'മറ്റുള്ളവരുടെ പണം ഉപയോഗിച്ച് ചാരിറ്റി... എന്നിട്ടും അയാൾക്ക് ഡോക്ടറേറ്റ്, സമാനമായ ഒരുപാട് സംഭവങ്ങൾ'
നടൻ ഹരീഷ് കണാരനാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും വാർത്തകളിലും നിറഞ്ഞ് നിൽക്കുന്നത്. മലയാള സിനിമയിലെ നിർമ്മാതാവും പ്രൊജക്റ്റ് ഡിസൈനറും കൂടിയായ എൻഎം ബാദുഷയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് നടൻ ഉന്നയിച്ചത്. കടമായി വാങ്ങിയ 20 ലക്ഷം രൂപ നാല് വർഷമായിട്ടും തിരികെ തന്നില്ലെന്നും തനിക്ക് വന്ന അവസരങ്ങൾ ഇല്ലാതാക്കിയെന്നുമാണ് ഹരീഷ് കണാരന്റെ വെളിപ്പെടുത്തൽ. കടം വാങ്ങിയ തുക കൂടാതെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ബാദുഷയ്ക്ക് പല തവണ താൻ പണം നൽകിയിട്ടുണ്ടെന്നും ഹരീഷ് കണാരൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കൊറോണയ്ക്ക് തൊട്ട് മുമ്പ് ഞാൻ അവസാനം ചെയ്തത് ഉപചാരപൂർവം ഗുണ്ട ജയൻ എന്ന സിനിമയാണ്. അത് കഴിഞ്ഞ് കൊറോണയായി. പിന്നെ യാതൊരു പരിപാടിയും വന്നില്ല. സിനിമ എന്ന് പറഞ്ഞാൽ ഒരു റൗണ്ടാണല്ലോ. ആ റൗണ്ട് ഓടി തീർന്നാൽ ചിലപ്പോൾ ഒരു ബ്രേക്ക് വരും. അതായിരിക്കുമെന്ന് കരുതി.

ഒരു ദിവസം മൂന്ന് പടത്തിൽ വരെ അഭിനയിച്ച സമയം എനിക്കുണ്ടായിരുന്നു. അന്നൊക്കെ ഓടി നടന്നാണ് എല്ലാത്തിലും അഭിനയിച്ചിരുന്നത്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിരുന്ന സമയത്ത് കൃത്യ സമയത്ത് ഹരീഷ് ഷൂട്ടിങിന് ജോയിൻ ചെയ്തില്ലെന്ന് പറഞ്ഞ് അമ്മയിൽ ചില പരാതികളൊക്കെ ചെല്ലാൻ തുടങ്ങി. അന്ന് ഇടവേള ബാബു ചേട്ടൻ എന്നെ വിളിച്ച് അമ്മയിൽ മെമ്പർഷിപ്പ് എടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ അങ്ങനെ മെമ്പർഷിപ്പ് എടുത്തു.
എല്ലാ പടങ്ങളും ആ സമയത്ത് ബാദുഷയായിരുന്നു കൺട്രോൾ ചെയ്തിരുന്നത്. ബാദുഷ കൺട്രോളറല്ലാത്ത ഒരു പടവും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം ബാദുഷ എന്റെ അടുത്ത് വന്ന് പറഞ്ഞു എന്റെ ഡേറ്റിന്റെ കാര്യങ്ങൾ അദ്ദേഹം നോക്കാമെന്ന്. അതോടെ എനിക്ക് കാര്യങ്ങൾ എളുപ്പമായി. അങ്ങനെ ബാദുഷയുമായി നല്ല സൗഹൃദമായി. കുടുംബങ്ങൾ തമ്മിലും ബന്ധമായി. അവർ എന്റെ വീട്ടിൽ വരാറുമുണ്ടായിരുന്നു. ആ സമയത്ത് കൊറോ കഴിഞ്ഞു.
എന്റെ വീടിന്റെ റിനോവേഷൻ നടക്കുന്നുണ്ടായിരുന്നു. കടം കൊടുത്ത പൈസ അപ്പോഴാണ് ഞാൻ ബാദുഷയോട് തിരികെ ചോദിച്ചത്. കള്ളൻ ഡിസൂസ ചെയ്യുന്ന സമയത്താണ് ഒബ്രോൺ മാളിന്റെ പിറകിലുള്ള സ്ഥലം വാങ്ങാനായും രജിസ്ട്രേഷനും വേണ്ടിയാണ് എന്റെ കയ്യിൽ നിന്നും പണം വാങ്ങിയത്. അത്യാവശ്യമായി പണം വേണം ഒരാഴ്ചയ്ക്കുശേഷം തിരിച്ച് തരുമെന്നും അന്ന് പറഞ്ഞിരുന്നു. അങ്ങനെ ഞാൻ ട്രാൻസ്ഫർ ചെയ്ത് കൊടുത്തു.
ഒന്ന്, രണ്ട് ആഴ്ച കഴിഞ്ഞിട്ടും തിരികെ തന്നില്ല. ആ സമയത്ത് ബാദുഷ ചാരിറ്റി പ്രവർത്തനങ്ങളൊക്കെ ചെയ്യുന്നുണ്ട്. എന്നെ വിളിച്ച് ഫുഡ് സ്പോൺസർ ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. അങ്ങനെ പലതവണയായി പല ചാരിറ്റി പ്രവർത്തനങ്ങൾക്കായി ബാദുഷയ്ക്ക് ഞാൻ പണം അയച്ച് കൊടുത്തിട്ടുണ്ട്. എല്ലാം അക്കൗണ്ട് വഴിയാണ്. കാരണം ജിഎസ്ടി അടക്കം എല്ലാ കൃത്യമായി അടയ്ക്കുന്നയാളാണ് ഞാൻ. അയാൾ ആരുടെയൊക്കയോ പൈസ ഉപയോഗിച്ചാണ് ചാരിറ്റി ചെയ്യുന്നത്.

