'ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു, താരിണിയെ ആദ്യമായി കണ്ടപ്പോൾ മോള് പെട്ടി കൂടി എടുത്തോണ്ട് പോരാനാണ് പറഞ്ഞത്'
2024 എല്ലാം കൊണ്ടും ഏറെ വിശേഷപ്പെട്ട വർഷമാണ് നടൻ ജയറാമിനെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. ഒരിടവേളയ്ക്കുശേഷം മനോഹരമായ ത്രില്ലർ സിനിമ അബ്രഹാം ഓസ്ലലറിലൂടെ ജയറാം മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്താൻ പോവുകയാണ്. അബ്രഹാം ഓസ്ലറാണ് ജയറാമിന്റെ 2024ലെ ആദ്യത്തെ സന്തോഷം. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്.
അഞ്ചാം പാതിര അടക്കമുള്ള സിനിമകളിലൂടെ വിസ്മയം സമ്മാനിച്ച മിഥുൻ മാനുവൽ തോമസാണ് അബ്രഹാം ഓസ്ലറിന്റെയും സംവിധായകൻ. ഏറെ സസ്പെൻസുകൾ നിറച്ച് എത്തുന്ന അബ്രഹാം ഓസ്ലറിൽ വ്യത്യസ്ത ലുക്കാണ് നടൻ ജയറാമിന്റേത്. കഴിഞ്ഞ കുറച്ച് നാളുകളായി ജയറാം മലയാളത്തിൽ ചെയ്ത സിനിമകൾ ഒന്നും തന്നെ വേണ്ടത്ര പ്രകടനം കാഴ്ചവെച്ചിരുന്നില്ല.

അതുകൊണ്ട് തന്നെ ജയറാം ഫീൽഡ് ഔട്ടായി എന്നുള്ള തരത്തിൽ വരെ സംസാരങ്ങൾ ഉണ്ടായിരുന്നു. മലയാളത്തിൽ നിന്നും വിട്ടുനിന്നപ്പോൾ അന്യഭാഷകളിൽ ജയറാം സജീവമായിരുന്നു. അബ്രാഹാം ഓസ്ലർ മലയാളത്തിലേക്കുള്ള ജയറാമിന്റെ തിരിച്ചുവരവാകുമെന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്. ജയറാമിന്റെ ഈ വർഷത്തെ മറ്റൊരു സന്തോഷം മക്കളായ മാളവികയും കാളിദാസും ഈ വർഷം വിവാഹിതരാകുമെന്നാണ്.
കഴിഞ്ഞ വർഷം അവസാനം ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. ഇപ്പോഴിതാ അബ്രാഹാം ഓസ്ലർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻവുഡ്സ് ഐസ് എന്ന യുട്യൂബ് ചാനലിൽ ജയറാം ഫാൻസ് മീറ്റ് സംഘടിപ്പിച്ചിരുന്നു.
ജയറാമിന്റെ ചെണ്ടമേളത്തോടെ ആരംഭിച്ച ഫാൻസ് മീറ്റിൽ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ആരാധകർ പങ്കെടുത്തു. ഫാൻസ് മീറ്റിനിടെ ഭാര്യ പാർവതിയേയും മക്കളേയും കുറിച്ചാണ് ആദ്യം ജയറാം സംസാരിച്ചത്. മക്കളുടെ വിവാഹം ഉറപ്പിച്ചതോടെ തനിക്ക് ഇപ്പോൾ രണ്ട് അല്ല നാലാണ് മക്കൾ എന്നാണ് ജയറാം പറഞ്ഞത്.
മക്കളുടെ പ്രണയം കാണുമ്പോൾ പാർവതിയുമായി പ്രണയത്തിലായിരുന്നപ്പോൾ വാട്സ് ആപ്പ് പോലുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലെന്ന് തോന്നിയിട്ടുണ്ടോ എന്നാണ് അവതാരക ജയറാമിനോട് ചോദിച്ചത്. അപ്പോഴാണ് മക്കളേയും ഭാര്യയേയും കുറിച്ച് താരം സംസാരിച്ചത്. ജയറാമിന്റെ വാക്കുകളിലേക്ക്... 'എന്ത് സാധനവും കിട്ടാതെ കിട്ടുമ്പോഴല്ലേ അതിന്റെ ഒരു സന്തോഷം. അഞ്ച് വർഷത്തെ ഞങ്ങളുടെ പ്രണയത്തിന് ഒരു ത്രില്ലുണ്ടായിരുന്നു.'

'1988ലാണ് പ്രണയം തുടങ്ങിയത്. 1992വരെ പ്രണയിച്ചു. 1992 സെപ്തംബർ 7നായിരുന്നു വിവാഹം. ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. രണ്ടുപേർക്കും കണ്ടപ്പോൾ തന്നെ പരസ്പരം ഇഷ്ടമായി. 1988 ഫെബ്രുവരി 18നാണ് ഞങ്ങൾ ആദ്യമായി മീറ്റ് ചെയ്യുന്നത്. അപ്പോൾ തന്നെ എന്നോട് ഇഷ്ടമാണെന്ന് അശ്വതിയും പറഞ്ഞിട്ടുണ്ട്. ഞാനും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്.'
'പക്ഷെ അതിന്റെ വൈബ് എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. വീട്ടിൽ എന്റെ മക്കൾക്ക് എല്ലാം ഫ്രീഡവും കൊടുത്തിട്ടുണ്ട്. അവർക്ക് എന്ത് വേണമെങ്കിലും ഞങ്ങളോട് പറയാം സുഹൃത്തുക്കളെപ്പോലെയാണ്. മോൻ ഒരു ദിവസം ഞങ്ങളോട് ചോദിച്ചു... ഞാൻ ഒരാളെ വൈകുന്നേരം വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നോട്ടെയെന്ന്. ഞങ്ങൾ ഓക്കെ പറഞ്ഞു.'
'കണ്ണന്റെ വധുവിന്റെ പേര് താരിണി കലിംഗരായർ എന്നാണ്. മോഡലാണ് കുട്ടി. വന്ന് കേറിയപ്പോൾ തന്നെ അത്രയും സുന്ദരിയായിട്ടുള്ള മരുമകളല്ലേ കയറി വരുന്നത്. അതുകൊണ്ട് തന്നെ മോള് പോയി പെട്ടി കൂടി എടുത്തോണ്ട് പോരാനാണ് പറഞ്ഞത്. ചക്കിയുടെ വിവാഹം മെയ്യിലും കണ്ണന്റേത് സെപ്റ്റംബറിലുമുണ്ടാകും', എന്നാണ് ജയറാം കുടുംബത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.
കാളിദാസ് തമിഴിലെ തിരക്കുള്ള യുവനടനാണിപ്പോൾ. മാളവിക സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും പരസ്യത്തിലും മ്യൂസിക്ക് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications