'ജിഷിൻ വരദയെ വിട്ടോ? ഇതെന്താ വേറെ വിവാഹം കഴിക്കുന്നത്? തല്ലി കൊല്ലാൻ തോന്നുന്നുവെന്നൊക്കെ പറയും'; ജിഷിൻ മോഹൻ
സീരിയൽ പ്രേക്ഷകർക്ക് നടൻ ജിഷിൻ മോഹനേയും ഭാര്യ വരദയേയും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഓട്ടോഗ്രാഫ് സീരിയൽ മുതൽ ജിഷിൻ പ്രേക്ഷകർക്ക് പ്രിയങ്കരാണ്. മറ്റുള്ള താര ദമ്പതികളെപ്പോലെ തന്നെ ഒരുമിച്ച് സീരിയൽ ചെയ്ത ശേഷം പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ് ഇരുവരും.
സീരിയലിൽ മാത്രമല്ല സിനിമയിലും തിളങ്ങിയിട്ടുള്ളയാളാണ് വരദ. ഇരുവരും കുറച്ച് നാളുകളായി പിരിഞ്ഞ് താമസിക്കുകയാണ്. അത് ആരാധകർക്കും വലിയ വേദനയുണ്ടാക്കി. ആരാധകർ സെലിബ്രേറ്റ് ചെയ്തിരുന്ന താരദമ്പതികളായിരുന്നു ഇരുവരും.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിലും തരംഗമാവാറുണ്ടായിരുന്നു. ഇപ്പോൾ വരദ യുട്യൂബ് ചാനലും അഭിനയവുമായി തിരക്കിലാണ്. അടുത്തിടെയായിരുന്നു വരദയുടെ പുതിയ വീടിന്റെ പാല് കാച്ചൽ. അതിനും ജിഷിൻ പങ്കെടുത്തിരുന്നില്ല.
ഇപ്പോഴിത വില്ലൻ വേഷം ചെയ്യാൻ തുടങ്ങിയ ശേഷം പ്രേക്ഷകരിൽ നിന്നും വരുന്ന കമന്റുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജിഷിൻ മോഹൻ. പലരും സീരിയലും ജീവിതവും ഒന്നാണെന്ന് കരുതി അത്തരത്തിൽ തന്നെ കാണുമ്പോൾ പ്രതികരിക്കുമെന്നാണ് ജിഷിൻ പറയുന്നത്.
സീരിയൽ താരങ്ങളോടുള്ള ആരാധന മൂത്ത് അവർക്കൊപ്പം നിന്ന് സെൽഫി പകർത്താൻ തിരുവനന്തപുരത്ത് ഹോട്ടലിൽ റൂമെടുത്ത് താമസിച്ച് ആർട്ടിസ്റ്റുകൾക്കൊപ്പം സെൽഫി പകർത്തുന്ന വ്യക്തിയെ കുറിച്ചും ജിഷിൻ വെളിപ്പെടുത്തി. ബോഡി കറക്ടായി മെയിന്റെയിൻ ചെയ്തില്ലെങ്കിൽ ഫീൽഡിൽ പിടിച്ച് നിൽക്കാൻ പറ്റില്ല.
ചിലപ്പോഴൊക്കെ സീരിയൽ കാണുന്ന അമ്മമാർ എന്നെ കാണുമ്പോൾ പറയും നിന്നെ തല്ലി കൊല്ലാൻ തോന്നുന്നുവെന്ന്. പക്ഷെ ഇപ്പോൾ നമ്മൾ പങ്കെടുക്കുന്ന ഇന്റർവ്യൂ, റിയാലിറ്റി ഷോയൊക്കെ കണ്ടിട്ട് അവർക്ക് എന്റെ സ്വഭാവം മനസിലായിട്ടുണ്ട്. സീരിയൽ കാണുമ്പോഴുള്ള അമ്മമാരുടെ പ്രതികരണം സുഹൃത്തുകൾ എടുത്ത് അയച്ച് തരാറുണ്ട്. ജിഷിൻ പറഞ്ഞു.
സീരിയൽ കല്യാണം റിയലാണെന്ന് കരുതുന്ന ചിലരുണ്ടെന്നും ജിഷിൻ പറഞ്ഞു. 'ഓട്ടോഗ്രാഫ് മുതലുള്ള എന്റേയും രഞ്ജിത്തിന്റേയും സീരിയലുകളെല്ലാം കണ്ട് ഫാനായ ഒരു വ്യക്തിയുണ്ട്. അവൻ ഇടയ്ക്ക് തിരുവനന്തപുരത്ത് വരും. സീരിയൽ ആർട്ടിസ്റ്റുകൾ താമസിക്കുന്ന ഹോട്ടലിൽ റൂമെടുത്ത് ആർട്ടിസ്റ്റുകൾക്കെല്ലാം ഒപ്പം സെൽഫി എടുത്ത് സോഷ്യൽമീഡിയയിൽ ഇടും.'
