'എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു'; പാർവതിയെ കുറിച്ച് ജയറാം പറയുന്നു
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ വിവാഹം നടന്നതിനാൽ അഭിനയം ഒഴിവാക്കി കുടുംബിനിയായി മാറിയ നിരവധി അഭിനേത്രികൾ ഇന്ത്യൻ സിനിമയിലുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് പാർവതി. ഒട്ടനവധി പ്രഗത്ഭരായ സംവിധായകരുടേയും നടന്മാരുടേയും നായികയായി ഒരു കാലത്ത് പാർവതി തിളങ്ങി നിന്നിരുന്ന താരമാണ്. ജയറാമുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയത്തോട് പാർവതി വിട പറഞ്ഞത്. പക്ഷെ നൃത്തം ഇപ്പോഴും പാർവതി ഉപേക്ഷിച്ചിട്ടില്ല.
വിവാഹ ശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുള്ള ചോദ്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന നടൻ ജയറാമിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ തുറന്ന് പറച്ചിൽ. 'അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാർവതിയുമായുള്ള വിവാഹം. പാർവതിയായിരുന്നു അന്ന് എന്നേക്കാൾ സിനിമയിൽ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന്.'

'തുടക്കം മുതൽ പാർവതിയുമായി ഉണ്ടായിരുന്നത് ശക്തമായ പ്രണയം തന്നെയായിരുന്നു. പാർവതിയോട് ഇനി അഭിനയിക്കേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല. അവൾ തന്നെയാണ് ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തത്. ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും ജോലിക്ക് പോയാൽ ആ കുടുംബത്തിൽ സന്തോഷമുണ്ടാകില്ല. സിനിമയിൽ ഒട്ടും സാധ്യമാകില്ല. രണ്ടുപേർക്കും പലയിടത്തായിരിക്കും ഷൂട്ടിങ്. അതിനിടയിൽ വല്ലപ്പോഴും ആയിരിക്കും കാണുക. കുട്ടികളെയും ഇത് വല്ലാതെ ബാധിക്കും. ദുർബല ഹൃദയനായിട്ടുള്ള ആളാണ് ഞാൻ. കുറച്ച് കാലം സിനിമയില്ലാതെ ഇരുന്നപ്പോൾ സ്ഥിരമായി വിളിക്കുന്നവർ പോലും അകലം പാലിച്ചത് എന്നെ വിഷമിപ്പിച്ചിരുന്നു.'

'പരാജയങ്ങൾ എനിക്ക് ഇഷ്ടമാണ്. അപ്പോൾ മാത്രമാണ് സന്തോഷം അനുഭവിക്കാൻ പറ്റുകയുള്ളൂ. ജീവിതം വഴിമുട്ടി എന്ന് തോന്നിയപ്പോൾ പോലും പിന്തുണ നൽകി നിന്നത് പാർവതിയായിരുന്നു. കുറ്റപ്പെടുത്തിയിട്ടില്ല' ജയറാം പറയുന്നു. ജയറാം പാർവതി ദമ്പതികൾ മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ്. 1992 സെപ്റ്റംബർ ഏഴിനാണ് ജയറാം പാർവതിയെ വിവാഹം ചെയ്തത്. അന്ന് സൂപ്പർ താരമായി തിളങ്ങുകയായിരുന്നു പാർവതി. 1988ൽ അപരൻ എന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് പാർവതിയെ ജയറാം പരിചയപ്പെടുന്നത്. അപരനിൽ ജയറാമിന്റെ സഹോദരിയായിരുന്നു പാർവതി. പിന്നീട് ഇവർ പ്രണയത്തിലായി.

രഹസ്യമായി കൊണ്ടു നടന്ന ആ പ്രണയം പുറം ലോകത്തെത്തിച്ചത് ശ്രീനിവാസനാണ്. ജയറാമും പാർവതിയും തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന് മലയാളസിനിമയിൽ ചർച്ച തുടങ്ങിയ സമയത്താണ് തലയണമന്ത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. സത്യൻ അന്തിക്കാടാണ് ഈ സംശയം ആദ്യം പ്രകടിപ്പിച്ചത്. ഇത് കണ്ടുപിടിക്കാൻ ശ്രീനിവാസനെ ഏൽപ്പിച്ചു. അദ്ദേഹമാണ് പ്രണയത്തിലാണ് എന്നത് കണ്ടുപിടിച്ചത്. പാർവതിയേയും ജയറാമിനേയും പോലെ മക്കളും സിനിമയോടും അഭിനയത്തോടും താൽപര്യമുള്ളവരാണ്. കാളിദാസ് ഇതിനോടകം നിരവധി സിനിമകളിൽ നായകനായി കഴിഞ്ഞു.
Recommended Video

ജയറാം വീണ്ടും തെന്നിന്ത്യയിലെ തിരക്കുള്ള നടനായി മാറുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ വരാനുള്ളത് സത്യൻ അന്തിക്കാടിന്റെ മകളാണ്. മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന സിനിമ കൂടിയാണ് മകൾ. ഏപ്രിൽ 29 ന് തിയേറ്ററുകളിൽ എത്തും. ആറ് വർഷത്തിന് ശേഷം മീരാ ജാസ്മിൻ ഒരു മുഴുനീള വേഷത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് മകൾ. പത്ത് കൽപ്പനകൾ എന്ന ചിത്രത്തിലാണ് മീര അവസാനമായി അഭിനയിച്ചത്. എബ്രിഡ് ഷൈനിന്റെ പൂമരത്തിൽ അതിഥി വേഷം ചെയ്തിരുന്നു.


Click it and Unblock the Notifications