ലാലു അലക്‌സും മമ്മൂട്ടിയും തമ്മിൽ അന്ന് വഴക്കായി; സെക്യൂരിറ്റിക്കാരന്‍ പോലും ഇറങ്ങി ഓടിയെന്ന് ഇന്നസെൻ്റ്
നടന്‍ എന്നതിലുപരി നിര്‍മാതാവിന്റെ വേഷം കൂടി ചെയ്തിട്ടുള്ള ഇന്നസെന്റ് രസകരമായ ചില കഥകളാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി മമ്മൂട്ടിയെയും ലാലു അലക്‌സിനെയും നായകന്മാരാക്കി ചെയ്യാനിരുന്ന സിനിമയുടെ പിന്നണിയില്‍ നടന്ന കഥകളാണ് കൗമുദി മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെ ഇന്നസെന്റ് പറയുന്നത്. കഥാപാത്രത്തിന്റെ പേരില്‍ മമ്മൂട്ടിയും ലാലു അലക്‌സും തമ്മില്‍ വഴക്ക് വരെ ഉണ്ടായതിനെ കുറിച്ചും നടന്‍ വെളിപ്പെടുത്തുന്നു.
'വിജയ മൂവീസിന്റെ ഒരു സിനിമയ്ക്ക് കഥ എഴുതാന്‍ പറഞ്ഞിരിക്കുകയാണ്. ഞാനും കൂടെ വേണമെന്ന് ശ്രീനിവാസന്‍ എന്നോട് പറഞ്ഞു. അന്ന് മദ്രാസിലാണ്. അവിടുന്ന് നേരെ എറണാകുളത്തേക്ക് വന്നു. ഒരു ടൂറിസ്റ്റ് ഹോമില്‍ മുറി എടുത്തു. അതിന്റെ പൈസ വിജയ മൂവീസ് ആണ് കൊടുക്കുന്നത്. അങ്ങനെ അവിടെ നിന്ന് കുറച്ച് പേപ്പറൊക്കെ വെച്ച് എഴുതാന്‍ ഇരുന്നു. ഒരു കഥയെ പറ്റി ചിന്തിച്ചു. ഞാനും എന്തെങ്കിലും ഒരു കഥ പറയും, ശ്രീനിവാസനും പറയും, പക്ഷേ ഒന്നും അങ്ങോട്ട് ശരിയായില്ല. ചക്കരയുമ്മ എന്ന സിനിമ എടുത്ത സാജന്‍ എന്ന് പറയുന്ന സംവിധായകന് വേണ്ടിയായിരുന്നു. ഇല്ലാത്ത കഥയാണ് കഥ. ഞങ്ങളുടെ കൈയ്യില്‍ ഒരു കഥയുമില്ല.

ഓരോ ദിവസവും ഞങ്ങള്‍ നന്നായി ഭക്ഷണമൊക്കെ കഴിച്ച് അവിടെ കിടന്നു. ആറ് ദിവസം കഴിഞ്ഞപ്പോള്‍ വിജയ മൂവീസില്‍ നിന്നും വിളിച്ചു. അവര്‍ക്ക് കഥ കേള്‍ക്കണമെന്ന് പറഞ്ഞു. അടുത്ത ഞായറാഴ്ച സംവിധായകന്‍ സാജനും കൂടി വരുമെന്നും അവര്‍ പറഞ്ഞു. ഞാനും ശ്രീനിവാസനും അത് കേട്ടൊന്ന് ഞെട്ടി. അവരോട് എന്ത് കഥ പറയുമെന്ന ആശങ്കയിലായി. ഒത്തിരി ആലോചിച്ചാണ് എന്തൊക്കെയോ പറഞ്ഞ് പിടിച്ച് ഒരു കഥയിലെത്തി. ഒരു മാനസികാശുപത്രിയാണ് കഥാപശ്ചാതലം. ഞാനല്ല, ശ്രീനിവാസനാണ് കഥ ഉണ്ടാക്കിയത്.

മമ്മൂട്ടിയുടെയും ലാലു അലക്‌സിന്റെയും ഡേറ്റ് ആണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്. രണ്ട് പേര്‍ ഈ മെന്റര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ്. ലാലു അലക്‌സിന്റെ കഥാപാത്രം ആശുപത്രിയിലെ ഒരു പെണ്‍കുട്ടിയെ വ്യഭിചരിക്കുകയും ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമാണ്. അതിന്റെ പശ്ചാതലത്തിലാണ് കഥയുടെ തുടക്കം. അവസാനം ലാലു അലക്‌സിന്റെ ഡോക്ടര്‍ കഥാപാത്രം ജയിലില്‍ പോവുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രം ആ കുറ്റം എടുക്കുകയാണ്. കാരണം മറ്റേയാള്‍ക്ക് ഭാര്യയും മക്കളുമൊക്കെ ഉണ്ട്. മമ്മൂട്ടി ചിത്രത്തില്‍ നല്ലൊരു ഡോക്ടറാണ്.