'അവന്റെ ഉമ്മ പലഹാരം, നട്സ്, സ്പ്രേ തുടങ്ങിയവയെല്ലാം അവന്റെ കൈയ്യിൽ കൊടുത്ത് വിടും. ഞങ്ങൾക്കെല്ലാം അവൻ അത് വീതിച്ച് തരും. ഒരു ദിവസം സീരിയലിലെ എന്റെ വിവാഹം കണ്ടിട്ട് അവന്റെ ഉമ്മ അവനോട് ചോദിച്ചൂ... ജിഷിൻ വരദയെ വിട്ടോ? ഇതെന്താ വേറെ വിവാഹം കഴിക്കുന്നത്? അതെന്ത് പരിപാടിയാണ് എന്നൊക്കെ.'

'കാരണം അവർ കരുതും യഥാർഥ്യം അതാണെന്നാണ്' ജിഷിൻ പറഞ്ഞു. ഒരു മാസം സീരിയലിൽ അഭിനയിച്ച് സമ്പാദിക്കുന്നത് കൊണ്ട് ജീവിതം തള്ളി നീക്കുന്നതിനെ കുറിച്ചും ജിഷിൻ സംസാരിച്ചു. 'പുറമെ കാണുന്നവർ കരുതും ഞങ്ങൾ സീരിയൽ താരങ്ങളുടേത് പോഷ് ലൈഫാണെന്ന്. പക്ഷെ യഥാർഥ്യം അതല്ല. എന്നെ പോലെ വില്ലൻ വേഷം അല്ലെങ്കിൽ അത്തരത്തിലുള്ള കഥാപത്രങ്ങൾ ചെയ്യുന്നവർക്ക് മാസത്തിൽ ഒരു സീരിയലിൽ അഞ്ചോ ആറോ ദിവസത്തെ ഷൂട്ട് മാത്രമെ ഉണ്ടാകൂ.'
'അതുകൊണ്ട് തന്നെ ഒരു മാസത്തേക്കുള്ള വരുമാനം കണ്ടെത്താൻ രണ്ടോ മൂന്നോ സീരിയലുകളിൽ അഭിനയിക്കേണ്ടി വരും. അപ്പോഴെ കാര്യങ്ങൾ നടന്ന് പോകൂ. നമുക്ക് കിട്ടുന്ന പെയ്മെന്റിൽ നിന്നാണ് വസ്ത്രങ്ങളും മറ്റും വാങ്ങുന്നത്. ബീന ചേച്ചിക്കൊക്കെ ഒരു ഷെൽഫ് നിറയെ സാരിയാണ്. അങ്ങനെ മാറി മാറി വസ്ത്രം ധരിച്ചെ പറ്റൂ. അത് കാണാൻ ആളുണ്ട്. സ്ത്രീകൾക്കാണ് കൂടുതൽ ചിലവ്. റിപ്പീറ്റ് ഇടാൻ പറ്റില്ല വസ്ത്രങ്ങൾ.'
'പിന്നെ ബോസ് പോലുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ കോട്ട്, കാരവാൻ, ആഡംബര വാഹനമൊക്കെ കമ്പനി തരും. പക്ഷെ ഒറ്റ ദിവസത്തെ വർക്ക് മാത്രമെ ഉണ്ടാകൂ. ചിലവ് കൂടാതിരിക്കാൻ ഒരു ദിവസം തന്നെ മാക്സിമം സീനുകൾ ഷൂട്ട് ചെയ്യും.'
'അവസാനം എനിക്ക് ഒരു ദിവസത്തെ വർക്കും എന്റെ ഗുണ്ടകൾക്ക് പതിനാറ് ദിവസത്തെ വർക്കും ഉണ്ടാകും. അതുകൊണ്ട് ഞാൻ സംവിധായകരോട് ചോദിക്കും എനിക്ക് ഗുണ്ടയുടെ കഥാപാത്രം തരുമോയെന്ന്' ജിഷിൻ പറഞ്ഞു. കൊവിഡ് കാലത്ത് സീരിയൽ താരങ്ങളുടെ അവസ്ഥ വിശദമാക്കി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു ജിഷിൻ.


Click it and Unblock the Notifications











