'സാരമില്ല എന്റെ ശമ്പളമുണ്ടല്ലോ എന്ന രമയുടെ വാക്കാണ് മുന്നോട്ട് നയിച്ചത്, ഞങ്ങളുടെ ഫെയ്സ് കട്ടിൽ പോലും സാമ്യം'
അഭിനയവും അധ്യാപനവും അവതരണവും ഗായകനുമൊക്കെയായി തിളങ്ങിയ വ്യക്തിയാണ് ജഗദീഷ്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കലാകാരൻ. നല്ലൊരു ഫാമിലിമാനാണ് എന്നത് കൂടിയാണ് ജഗദീഷിനോട് പ്രേക്ഷകർക്ക് പ്രത്യേക സ്നേഹം തോന്നാൽ മറ്റൊരു കാരണം. ഏത് വേദിയിലും തന്റെ ഭാര്യയെ കുറിച്ച് വാചാലനാകാൻ മടിയില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹം. രണ്ട് വർഷം മുമ്പാണ് അസുഖബാധിതയായി ഡോക്ടർ രമ മരിച്ചത്.
രമ ഇപ്പോഴും തനിക്കൊപ്പം തന്നെയുണ്ടെന്നാണ് ജഗദീഷ് പറയാറുള്ളത്. ഇപ്പോഴിതാ ഭാര്യയെ കുറിച്ചുള്ള ഓർമകളെ കുറിച്ചും പെണ്ണുകാണലിന്റെ ഓർമകളും മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ ജഗദീഷ്. എന്റെ ലൈഫിലെ ഏറ്റവും വലിയ ഇൻസ്പിരേഷനാണ് എന്റെ ഭാര്യ രമ.

ഞാൻ എല്ലായിടത്തും ഇത് പറയുന്നത് കൊണ്ട് ചിലർക്കെങ്കിലും മുഷിപ്പ് തോന്നാം. എനിക്ക് എന്റെ കരിയറിൽ കോൺഫിഡൻസ് തന്നത് രമയാണ്. ഞാനൊരു അധ്യാപകനായിട്ടും സിനിമാ രംഗത്തേക്ക് പോകാൻ എനിക്ക് ഫുൾ കോൺഫിഡൻസ് തന്നത് രമയാണ്. എനിക്ക് റിസ്ക്കുണ്ടായിരുന്നു. പക്ഷെ സിനിമയിലേക്ക് പൊയ്ക്കോളൂ... ഇഷ്ടമുള്ള ജോലി ചെയ്യൂവെന്ന് പറഞ്ഞത് രമയാണ്. സിനിമയിലേക്ക് പോയിട്ട് രക്ഷപ്പെട്ടില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു.
സാരമില്ല എന്റെ ശമ്പളമുണ്ടല്ലോ ആ ശമ്പളത്തിൽ നമുക്ക് കഴിയാമെന്ന് പറഞ്ഞത് രമയാണ്. ആ വാക്കുകളാണ് എന്നെ മുന്നോട്ട് നയിച്ചത്. നല്ല ക്രിട്ടാക്കായിരുന്നു. വളരെ ഫ്രാങ്കാണ്. എല്ലാം മുഖത്ത് നോക്കി പറയും. അതുപോലെ സ്വന്തം പ്രൊഫഷനിൽ രമ കാണിച്ചിട്ടുള്ള ആത്മാർത്ഥതയും ഭയങ്കരമാണ്.
അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ മാക്സിമം കോപ്പറേറ്റ് ചെയ്തിട്ടുണ്ട്. സാക്രിഫൈസ് ചെയ്തിട്ടുണ്ട്. ഞാൻ ഒരു മാസത്തെ ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വരുന്ന ദിവസം രമ തിരക്കിലായിരിക്കും. പോലീസ് ചിലപ്പോൾ സ്റ്റേറ്റ്മെന്റ് എടുക്കാൻ വന്നിട്ടുണ്ടാകും. അത് മണിക്കൂറുകളോളം നീളും. എന്നാലും ഞാൻ അത് സഹിക്കും. മാഡത്തിന്റെ സ്റ്റേറ്റ്മെന്റ് കിട്ടി കഴിഞ്ഞാൽ കേസ് കൂടുതൽ സ്ട്രോങ്ങാകും. മാഡം ഞങ്ങൾക്ക് എല്ലാ അർത്ഥത്തിലും ഒരു ടീച്ചറാണ്.
എന്നൊക്കെ പോലീസ് ഓഫീസേഴ്സ് പറയാറുണ്ട്. രമ പോസ്റ്റ്മാർട്ടം ചെയ്യാറുണ്ട്. അല്ലാതെ നോക്കി നിന്ന് അറ്റന്റർമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നയാളല്ല. പ്രൊഫഷൻ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുമ്പോഴും വീട്ടുകാര്യങ്ങളും നന്നായി നോക്കുമായിരുന്നു. നാല് മണിക്ക് എഴുന്നേറ്റ് കുട്ടികളുടെ കാര്യങ്ങളെല്ലാം നോക്കുമായിരുന്നു.