അങ്ങനെയാണ് സിനിമ അവസാനിക്കുന്നത്. ഈ കഥ പറഞ്ഞപ്പോള്‍ നിര്‍മാതാക്കള്‍ക്ക് ഇഷ്ടമായി. ഒരു അയ്യായ്യിരം രൂപ ശ്രീനിവാസന് അവര്‍ കൊടുത്തു. അദ്ദേഹം എന്നിട്ട് നാട്ടിലേക്ക് പോവുകയാണ്. ട്രെയിനില്‍ കയറിയപ്പോള്‍ എനിക്ക് രണ്ടായിരത്തിഅഞ്ഞൂറ് രൂപ എനിക്ക് തന്നു. ഇല്ലാത്ത കഥ ഉണ്ടാക്കി രക്ഷപ്പെടുത്തിയത് നീയാണ്. എനിക്ക് ഇത്രയും കാശ് വേണ്ട എന്ന് പറഞ്ഞ് അഞ്ഞൂറ് എടുത്തിട്ട് ബാക്കി രണ്ടായിരം രൂപ ശ്രീനിവാസന് ഞാന്‍ തിരിച്ച് കൊടുത്തു. പിന്നീട് ഈ സിനിമ എടുക്കുകയാണ്.

ആദ്യം മോശം ഡോക്ടറായി അഭിനയിക്കാനുള്ള വേഷം തീരുമാനിച്ചത് മമ്മൂട്ടിയ്ക്ക് ആയിരുന്നു. അത് മറ്റേട്ത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി പറഞ്ഞു. പക്ഷേ ലാലു അലക്‌സിന് അത്രയും ദുഷ്ടനായിട്ടുള്ള കഥാപാത്രം ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആണെങ്കില്‍ അയാള്‍ വേണ്ടെന്ന് വെക്കണം എന്നായി മമ്മൂട്ടി. ആ പ്രോജക്ട് അവിടെ വെച്ച് നില്‍ക്കുമെന്ന അവസ്ഥയായി. ഇതിന്റെ പേരില്‍ അവര്‍ തമ്മില്‍ വഴക്കായി. ലാലു അലക്‌സിന് ആ വേഷം ചെയ്താല്‍ എന്തായി എന്നൊക്കെ മമ്മൂട്ടി ചോദിച്ചിരുന്നു. എങ്കില്‍ പിന്നെ അയാള്‍ തന്നെ ചെയ്യട്ടേ എന്ന് ലാലു അല്കസും പറഞ്ഞു. ഒരു കാര്യമില്ലാത്ത കാര്യത്തിന് അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്തായാലും ആ സംഭവം ഒക്കെ അതിലൂടെ കഴിഞ്ഞു.
Recommended Video

ഞാന്‍ രണ്ടാമത്തെ സിനിമ എടുത്ത് പൊട്ടി, നാലും അഞ്ചും സിനിമകള്‍ ആയതോടെ എന്റെ കൈയ്യിലെ പൈസ മുഴുവന്‍ തീര്‍ന്നു. എന്റെ വീട്ടിലെ ഗേയ്റ്റില്‍ നില്‍ക്കുന്ന ഖൂര്‍ക്ക വരെ ഓടി പോയി. കാരണം ഞാന്‍ കാശ് കൊടുക്കാന്‍ ഉള്ളവര്‍ വന്ന് അയാളെ തല്ലാന്‍ ചെന്നു. ഇനി ഇവിടെ നിന്നാല്‍ അടി കിട്ടുമെന്ന് തോന്നി അയാള്‍ രക്ഷപ്പെട്ടു. രണ്ട് മൂന്ന് മാസത്തെ കാശ് അയാള്‍ക്ക് ഞാന്‍ കൊടുക്കാന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ഭാര്യയും മക്കളുമൊക്കെ ഉണ്ട്. അവരുടെ കൂടെ ജീവിക്കണമെന്ന് പറഞ്ഞ് രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്നും ഇന്നസെന്റ് പറയുന്നു.


Click it and Unblock the Notifications