എന്നിട്ട് അയാൾക്ക് ഡോക്ടറേറ്റ്. നമ്മൾ കൊടുത്തത് എത്തിപ്പെടേണ്ടിടത്ത് എത്തിയോയെന്ന് അറിയില്ല. അയാൾ ചാരിറ്റി ചെയ്തിട്ടുണ്ടെങ്കിൽ അത് നല്ല കാര്യം തന്നെയാണ്. എആർഎമ്മിലേക്ക് നാൽപ്പത് ദിവസത്തെ ഡേറ്റ് ബാദുഷ തന്നെയാണ് എനിക്ക് വിളിച്ച് തന്നത്. പണം അത്യാവശ്യമാണെന്ന് പറഞ്ഞ് ഞാൻ വിളിക്കുമ്പോഴെല്ലാം തരാം തരാമെന്ന് പറയുന്നതല്ലാതെ തന്നില്ല. അങ്ങനെ ഞാൻ ഇടവേള ബാബു ചേട്ടനോട് കാര്യങ്ങൾ പറഞ്ഞു. ബാദുഷയുടെ പേരിൽ ഇതുപോലെ ഒരുപാട് സംഭവങ്ങൾ വരുന്നുണ്ട്.
ഹരീഷ് സംസാരിച്ച് പണം എങ്ങനെ എങ്കിലും തിരികെ വാങ്ങു. ഉടക്കണ്ട എന്നാണ് ബാബു ചേട്ടൻ പറഞ്ഞത്. ടൊവിനോയാണ് എആർഎമ്മിലേക്ക് വിളിച്ചിട്ട് എനിക്ക് ഡേറ്റില്ലെന്നാണ് അറിഞ്ഞതെന്ന കാര്യം എന്നോട് പറഞ്ഞത്. അപ്പോഴാണ് അവസരം നഷ്ടപ്പെടുന്ന കാര്യം അറിഞ്ഞത്. നാല് വർഷമായി ഈ പ്രശ്നങ്ങൾക്ക് പിന്നാലെയാണ്. അധ്വാനിച്ച് ഉണ്ടാക്കിയ പൈസയാണ്. രാവിലെ മുതൽ രാത്രി വരെ അഭിനയിക്കും.
അതിനിടയിൽ പ്രോഗ്രാമും ചെയ്ത് ഉണ്ടാക്കിയ പണമാണ്. സഹായിച്ചയാൾ പണി തരിക എന്നത് വിഷമമാണ്. പണം തിരികെ തന്നില്ലെന്ന് മാത്രമല്ല. പണിക്ക് മുകളിൽ പണി എന്നതുപോലെ അവസരങ്ങളും നഷ്ടപ്പെടുത്തി. കോഴിക്കോട് നിന്ന് ബാദുഷ എന്നെ കൂട്ടിക്കൊണ്ടുപോയി സിനിമയിൽ ആക്കിയതല്ലല്ലോ. ചെറിയ ചെറിയ വേഷം ചെയ്താണ് ഇവിടെ വരെ വന്നത് എന്നും ഹരീഷ് കണാരൻ പറഞ്ഞു.


Click it and Unblock the Notifications











