വറുത്ത മീനിലൂടെ പ്രേമ ലേഖനം തന്ന സിസിലി; അധികമാര്‍ക്കും അറിയാത്ത പ്രണയകഥ പറഞ്ഞ് നടന്‍ ഇന്നസെന്റ്
സിനിമയിലും ജീവിതത്തിലും മനോഹരമായി തമാശ പറയുന്ന നടനാണ് ഇന്നസെന്റ്. തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കാര്യമാണെങ്കില്‍ പോലും നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ് താരം ചെയ്യാറുള്ളത്. കൗമുദി മൂവീസിന്റെ ഇന്നസെന്റ് കഥകള്‍ എന്ന പംക്തിയിലൂടെ തന്റെ ജീവിതത്തിലെ ചില രസകരമായ കഥകള്‍ നടന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയതായി തനിക്ക് ലഭിച്ച പ്രണയ സമ്മാനത്തെ പറ്റിയാണ് ഇന്നസെന്റ് പറഞ്ഞത്.
ഒരു വറുത്ത അയല മീനിലൂടെ തനിക്ക് സിസിലി എന്ന പെണ്‍കുട്ടി തന്ന പ്രണയസമ്മാനത്തെ പറ്റിയാണ് ഇന്നസെന്റ് പറഞ്ഞത്. വളരെ രസകരമായ രീതിയില്‍ പറഞ്ഞ് അവതരിപ്പിച്ച കഥ വളരെ പെട്ടെന്ന് വൈറാലാവുകയും ചെയ്തു. ഇന്നസെന്റിന്റെ വാക്കുകളിങ്ങനെയാണ്..

'ഞാന്‍ കമ്പനി നടത്തുന്ന കാലത്ത് ചിലപ്പോഴൊക്കെ ചോറ് കൊണ്ട് വരുന്ന പരിപാടി ഇല്ല. അങ്ങനെ വരുന്ന ദിവസങ്ങളില്‍ അവിടെയൊരു ചെറിയ ഹോട്ടലുണ്ട്. അവിടുന്നാണ് ഭക്ഷണം വാങ്ങിക്കുന്നത്. കമ്പനിയിലെ ജോലിക്കാരന്‍ പോയി വാങ്ങി കൊണ്ട് വരും. എന്റെയൊപ്പം ഇളയാപ്പന്റെ മകന്‍ ജോസ്, ഒരു ഉണ്ണികൃഷ്ണന്‍ എന്നിവരുമുണ്ട്. ഒരു പൊതിയിലായിരിക്കും ചോറ്. അത് വാങ്ങി കെണ്ട് വരുന്നവനോട് ഇന്നസെന്റ് ചേട്ടനാണെന്ന് പറയണമെന്ന് പറഞ്ഞിട്ടുണ്ട്. കാരണം നല്ലത് എന്തെങ്കിലുമൊക്കെ കിട്ടുമല്ലോന്ന് കരുതി'.

അവിടെ ഒരു പെണ്‍കുട്ടിയുണ്ട്. അവര്‍ക്ക് എന്നെയും എനിക്ക് അവരെയും അറിയാം. ഒരു ദിവസം ജോണി ഭക്ഷണം വാങ്ങി വന്നിട്ട് ഈ പൊതി ഇന്നസെന്റ് ചേട്ടന്റെ ആണൂട്ടോ, സിസിലി ചേച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. അത് കമ്പനിയിലെ എല്ലാവരും കേട്ടു. അവിടെ കുറേ പെണ്‍കുട്ടികളും ജോലി ചെയ്യുന്നുണ്ട്. അവരെല്ലാം ഇത് കേട്ടു. ഇതിനിടെ ഇളയപ്പന്റെ മകന്‍ നിനക്ക് മാത്രം എന്താണ് പ്രത്യേക പൊതി എന്ന് പറഞ്ഞ് അത് തുറന്ന് നോക്കി.

ഒരു കുഴപ്പവുമില്ല, എല്ലാവര്‍ക്കും ചോറും കറികളും ഒരുപോലെയുണ്ട്. അതോടെ അവര്‍ അടങ്ങി. പക്ഷേ ചോറ് കഴിച്ച് തുടങ്ങിയപ്പോഴാണ് അതിന്റെ ഇടയില്‍ ഒരു കറുത്ത സാധനം പോലെ കണ്ടത്. എന്തോ കുഴപ്പമുണ്ടല്ലോ എന്ന് കരുതി ചോറ് മാറ്റി നോക്കിയപ്പോള്‍ അതിനകത്ത് ഒരു അയല മീന്‍ വറുത്തത് ഇരിക്കുന്നു. അതിന്റെ മുകളിലാണ് ചോറ്. അത് കണ്ടതോടെ എനിക്കാകെ വിഷമമായി.

ഞാന്‍ ആ പെണ്ണിനെ കണ്ടിട്ട് പോലുമില്ല. പക്ഷേ ചോറ് കഴിച്ചതിന് ശേഷം കമ്പനിയിലെ എല്ലാവരുടെയും മുന്നില്‍ വെച്ച് ഇളയപ്പന്റെ മോന്‍ എന്നെ കളിയാക്കി. വറുത്ത അയലയില്‍ പ്രേമം എന്നാണ് അവന്‍ വിളിച്ച് പറഞ്ഞത്. പിറ്റേ ദിവസമൊക്കെ ചോറ് വരുമ്പോള്‍ പിള്ളേര്‍ കളിയാക്കും. സിസിലി അതിലെന്തെങ്കിലും വെച്ചിട്ടുണ്ടാവുമെന്ന് അവര്‍ പറയുമായിരുന്നതായി ഇന്നസെന്റ് പറഞ്ഞു.


Click it and Unblock the Notifications











