനേടി. നടന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റ് ശ്രദ്ധനേടിയതോടെ നിരവധി പേർ ആശംസകൾ അറിയിച്ചും വിശേഷങ്ങൾ തിരക്കിയുമെത്തി. രണ്ടാമതും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചപ്പോൾ ചേച്ചിയമ്മ എന്ന അടിക്കുറിപ്പണ് താരം നൽകിയത്. എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്.

പതിനേഴാം വിവാഹ വാർഷികത്തിലാണ് വീണ്ടും ഒരു കുഞ്ഞ് കൂടി ഗിന്നസ് പക്രുവിനും ഗായത്രിക്കും ലഭിച്ചത്. മൂത്തമകൾ ദീപ്തയും രണ്ടാമത്തെ മകൾ ദ്വിജയും തമ്മിൽ പത്ത് വയസിൽ അധികം പ്രായവ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ ദ്വിജയ്ക്ക് ചേച്ചിയും അമ്മയുമാണ് ദീപ്ത കീർത്തി. 2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്.
നടക്കാൻ തുടങ്ങിയപ്പോൾ മുതൽ മൂത്ത മകൾ ദിപ്ത കീർത്തി ഗിന്നസ് പക്രുവിനൊപ്പം സ്റ്റേജ് ഷോകൾക്കും പരിപാടികളിൽ അതിഥിയായും പോകാറുണ്ട്. അച്ഛനും മകളും എന്നതിലുപരി സുഹൃത്തുക്കളെ പോലെയാണ് ഗിന്നസ് പക്രുവും ദീപ്ത കീർത്തിയും.
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും റീൽസുമെല്ലാം വളരെ വേഗത്തിൽ വൈറലാകാറുണ്ട്. വിവാഹശേഷം തങ്ങൾക്ക് ഒരു മകൾ ജനിച്ചതിനെക്കുറിച്ച് പക്രു മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. ആദ്യം ജനിച്ച വാവയെ നഷ്ടം ആയതിനെ കുറിച്ചും പക്രു പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ വലിയൊരു സന്തോഷമുണ്ടായി.
ജനിച്ച് 15 ദിവസം കഴിഞ്ഞ് അവള്‍ പോയി. അതെങ്ങനെ തരണം ചെയ്തുവെന്ന് ഇപ്പോഴും അറിയില്ലെന്നുമായിരുന്നു ഒരിക്കൽ അദ്ദേഹം തുറന്ന് പറഞ്ഞത്. കുഞ്ഞ് ഐസിയുവിൽ കിടക്കുമ്പോഴും താൻ സ്റ്റേജിൽ നിന്ന് കോമഡിയൊക്കെ കളിച്ചിട്ടുണ്ട്. എന്ന് നിറ കണ്ണുകളോടെ പക്രു തുറന്നുപറഞ്ഞിട്ടുണ്ട്.

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു സിനിമയിലേക്ക് ആദ്യമായി കടന്ന് വരുന്നത്. വിദ്യാഭ്യാസത്തിനുശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിന് ശേഷമാണ് സിനിമയിലെത്തുന്നത്.
നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റ് ഭാഷകളിലും സുപരിചിതനാണ്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് ഗിന്നസ് പക്രുവിന്‍റെ പേരിലുണ്ട്.
മമ്മൂട്ടിയാണ് താരത്തെ ഗിന്നസ് പക്രു എന്ന് വിളിച്ച് തുടങ്ങിയത്. അങ്ങനെ ഒരു പേരിടാം എന്ന് വെച്ച് സംഭവിച്ചതല്ല... ഒരു ദൈവ നിയോഗം പോലെ നടന്നതാണ് തന്റെ പേര് എന്നും പക്രു പറഞ്ഞിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് കൈയ്യിൽ കിട്ടിയ സന്തോഷം ലൊക്കേഷനിൽ ആഘോഷിച്ചു. അന്നാണ് മമ്മൂട്ടി എനിക്ക് ആ പേര് നൽകിയത് എന്നാണ് പക്രു മുമ്പ് പറഞ്ഞത്.


Click it and Unblock the Notifications