അവർ കൊച്ചുകുട്ടികളായിരുന്ന സമയത്ത് മീനിലെ മുള്ളുകൾ വരെ എടുത്ത് മാറ്റിയാണ് അവർക്ക് വേണ്ട പൊതിച്ചോറ് ആ തിരക്കിട്ട സമയത്തും രമ തയ്യാറാക്കിയിരുന്നത്. ഡ്രൈവറെ പോലും വെക്കാൻ സമ്മതിക്കാതെ രമ തന്നെ ഡ്രൈവ് ചെയ്ത് കുട്ടികളെ കൊണ്ട് വിടും. ഇരുപത്തിനാല് മണിക്കൂറൊന്നും രമയ്ക്ക് പോരാ. എന്നെക്കാളും ബിസിയായിരുന്നു. കമ്മിറ്റഡാണ്, ഡെഡിക്കേറ്റഡാണ്, ലവ്വിങ്ങാണ്. രമയാണ് എന്റെ മോഡൽ.
രമയെപ്പോലെയാകാൻ പറ്റിയില്ലെന്നതാണ് എന്റെ പോരായ്മ. അതുകൊണ്ടാണ് ഞാൻ പെർഫെക്ട് ജെന്റിൽമാനാണെന്ന് ആര് ചോദിച്ചാലും പറയാത്തത്. രമയെ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും അല്ല. രമ എനിക്ക് ഇൻസ്പിരേഷനാണ്. രമയെ ആദ്യം കണ്ടത് ഒരു പെണ്ണ് കാണൽ ചടങ്ങിൽ വെച്ചാണ്. എന്റെ ചേച്ചിയും രമയുടെ അമ്മയും ടീച്ചേഴ്സായിരുന്നു. ഒരിക്കൽ ചേച്ചി രമയുടെ വീട്ടിൽ ചെന്നപ്പോൾ എംബിബിഎസ് ഫൈനൽ ഇയർ വിദ്യാർത്ഥിയായ പെൺകുട്ടി തേങ്ങ പൊതിക്കുന്നതാണ് കണ്ടത്.
അവർക്ക് അതൊരു അത്ഭുതമായിരുന്നു. അങ്ങനെയാണ് പ്രപ്പോസലായി മുന്നോട്ട് കൊണ്ടുപോകുന്നത്. ഞങ്ങളുടെ ഫെയ്സ് കട്ടിൽ പോലും സാമ്യമുണ്ട്. എല്ലാം നിമിത്തമാണ്. കുട്ടികൾക്ക് ഞാൻ പറഞ്ഞുകൊടുക്കുന്നതെല്ലാം രമയുടെ കാര്യങ്ങളാണെന്നും ജഗദീഷ് പറയുന്നു.


Click it and Unblock the Notifications











