മണിച്ചിത്രത്താഴിലെ നകുലനായി മകൻ, നാഗവല്ലിയെ പോലെ ഇന്നസെന്റും, റേഷൻ കടയിൽ പോകാൻ ഇറങ്ങിയപ്പോൾ...
കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാ പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ഇന്നസെന്റ്. സിനിമയിലെ പോലെ തന്നെയാണ് ഒരു പരിധിവരെ താരം ജീവിതത്തിലും. തനിയ്ക്ക് പറയാനുള്ളത് ഹാസ്യത്തിൽ ചാലിച്ച് താരം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കും. ആദ്യം ചിരിക്കാനുള്ള വകയുണ്ടെങ്കിലും പിന്നെ ചിന്തിച്ചു നോക്കിയാൽ ഹാസ്യത്തിലൂടെ താൻ പറയാൻ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലാകും.
ലോക്ക് ഡൗൺ പ്രമാണിച്ച് താരം വീട്ടിൽ തന്നെയാണ്. ഇപ്പോഴിത വീട്ടലുണ്ടായ ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് നടൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു സിനിമ താരങ്ങൾ ഫ്രീ റേഷൻ വാങ്ങാനായി പോയത്. അതുമായി ബന്ധപ്പെട്ടുളള ഒരു സംഭവമാണ് ഇന്നസെന്റും വെളിപ്പെടുത്തുന്നത്.

ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ"എന്റെ വീട്ടിൽ നിന്ന് നാലഞ്ച് കടകൾക്ക് അപ്പുറം ആണ് ഞങ്ങളുടെ റേഷൻകട. ഒരു ദിവസം ഞാൻ സഞ്ചിയും റേഷൻകാർഡും എടുത്തു വീട്ടിൽ നിന്നിറങ്ങിയപ്പോൾ മകൻ സോണറ്റ് ചോദിച്ചു 'അപ്പൻ ഇത് എങ്ങോട്ടാ?'. ഞാൻ പറഞ്ഞു 'റേഷൻ വാങ്ങാൻ. സർക്കാർ എല്ലാവർക്കും സൗജന്യമായി അരി കൊടുക്കുന്നുണ്ടല്ലോ.'അപ്പൻ ഇപ്പോ പോകണ്ട'. പെട്ടെന്ന് സോണറ്റിന്റെ മുഖം മണിച്ചിത്രത്താഴിലെ സുരേഷ് ഗോപിയെ പോലെ. ഞാനും വിട്ടില്ല. തിരിച്ചു ചോദിച്ചു. 'അതെന്താ ഞാൻ പോയാല്'...

'അത് ശരിയാകില്ല.' സോണറ്റ് കടുപ്പിച്ച് തന്നെയാണ്. അങ്ങനെ യാത്ര മുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ അവനോടു ചോദിച്ചു. 'ഡാ, സൊണറ്റേ, നീ എന്തിനാടാ അപ്പന്റെ റേഷൻ കടയിൽ പോക്ക് മുടക്കിയത്?''അപ്പന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി. അപ്പൻ റേഷൻ വാങ്ങാൻ പോയി എന്ന് പറഞ്ഞ് നാളെ പത്രത്തിൽ വാർത്ത വരണം. കുറച്ച് പബ്ലിസിറ്റി കിട്ടണം. അതു കഴിഞ്ഞ് മന്ത്രി സുനിൽകുമാർ അപ്പനെ കാണാൻ ഇവിടെ വരും. അതും വാർത്തയാക്കണം. അപ്പൻ അങ്ങനെ ആൾ ആകേണ്ട എന്ന് കരുതി തന്നെയാണ് ഞാൻ പോകണ്ട എന്നു പറഞ്ഞത്...'

മകന്റെ പറച്ചിൽ കേട്ട് ഞാൻ ഞെട്ടിപ്പോയി.'എന്റെ ഈശോയെ...' എന്നു വിളിച്ച് ഒരു നിമിഷം പകച്ചു നിന്നെങ്കിലും സമനില വീണ്ടെടുത്ത് ഞാൻ ഭാര്യയെ വിളിച്ചു പറഞ്ഞു. 'ആലീസേ, നമ്മുടെ ഒരു ഉരുപ്പടിയും മോശല്ലാട്ടോ' ഇന്നസെന്റ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുടുംബത്തിനൊപ്പം ഇന്നസെന്റ് ചാലക്കുടിയിലെ വീട്ടിലാണുള്ളത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മണിയൻ പിള്ള രാജു സൗജന്യമായി റേഷൻ വാങ്ങാനായി കടയിൽ പോയത് വലിയ വാർത്തയായിരുന്നു. മകനോടൊപ്പമായിരുന്നു താരം റേഷൻ കടയിൽ പോയത്. നാണമില്ലേ റേഷൻ അരി വാങ്ങിക്കാൻ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ താരത്തിനെതിരെ ഉയർന്നിരുന്നു എന്നാൽ ഇതിന് കൃത്യമായ മറുപടിയും താരം അന്ന് നൽകുകയും ചെയ്തു. പിന്നീട് തന്റെ സൗജന്യ റേഷൻ പാവപ്പെട്ടവർക്കായി നടൻ നൽകുകയും ചെയ്തിരുന്നു.


Click it and Unblock the Notifications