'അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ല'; നടൻ ഹരീഷ് പേരടി!
മലയാള സിനിമയെ സംബന്ധിച്ച് 2024 ന് ഒരു മികച്ച തുടക്കമാണ് ഫെബ്രുവരി മാസം നല്‍കിയത്. വ്യത്യസ്ത ജോണറുകളില്‍ ഇറങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിക്കൊപ്പം ബോക്സ് ഓഫീസിലും കിലുക്കം അറിയിച്ചു. അക്കൂട്ടത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്ന ചിത്രങ്ങളിലൊന്നാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു.
മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഈ യുവതാര ചിത്രം. പൃഥ്വിരാജ് സുകുമാരന്‍റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ ഇതിനകം 25 കോടി പിന്നിട്ട മഞ്ഞുമ്മല്‍ ബോയ്സിന് മൂന്നാം വാരാന്ത്യത്തിലും മികച്ച ബുക്കിങാണ് അവിടെ ലഭിക്കുന്നത്.

തമിഴ്നാട്ടിലെ കലക്ഷന്‍ ഇനിയും എത്ര മുന്നോട്ട് പോകും എന്നതിനെ ആശ്രയിച്ചാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ലൈഫ് ടൈം കലക്ഷന്‍ നില്‍ക്കുന്നത്. ഗുണ കേവിന്റെ ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമ അൾട്ടിമേറ്റ് രോമാഞ്ചമെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ ഒന്നടങ്കം പറയുന്നത്.
മലയാളത്തിന്റെ സ്വന്തം സർവൈവൽ ത്രില്ലെർ സിനിമയായി ലോകത്തിന് മുന്നിൽ തന്നെ കാണിച്ചുകൊടുക്കാൻ തരത്തിൽ മികവുണ്ട് ചിത്രത്തിനെന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. അടുത്ത കാലത്തൊന്നും തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചതുപോലൊരു സ്വീകരണം മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ല. ചിദംബരം സംവിധാനം ചെയ്ത സിനിമ നിർമിച്ചത് നടൻ സൗബിൻ ഷാഹിറായിരുന്നു.
മറ്റൊരു നാട്ടിൽ അടക്കം മഞ്ഞുമ്മൽ ബോയ്സ് തരംഗമാകുമ്പോൾ കഴിഞ്ഞ ദിവസം മലയാള സിനിമയേയും മലയാളികളേയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. 'മഞ്ഞുമ്മൽ ബോയ്‌സ് തന്നെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന ചിത്രമായിരുന്നു. കാരണം അത് കാണിക്കുന്നത് കെട്ടുകഥയല്ല.'
'ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന കേരളത്തിലെ വിനോദ സഞ്ചാരികൾ ഇതേ മനസ്ഥിതിയാണ് പങ്കിടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രമല്ല കാടുകളിലും അവർ എത്താറുണ്ട്. മദ്യപിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനുമൊക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവര്‍ക്ക് താല്‍പര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല.'

'ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് കുറഞ്ഞത് പത്ത് തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛര്‍ദ്ദില്‍ ആയിരിക്കും. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും. കുടിച്ചുകൂത്താടുന്ന പൊറുക്കികൾ', എന്നാണ് മഞ്ഞുമ്മൽ ബോയ്സ് സിനിമയെ കുറിച്ചും മലയാളികളെ കുറിച്ചും ജയമോഹന്‍ കുറിച്ചത്.
ഇപ്പോഴിതാ ജയമോഹന്റെ കുറിപ്പിനെതിരെ നടൻ ഹരീഷ് പേരടി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 'ഇന്നലെയും ഷൂട്ടിങ്ങുമായി ചെന്നൈയിൽ ആയിരുന്നു... അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ല...'
'പക്ഷെ എല്ലാ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു. അതിലെ ഒരോ നടന്മാരെയും പേരെടുത്ത് ചോദിച്ചു. അവരെയൊക്കെ ചേട്ടാ നേരിട്ട് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചു. എല്ലാം എന്റെ അനിയന്മാരാണെന്ന് ഞാൻ അഭിമാനത്തോടെ പറഞ്ഞു. അല്ലെങ്കിൽ അവിടെ പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന് എനിക്ക് മനസിലായി.'
'അടുത്ത തവണ ചെന്നൈയിൽ പോകുന്നതിന് മുമ്പ് എനിക്ക് മഞ്ഞുമ്മൽ ബോയ്സ് കാണണം. അല്ലെങ്കിൽ അവരെന്നോട് എന്ത് പറയുമെന്ന് എനിക്ക് ഏകദേശ ധാരണയുണ്ട്. അങ്ങിനെ തമിഴന്റെ സ്നേഹത്തിനുവേണ്ടി ഞാൻ ഒരു മലയാള സിനിമ ഉടനെ കാണും... മഞ്ഞുമ്മൽ ബോയ്സ്', എന്നാണ് ഹരീഷ് പേരടി കുറിച്ചത്.


Click it and Unblock the Notifications











