''ഉണ്ണാൻ നിക്കണില്ലേ'' ശശി കലിംഗയുടെ ആ ഡയലോഗിനു പിന്നിലെ കഥ, വെളിപ്പെടുത്തി ഇന്നസെന്റ്
നടൻ കലിംഗ ശശിയുടെ വിയോഗം വൻ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ഇനിയും പലർക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ ശശി കലിംഗ ചെറിയ സമയം കൊണ്ട് തന്നെ മലായാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ആമേനിലെ ചാപ്പൻ, പ്രാഞ്ചിയേട്ടനിലെ കഥാപാത്രം, പലേരിമാണിക്യത്തിലെ പോലീസ് ഉദ്യോഗസ്ഥൻ എന്നീങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായിരുന്ന ശശി കലിംഗ എന്ന കലാകാരന്റെ ജീവിത യാത്ര.
നടൻ ശശി കലിംഗയുടെ വേർപാടിൽ അദ്ദേഹത്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് നടൻ ഇന്നസെന്റ്. നടൻ എന്നതിലുപരി മികച്ച മനുഷ്യൻ കൂടിയാണെന്ന് താരം മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രമായ പ്രാഞ്ചിയേട്ടൻ ആന്റ് ദ് സെന്റ് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ശശി കലിംഗ സിനിമയേക്കാൾ നാടകങ്ങളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ എല്ലാ നാടകങ്ങളും ഞാൻ കണ്ടിട്ടില്ല. എന്നാൽ നാടകരംഗത്ത് അദ്ദേഹത്തെ പ്രഗത്ഭത്തെ കുറിച്ച് ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട്. രജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ദ് സെന്റിലാണ് ഞങ്ങൾ ആദ്യമായി അഭിനയിക്കുന്നത്.പ്രാഞ്ചിയേട്ടന്റെ വീട്ടിലെ ജോലിക്കാരനാണ് ശശികലിംഗയുടെ കഥപാത്രം. ഞാൻ സുഹൃത്തും.ഈയ്യപ്പനും മേനോനും തമ്മിൽ വലിയ ചേർച്ചയിൽ അല്ലതാനും.

ചിത്രത്തിൽ പ്രാഞ്ചിയേട്ടന്റെ തല്ല് കൊണ്ട് ഞാൻ വീടിന് പുറത്തേയ്ക്ക് പോകുന്ന ഒരു സീനുണ്ട്.അപ്പോൾ ഈയ്യപ്പൻ ചന്തയിൽ പോയി സാധനങ്ങളുമായി വീടിനകത്തേക്ക് കയറുന്നു. അപ്പോൾ ഈയ്യപ്പൻ ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ട്. ഉണ്ണാൻ നിക്കണില്ലേ.. ഇത് ഞാൻ രഞ്ജിത്തിനോട് അങ്ങോട്ട് ആവശ്യപ്പെട്ട് ചെയ്തതാണ്. അത് രഞ്ജിത്ത് ശശിയ്ക്ക് പറഞ്ഞു കൊടുക്കുകയും അത് അദ്ദേഹം സ്വന്തം ശൈലിയിൽ സിനിമയിൽ അവതരിപ്പിക്കുകയും ചെയ്തു.. പ്രാഞ്ചിയേട്ടൻ വലിയ വിജയമായതിൽ ശശിക്കും കാര്യമായ പങ്കുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഒരു നല്ല നടൻ എന്നതിലുപരി മികച്ച മനുഷ്യൻ കൂടിയാണ് ശശി കലിംഗ. ഒരു സാധുവായ മനുഷ്യൻ. സിനിമയിൽ വന്ന് വലിയ തിരക്കുള്ള നടനായിട്ടും അയാളുടെ പെരുമാറ്റത്തിൽ യാതൊരു മാറ്റവുമുണ്ടായില്ല. അമ്മ സംഘടന ശശിയ്ക്ക് മാസം തോറും 5000 രൂപ വെച്ച് കൊടുത്തിരുന്നു. ഞാൻ ഉള്ള കാലത്ത് തുടങ്ങിയതാണ്. അത് ഇപ്പോഴും കൊടുക്കുന്നുണ്ടായിരിക്കണം. എന്നാൽ ഇന്നുവരെ എനിയ്ക്ക് പണം വേണമെന്നുള്ള ആവശ്യവുമായി ശശി വന്നിട്ടില്ല.
Recommended Video

തനിയ്ക്ക് നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നും താരം പറഞ്ഞു. ശശി കലിംഗയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മമ്മൂട്ടി, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ഉണ്ണിമുകുന്ദൻ, വിനു മോഹൻ, ചെമ്പൻ വിനോദ്, മഞ്ജു സുനിച്ചൻ, മണികണ്ഠൻ ആചാരി, സംവിധായകൻ പ്രജേഷ് സെൻ തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











