'കളിയാക്കിയത് ഇഷ്ടപ്പെട്ടില്ല, ആവർത്തിക്കാതിരിക്കാൻ കൈ പിടിച്ച് തിരിച്ചു'; മോഹൻലാലിനെ കുറിച്ച് ഇന്നസെന്റ്
മലയാളത്തിലെ ബിഗ് എമ്മുകളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ട് പേരും മലയാള സിനിമ ലോകമെമ്പാടും അറിയപ്പെടാൻ കാരണക്കാരായവരാണ്. അമ്പതിലേറെ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെട്ടാൽ പോലും ആഘോഷിക്കുന്നവരാണ് മലയാളികൾ. നരസിംഹം അടക്കം നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യുവുള്ള സിനിമയാണ് വൻഹിറ്റായ ഇന്നും ആൾക്കാർ ഇഷ്ടത്തോടെ കാണുന്ന നമ്പർ 20 മദ്രാസ് മെയിൽ.
സങ്കീർണമായ ഒരു സസ്പെൻസ് ക്രൈം ത്രില്ലറായിരുന്നു ചിത്രം. മുപ്പത് വർഷം മുമ്പ് 1990 ഫെബ്രുവരിയിൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടി എന്ന സിനിമാ നടനായി തന്നെ മമ്മൂട്ടി അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും നമ്പർ 20 മദ്രാസ് മെയിലിനുണ്ട്. നടൻ അശോകന്റെ മൂത്ത സഹോദരൻ ഹരികുമാർ പറഞ്ഞ കഥാതന്തുവിൽ നിന്നാണ് ഡെന്നീസ് ജോസഫ് നമ്പർ 20 മദ്രാസ് മെയിലിന് കഥ വികസിപ്പിച്ചത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനും അതിൽ യാത്ര ചെയ്യുന്ന മൂന്നാല് ചെറുപ്പക്കാരും അവർ യാത്ര ചെയ്യുന്ന കംപാർട്ട്മെന്റിൽ ഒരു പെൺകുട്ടി കൊല്ലപ്പെടുന്നതുമായിരുന്നു ഹരികുമാർ പറഞ്ഞ കഥ.

ജോഷിയും ഡെന്നീസും ഈ കഥ ഹരികുമാറിൽ നിന്ന് നേരത്തെ കേട്ടിരുന്നു. നല്ലൊരു സിനിമയ്ക്കുവേണ്ടി വികസിപ്പിച്ചെടുക്കാവുന്ന പ്രമേയം ആണെന്ന് അന്ന് അവർക്ക് തോന്നുകയും ചെയ്തതോടെയാണ് നമ്പർ 20 മദ്രാസ് മെയിലിന് ജീവൻ വെച്ച് തുടങ്ങുന്നത്. സിനിമയുടെ കഥയുടെ പകുതിയിലേറെയും ഭാഗങ്ങൾ ട്രെയിനിലാണ് ചിത്രീകരിച്ചത്. സെറ്റിട്ട് ചിത്രീകരിക്കുന്നതിനോട് സംവിധായകൻ ജോഷിക്ക് താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഒറിജിനൽ ട്രെയിൻ ഓടികൊണ്ടിരിക്കുമ്പോൾ ചിത്രീകരിക്കാൻ തീരുമാനം വന്നത്. അതിനായി നിരവധി കടമ്പകൾ കടക്കേണ്ടി വന്നിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ട്രെയിനിൽ ഷൂട്ട് ചെയ്യാൻ വേണ്ടി റെയിൽവേയിൽ കെട്ടിവെച്ചത്. കൂടാതെ ഒരു ദിവസം ഷൂട്ട് ചെയ്യാൻ 25000 രൂപ വാടകയും.

25 ലക്ഷം രൂപയുടെ ബജറ്റിൽ സൂപ്പർസ്റ്റാർ സിനിമ പുറത്തിറങ്ങുന്ന കാലമാണ്. എന്നിട്ടും ഒറിജിനൽ ട്രെയിനിൽ തന്നെ ചിത്രീകരിക്കാൻ നിർമാതാവ് തയാറായി. കർശന നിയന്ത്രണങ്ങൾ നിരവധി ഉണ്ടായിരുന്നു. റെയിൽവേ അനുവദിക്കുന്ന ഏറ്റവും തിരക്ക് കുറഞ്ഞ റൂട്ടിൽ മാത്രമേ ചിത്രീകരണം അനുവദിക്കൂ. കേരളത്തിൽ അത്തരം ലൈനുകൾ കുറവാണ്. ഒടുവിൽ അക്കാലത്ത് ട്രെയിനുകൾ കുറവായ ഷൊർണൂർ-നിലമ്പൂർ റൂട്ടിലാണ് ചിത്രീകരണം അനുവദിച്ചത്. സിനിമയിൽ നമ്മൾ കണ്ട നമ്പർ 20 മദ്രാസ് മെയിൽ ഓടിക്കൊണ്ടിരിക്കുന്നത് ഷൊർണൂർ-നിലമ്പൂർ റൂട്ടിലൂടെയായിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ ജഗദീഷ്, മണിയൻ പിള്ള രാജു, എം.ജി സോമൻ, അശോകൻ, ഇന്നസെന്റ് തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു.

'ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആയിരുന്നു ടിടിആറിന്റെ വേഷത്തിൽ എത്തിയ ഇന്നസെന്റിന്റെ കഥാപാത്രം. മോഹൻലാലിന്റെ ടോണി എന്ന കഥാപാത്രത്തെ കുറിച്ച് ഇന്നസെന്റ് പാടിയ ടോണിക്കുട്ടാ... എന്ന പാട്ടും അന്ന് ഇന്നും വൈറലാണ്. ആ പാട്ട് പിറന്നതിന് പിന്നിലെ കഥ വെളപ്പെടുത്തിയിരിക്കുകയാണിപ്പോൾ ഇന്നസെന്റ്. തമിഴ്നാട്ടിൽ ഒരിക്കൽ പോയപ്പോൾ ഞാൻ അവിടെ നിന്ന് കേട്ട ഒരു തമിഴ് പാട്ടായിരുന്നു അത്. പിന്നീട് ഞാൻ മലയാളത്തിലേക്ക് മാറ്റിയതാണ്. ആദ്യം ഞാൻ മോഹൻലാൽ എന്ന് പറഞ്ഞാണ് പാടികൊണ്ട് നടന്നത്. മോഹൻലാലെന്നുമല്ല മോഗൻലാൽ എന്നാണ് പാടികൊണ്ട് നടന്നിരുന്നത്. അത് പാടുന്നത് കേൾക്കുമ്പോൾ തന്നെ ലാലിന് ദേഷ്യം വരും. ഒരിക്കൽ ശ്രീനിവാസൻ ഈ പാട്ട് പാടാൻ ആവശ്യപ്പെട്ടു. ഞാൻ പാടികൊണ്ടിരിക്കുമ്പോൾ മോഹൻലാൽ കേട്ടു. എന്നെ പിടിച്ചുകൊണ്ട് പോയി കൈ പിടിച്ച് തിരിച്ച് മേലാൽ പാടരുതെന്ന് താക്കീതും ചെയ്തു' ഇന്നസെന്റ് പറയുന്നു.


Click it and Unblock the Notifications











