ഇൻഫ്രാ റെഡ് പോയി പുള്ളിമാനോട് ചോദിക്കും! സുരേഷ് ഗോപി ആദ്യമായി ഡിജിറ്റൽ ക്യാമറ വാങ്ങിയതിനെക്കുറിച്ച് ജയറാം
സിനിമയിൽ ഒരേ കാലത്ത് ഒരുപോലെ തിളങ്ങി നിന്ന രണ്ട് താരങ്ങളാണ് സുരേഷ് ഗോപിയും ജയറാമും. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഇരുവരും ഒരുമിച്ച് അഭിനയിച്ച സമ്മർ ഇൻ ബത്ലഹേം എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും രണ്ട് പേരും സുഹൃത്തുക്കളാണ്.
ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ചുള്ള ഒരു തമാശ പങ്കുവെച്ചിരിക്കുകയാണ് ജയറാം. സമ്മർ ഇൻ ബത്ലഹേം സിനിമ ചിത്രീകരിക്കുന്നതിനിടെ ആദ്യമായി വാങ്ങിയ ഡിജിറ്റൽ ക്യാമറയുമായി സെറ്റിലേക്ക് എത്തിയ സുരേഷ് ഗോപിയെക്കുറിച്ചാണ് ജയറാം സംസാരിച്ചത്.

'സമ്മർ ഇൻ ബത്ലഹേമിന്റെ ഷൂട്ടിന് പോയപ്പോൾ സുരേഷ് ഗോപി അന്ന് പുതിയ ക്യാമറ വാങ്ങിച്ചിട്ടുണ്ട്. എല്ലാവരും നോക്കി നിൽക്കുകയാണ്. ആദ്യമായി വാങ്ങിയ ഡിജിറ്റൽ ക്യാമറ. അന്ന് ഫിലിമുള്ള ക്യാമറ ആയിരുന്നല്ലോ. ഇതെങ്ങനെയാണെന്ന് ഞാൻ ചോദിച്ചു. ഇൻഫ്രാ റെഡ് ഉണ്ട്'
'ഇൻഫ്രാ റെഡ് പോയി അത് തിരിച്ച് വന്നിട്ട് നമ്മളോട് പറയും എടുക്കാമെന്ന്. അപ്പോൾ മാത്രമേ എടുക്കാവൂ എന്ന് പറഞ്ഞു. എനിക്ക് വൈൽഡ് ലൈഫ് ഭയങ്കര ഇഷ്ടമാണ്. ചുമ്മാ ഒരു ഡ്രെെവ് പോവാം സുരേഷേ എന്ന് പറഞ്ഞു'

'നീ എന്നെ വലിയ കാട്ടിലൊന്നും കൊണ്ടു പോവരുതെന്ന് പറഞ്ഞ് സമ്മതിപ്പിച്ച് കാട്ടിലേക്ക് പോയി. കാട്ടിൽ വൈകുന്നേരം നല്ല വെളിച്ചം. പുള്ളിമാനുകൾ കൂട്ടമായി നിൽക്കുന്നു. സുരേഷേ എടുക്കെന്ന് പറഞ്ഞു. എടാ ഇൻഫ്രാ റെഡ് പോണം. ഇൻഫ്രാ റെഡ് പോയിട്ട് മാനിന്റെയടുത്ത് പോയി ചോദിച്ച് തിരിച്ചു വരണം'
'എന്നിട്ട് അതെനിക്ക് ഇവിടെ സിഗ്നൽ തരും. അവസാനം ഇൻഫ്രാ റെഡ് വന്നപ്പോഴേക്കും മാനിന്റെ വാലിന്റെ അറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തത് ഒരു കാട്ട് പോത്ത് നിൽക്കുന്നു. ഇൻഫ്രാ റെഡ് പണ്ടാരമടങ്ങാനായി'

'ഞാൻ വിചാരിച്ചത് ഉഗ്രൻ ഫോട്ടോസ് ആയിരിക്കും എന്നാണ്. അടുത്ത ദിവസം സിബി മലയിലും മറ്റും സെറ്റിലുള്ള സമയത്ത് കാട്ടിൽ പോയ വീര കഥകൾ പറഞ്ഞു. ഫോട്ടോകൾ കാണാൻ വേണ്ടി ഷൂട്ടിംഗ് ഒക്കെ നിർത്തി. മാനിന്റെ ഫോട്ടോ കാണിച്ചപ്പോൾ മാനിന്റെ വാല് മാത്രം,' ജയറാം ചിരിച്ച് കൊണ്ട് പറഞ്ഞു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.

പൊന്നിയിൻ സെൽവനാണ് ജയറാമിന്റെ ഏറ്റവും പുതിയ സിനിമ. വൻ താരനിര അണിനിരക്കുന്ന മണിരത്നം ചിത്രത്തിൽ ജയറാമിനും നല്ല വേഷമാണ് ലഭിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്ത പൊന്നിയിൻ സെൽവന് മികച്ച പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. മറുവശത്ത് സുരേഷ് ഗോപിയുടെ മേ ഹൂം മൂസ എന്ന സിനിമയും റിലീസ് ചെയ്തിരിക്കുകയാണ്.


Click it and Unblock the Notifications