'കസവ് മുണ്ടിൽ അടിപൊളി'; ജയസൂര്യയുടെ ഭാര്യ സരിതയുടെ മുണ്ടുടുത്ത് മോഹന്‍ലാല്‍, ഡിസൈനറെ തിരക്കി ആരാധകർ!
ഫാഷന്റെയും ഫിറ്റ്നസിന്റെയും കാര്യത്തിൽ മലയാളത്തിലെ യൂത്തന്മാരെ കടത്തിവെട്ടും സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. രണ്ടുപേരുടെയും പ്രായവും ഫിറ്റ്നസും ലുക്കും തമ്മിൽ യാതൊരു വിധ ബന്ധവുമില്ല. അറുപത്തിരണ്ടിൽ എത്തിയെങ്കിലും ഫിറ്റ്നസിന്‌റെയും ഫാഷന്റെയും കാര്യത്തിൽ യൂത്തന്മാരുടെ മുകളിലാണ് മോഹൻലാൽ.
മമ്മൂട്ടിയും അതുപോലെ തന്നെ. മിനിസ്ക്രീൻ പ്രോഗ്രാമുകളിലും അന്യഭാഷ സിനിമകളിലും സജീവമായതുകൊണ്ട് തന്നെ മോഹൻലാലിന്റെ ഫാഷൻ സെൻസ് ആളുകൾ വളരെ അധികം ശ്രദ്ധിക്കാറുണ്ട്.
അദ്ദേഹം ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ചെരുപ്പുകൾ, വാച്ചുകൾ, തൊപ്പികൾ, ബാഗുകൾ എന്നിവയെല്ലാം ആളുകൾ ഇമിറ്റേറ്റ് ചെയ്യാനും ശ്രമിക്കാറുണ്ട്. ഫാഷനെ കുറിച്ചും പുതിയ ട്രെന്‍ഡുകളെ കുറിച്ചും യുവതലമുറയെക്കാള്‍ അറിവുളളയാൾ കൂടിയാണ് ലാലേട്ടന്‍ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയാറുള്ളത്. 'അദ്ദേഹത്തിന് എല്ലാ സ്റ്റൈലുകളെ കുറിച്ചും വളരെയധികം ധാരണയുണ്ട്.'

'ഫാഷനെ കുറിച്ചും ട്രെന്‍ഡുകളെ കുറിച്ചും അപ്ഡേറ്റഡാണ്. കളറില്‍ ചിലപ്പോള്‍ അഭിപ്രായങ്ങള്‍ പറയാറുണ്ട്. ഈ കളര്‍ കൊടുത്താല്‍ നന്നായിരിക്കും അങ്ങനെയൊക്കെ പറയാറുണ്ടെന്നാണ്', ജയിലറിൽ അടക്കം മോഹൻലാലിനായി വസ്ത്രം ഡിസൈൻ ചെയ്ത് കൊടുത്ത ജിഷാദ് ഒരിക്കൽ പറഞ്ഞത്.
ജയിലറിലെ മോഹൻലാലിന്റെ മാത്യുവെന്ന കഥാപാത്രം ധരിച്ച ഫ്ലോറൽ ഡിസൈനുള്ള ഷർട്ടുകൾ ജയിലർ റിലീസിന് ശേഷം ട്രെന്റിങാണ്. ഇപ്പോഴിതാ വീണ്ടും മോഹൻലാലിന്റെ ഒരു ലുക്ക് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്. ഇത്തവണ മുണ്ടും ഷർട്ടും ധരിച്ച് വളരെ സിംപിൾ ലുക്കിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇത്രയും സിംപിളായ ലുക്ക് വൈറലാകുന്നതിന് പിന്നിൽ മുണ്ടിന്റെ കളറും ഡിസൈനുമാണ്. പൊതുവെ മുണ്ടിൽ മാസും സ്റ്റൈലും കാണിക്കാൻ മോഹൻലാൽ കഴിഞ്ഞെ മറ്റൊരു നടനുള്ളുവെന്നത് മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. കസവ് മുണ്ട് മോഹൻലാലിനോളം ചേരുന്ന മറ്റൊരു നടനില്ല. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നടൻ ജോജു ജോർജ് പോയിരുന്നു.
ലാലേട്ടനുമായി കുറച്ച് സമയം ചിലവഴിക്കാൻ പറ്റിയ സന്തോഷം അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോജു ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ലാലേട്ടൻ എന്നായിരുന്നു ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് ജോജു നൽകിയ ക്യാപ്ഷൻ.

ഇളം പച്ച നിറത്തിലുള്ള ചൈനീസ് കോളർ ഷർട്ടും ഓഫ് വൈറ്റും പച്ചയും കലർന്ന കസവ് മുണ്ടുമായിരുന്നു മോഹൻലാൽ ധരിച്ചിരുന്നത്. ഫോട്ടോ വൈറലായതോടെ കമന്റുകൾ ഏറെയും മുണ്ടിനെ കുറിച്ചും മുണ്ടിന്റെ ഡിസൈനർ ആരാണെന്ന് തിരക്കിയുമായിരുന്നു. ലാലേട്ടന്റെ കസവ് മുണ്ട് എന്ത് ഭംഗിയാ, മുണ്ട് ഇഷ്ടായി, പുതിയ മോഡൽ മുണ്ട് കലക്കി എന്നിങ്ങനെ എല്ലാമായിരുന്നു കമന്റുകള്‍.
ലാലേട്ടന്റെ മുണ്ട് ജയസൂര്യ ഉടുത്ത് കണ്ടിട്ടുണ്ടെന്നും, ജയസൂര്യ തന്നതാണോ മുണ്ട് എന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. അതേ... ആരാധകരുടെ സംശയം ശരിയാണ് ലാലേട്ടന് വൈറൽ മുണ്ട് സമ്മാനിച്ചത് ജയസൂര്യയുടെ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സരിതയാണ്.
ഇതേ കളറിൽ സരിത ഡിസൈന്‍ ചെയ്ത മുണ്ടില്‍ ജയസൂര്യ നില്‍ക്കുന്ന കുറേ ഏറെ ചിത്രങ്ങള്‍ ഇതിനോടകം സരിതയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്നിട്ടുണ്ട്. ഇതേ കളര്‍ പാറ്റേണിലും വേറെ വ്യത്യസ്തമായ നിറത്തിലുള്ള മുണ്ടും ജയസൂര്യ ഉടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ആരാധകർക്കും ഡിസൈനറെ വേഗത്തിൽ പിടികിട്ടിയത്.
സരിത സിനിമാ മേഖലയിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ് ഇപ്പോൾ. ജയസൂര്യയുടെ സിനിമകളിൽ വസ്ത്രാലങ്കാരം താരത്തിനായി ചെയ്യുന്നത് സരിതയാണ്. സരിതയുടെ ബോട്ടീക്കിന്റെ പ്രധാന മോഡലും ജയസൂര്യയാണ്. ആട് സിനിമയ്ക്ക് വേണ്ടി അകത്തും പുറത്തും രണ്ട് നിറമുള്ള മുണ്ട് ഡിസൈൻ ചെയ്തും സരിത ശ്രദ്ധനേടിയിരുന്നു. ലാലേട്ടൻ ഉടുത്തതോടെ സരിതയുടെ മുണ്ട് വീണ്ടും വൈറലായി.


Click it and Unblock the Notifications