'മക്കളെ തൻ്റെ ഇഷ്‌ടങ്ങളുടെ അടിമകളാക്കിയില്ല... അവർ മരിക്കുമ്പോൾ സ്വാതന്ത്ര്യം രുചിച്ച മക്കൾ പൊട്ടിക്കരയും'
ഇന്നും ഇന്നലേയുമായി എല്ലാവരേയും വേദനിപ്പിക്കുന്നത് ശ്രീനിവാസന്റെ ഭൗതീകദേഹത്തിന് സമീപം തോരാത്ത മിഴികളുമായി ഇരിക്കുന്ന മക്കളായ വിനീതിന്റേയും ധ്യാനിന്റേയും വീഡിയോകളും ചിത്രങ്ങളുമാണ്. ഒരുപാട് സെലിബ്രിറ്റികളുടേയും സമൂഹത്തിലെ ഉന്നതരുടേയും വേർപാടുകൾ മലയാളികൾ കണ്ടിട്ടുണ്ടെങ്കിലും അച്ഛന്റെ മൃതദേഹത്തിന് അരികെ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന ആൺ മക്കളെ വളരെ വിരളമായി മാത്രമെ കണ്ടിട്ടുണ്ടാവുകയുള്ളു.
എത്രയേറെ തങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു അച്ഛനെന്ന് ഇരുവരുടേയും കഴിഞ്ഞ രണ്ട് ദിവസത്തെ വീഡിയോകളിൽ നിന്നും വ്യക്തമാണ്. എല്ലാ അഭിമുഖങ്ങളിലും അച്ഛൻ ശ്രീനിവാസനെ കുറിച്ച് ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. പക്ഷെ മൂന്നുപേരും തമ്മിൽ ഇത്രേയേറെ ആത്മബന്ധം പുലർത്തിയിരുന്നുവെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്.

ഇപ്പോഴിതാ മലയാളികളുടെ ശ്രീനിയേയും മക്കളേയും കുറിച്ച് നടൻ ഹരീഷ് പേരടി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ മക്കളുടെ പൊട്ടികരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്. ഒരു അച്ഛൻ മക്കൾക്ക് നൽകുന്ന സ്വാതന്ത്ര്യത്തിൻ്റെ രാഷ്‌ട്രീയം. ജീവിക്കുന്ന കാലത്ത് മക്കളെ തൻ്റെ ഇഷ്‌ടങ്ങളുടെ അടിമകളാക്കാതെ തന്നോട് തർക്കിക്കാനും വിയോജിക്കാനും പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന രാഷ്‌ട്രിയം.
അങ്ങനെയുള്ളവർ മരിക്കുമ്പോൾ സ്വാതന്ത്ര്യം രുചിച്ച മക്കൾ ഇങ്ങനെ പൊട്ടിക്കരയും. ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത എനിക്ക് രാഷ്‌ട്രീയം പറഞ്ഞ് തർക്കിക്കാൻ അവസരം തന്ന എന്നെക്കാൾ 46 വയസ് വ്യത്യാസമുള്ള എൻ്റെ അച്ഛൻ എൻ്റെ ഇരുപതാമത്തെ വയസിൽ മരിക്കുമ്പോൾ ഞാൻ പൊട്ടി പൊട്ടി കരഞ്ഞിരുന്നു.
ഇഷ്‌ടപ്പെട്ട നാടകം കളിച്ച് ജീവിക്കാൻ കാവൽ നിന്ന ഒരു വരുമാനവുമില്ലാത്ത കാലത്ത് അന്യജാതിയിൽപ്പെട്ട ഇഷ്‌ടപ്പെട്ട പെൺകുട്ടിയുടെ കൈയും പിടിച്ച് വീട്ടിലേക്ക് കയറി വരുമ്പോൾ അവളെ വിളക്കും താലവും എടുത്ത് കെട്ടിപിടിച്ച് സ്വീകരിച്ച എൻ്റെ അമ്മ മരിച്ചപ്പോൾ ഞാൻ കുളൂർ മാഷേയും മധു മാഷേയും സുധാകരേട്ടനേയും കെട്ടിപിടിച്ച് ആർത്താർത്ത് കരഞ്ഞിരുന്നു.
ആ സ്വാതന്ത്ര്യത്തിൻ്റെ കണ്ണീരാണ് നമ്മുടെ ജീവിതത്തിൻ്റെ വേരുകൾക്ക് ആത്മ ബലം നൽകുന്നത്. ഉറക്കെ കരയുക... സ്വതന്ത്രരാവുക എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. ഹരീഷിന്റെ വാക്കുകളെ അനുകൂലിച്ചാണ് കമന്റുകൾ ഏറെയും. ധ്യാനിന്റെ ഹൃദയം പൊട്ടിയുള്ള കരച്ചിലാണ് ഏറെയും പേരെ വിഷമിപ്പിച്ചത്. ഇക്കാലമത്രെയും ധ്യാനിന്റെ സംരക്ഷണയിലായിരുന്നു ശ്രീനിവാസൻ.

സെലിബ്രിറ്റി വീടുകളിൽ കാണാത്ത അപൂർവ കാഴ്ച. ഇന്നത്തെ കാലത്ത് ഇങ്ങനെ സഹോദരങ്ങൾ തമ്മിൽ ചേർത്ത് പിടിക്കുന്നത് വിരളമാണ്. ഈ മക്കളെ ഇങ്ങനെ സ്നേഹത്തോടെ വളർത്തിയതിന് പ്രശംസ അർഹിക്കുന്നത് അച്ഛനും അമ്മയും തന്നെയാണ്, ശ്രീനിവാസന്റെ ഏറ്റവും വലിയ സമ്പാദ്യം ഭാര്യ വിമലയും വിനീതും ധ്യാനും തന്നെയാണ്. ഭാഗ്യം ചെയ്ത ആത്മാവ്, എപ്പോഴും ചിരിച്ച് കാണുന്ന ധ്യാനെ ആദ്യമായി ഇങ്ങനെ കണ്ടപ്പോൾ ഹൃദയഭാരം കൂടുന്നു.
മരിക്കുമ്പോൾ കരയാൻ പെൺമക്കൾ വേണമെന്ന് പഴമക്കാർ പറയുന്നത് വെറുതെയാണ് എന്നിങ്ങനെ നീളുന്നു ശ്രീനിവാസന്റെ സംസ്കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ. അതേസമയം വേണ്ടപ്പെട്ടവരുടെ സ്വകാര്യത മാനിക്കാതെ അവരുടെ ഇമോഷൻസ് വിറ്റ് ടിആർപി കൂട്ടാൻ മീഡിയകൾ ശ്രമിച്ചുവെന്ന വിമർശനവും ഉയർന്നിരുന്നു.
സുപ്രിയ മേനോൻ അടക്കമുള്ളവർ പ്രതിഷേധം അറിയിച്ചിരുന്നു. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യത മാനിക്കാതെ മൊബൈൽ ക്യാമറകളുമായി തിരക്ക് കൂട്ടുന്നവർക്കെതിരെയാണ് സുപ്രിയ പ്രതികരിച്ചത്. ദുഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്.
പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി വിലപിക്കാൻ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസംമുട്ടുന്നത് കാണേണ്ടിവരുന്നത് ദാരുണമാണ്. എവിടെയും ക്യാമറകളും മൊബൈൽ ഫോണുകളും മാത്രം. മരിച്ചുപോയവർക്കും അവർ ബാക്കിവെച്ച് പോയവർക്കും കുറച്ചുകൂടി മര്യാദ നമ്മൾ നൽകേണ്ടതല്ലേ എന്നാണ് സുപ്രിയ വിമർശിച്ച് ചോദിച്ചത്.


Click it and Unblock the Notifications











