'ആ സമയം ഞാൻ രമ്യയിൽ രമയെ കണ്ടു, രമ പറയാൻ സാധ്യതയുള്ള കാര്യങ്ങളാണ് അവർ എന്നെ വിളിച്ച് പറയാറുള്ളത്'
തോമസുകുട്ടി വിട്ടോടാ... എന്ന് കേൾക്കുമ്പോഴേക്കും ഓടി രക്ഷപ്പെടുന്ന മണ്ടൻ അപ്പുകുട്ടൻ റോളിൽ നിന്നെല്ലാം മാറി അടിമുടി മാറ്റത്തോടെയാണ് നടൻ ജഗദീഷ് ഓരോ സിനിമയിലും പ്രത്യക്ഷപ്പെടുന്നത്. അടുത്ത കാലത്തായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളും സിനിമകളും ചെയ്തിട്ടുള്ള നടൻ കൂടിയാണ് ജഗദീഷ്. മാർക്കോയിലെ ജഗദീഷിന്റെ പ്രകടനം പ്രേക്ഷക പ്രശംസ നേടിയ ഒന്നായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസിനുശേഷം വന്ന റിവ്യുകളെ കുറിച്ചും അത് കണ്ട് മക്കൾ നൽകിയ മറുപടിയും വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ്.
പുതിയ സിനിമയായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ഭാര്യ രമ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ പറയാൻ സാധ്യതയുള്ള കാര്യങ്ങളാണ് ഇപ്പോൾ തന്നെ ആശ്വസിപ്പിക്കാൻ മക്കൾ പറയാറുള്ളതെന്നും നടൻ പറഞ്ഞു.

ജഗദീഷിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മാർക്കോ റിലീസിനുശേഷം വന്ന തൊണ്ണൂറ് ശതമാനം റിവ്യുകളും റിമാർക്ക്സുകളും ജദീഷ് ഗംഭീരമായി ഞെട്ടിച്ചു എന്നിങ്ങനെ ഉള്ളതായിരുന്നു. ഒരുപാട് നല്ല റിവ്യൂസ് വന്നിരുന്നു. ബാക്കി പത്ത് ശതമാനം ആളുകൾ പറഞ്ഞത് ജഗദീഷിനെ ആ വേഷം ഏൽപ്പിക്കാൻ പാടില്ലായിരുന്നു ജഗദീഷിന്റെ കയ്യിൽ ഭദ്രമായില്ല എന്നാണ്. അവരുടെ അഭിപ്രായത്തെ ഞാൻ പുച്ഛിക്കുന്നില്ല തർക്കിക്കുന്നില്ല. അത് അവരുടെ അവകാശമാണ്.
പോസിറ്റീവ് റിവ്യൂസ് വരുമ്പോൾ എന്റെ കുട്ടികളാണ് ആദ്യം എന്നെ വിളിച്ച് ഇന്നാരുടെ റിവ്യു വന്നിട്ടുണ്ട് നല്ലതാണ് അച്ഛാ... അത് കഴിഞ്ഞ് അടുത്തയാളുടെ റിവ്യുവും വന്നിട്ടുണ്ട് അതും കൊള്ളാം അച്ഛാ... എന്നിങ്ങനെയൊക്കെ പറയുന്നത്. അങ്ങനെയിരിക്കെ മാർക്കോയെ കുറിച്ച് വന്ന ഒരു റിവ്യു കണ്ട് ഞാൻ ഞെട്ടിപ്പോയി.
എടുത്താൽ പൊങ്ങാത്ത ഭാരമാണ് ജഗദീഷ് എടുത്തിരിക്കുന്നത്. ഒട്ടും ശരിയായില്ലെന്നായിരുന്നു ആ റിവ്യുവിൽ എന്നെ കുറിച്ച് പറഞ്ഞത്. അത് കണ്ടപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നി. കുട്ടികളോട് ഇത് വിളിച്ച് പറയണോ വേണ്ടയോ എന്ന രീതിയിൽ ഞാൻ കൺഫ്യൂസ്ഡായി. ശേഷം കുറച്ച് കഴിഞ്ഞ് മകൾ രമ്യയെ വിളിച്ച് ഇത്തരത്തിൽ ഒരു റിവ്യു വന്നിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു.
ഉടനെ അവൾ പറഞ്ഞു... അച്ഛാ ഞാൻ അത് കണ്ടു. പക്ഷെ അച്ഛൻ ഒരു കാര്യം മനസിലാക്കണം അതിനുള്ള വ്യൂസ് 957 മാത്രമെയുള്ളു എന്ന്. അതൊരു ആശ്വസിപ്പിക്കലാണ്. ആ സമയം ഞാൻ രമ്യയിൽ രമയെ കണ്ടു. ഇതുപോലുള്ള കാര്യങ്ങൾ വരുമ്പോൾ രമയും എന്നെ ആശ്വസിപ്പിക്കുന്ന തരത്തിൽ സംസാരിക്കും. പോസിറ്റീവ് ക്രിട്ടിസിസം കിട്ടിയില്ലെന്നൊക്കെ പറയുമ്പോൾ അതൊന്നും സാരമില്ല.

എല്ലാവർക്കും ഇതുപോലെയൊക്കെയാണ് എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും. ആ സ്ഥാനം ഇന്ന് എന്റെ കുട്ടികളായ രമ്യയും സൗമ്യയുമാണ് ഏറ്റെടുത്തിരിക്കുന്നത്. രമ പറയാൻ സാധ്യതയുള്ള കാര്യങ്ങളാണ് അവർ എന്നെ വിളിച്ച് പറയുന്നതെന്നും ജഗദീഷ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു ജഗദീഷിന്റെ ഭാര്യ രമ. അസുഖ ബാധിതയായി ഏറെ നാളുകളായി കിടപ്പിലായിരുന്നു. 2022ലാണ് രമ മരിച്ചത്.
കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫോറൻസിക് രംഗത്ത് രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ നിർണായകമായിരുന്നു. മറ്റ് നടന്മാരുടെ ഭാര്യമാരെപ്പോലെ എപ്പോഴും പൊതുവേദികളിൽ ജഗദീഷിനൊപ്പം രമ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. തന്റെ ജീവിതത്തിൽ രമ വഹിക്കുന്ന പങ്കിനെ കുറിച്ച് പലപ്പോഴും നടൻ വാചാലനായിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ സിനിമയായിരുന്നു ജഗദീഷ് നെഗറ്റീവ് റോൾ കൈകാര്യം ചെയ്ത മാർക്കോ. കഴിഞ്ഞ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ചർച്ചയായ സിനിമയും മാർക്കോയായിരുന്നു.


Click it and Unblock the Notifications











