'കിച്ചൺ ക്ലീനിങ് മക്കളും ചെയ്യും, അവർ തമ്മിൽ കൂടുതൽ സിങ്കായി, എന്റെ ഭാര്യയ്ക്ക് നല്ല ബുദ്ധിയാണെന്ന് മനസിലായി'
കലാഭവൻ ഷാജോണിനുള്ളതുപോലെ തന്നെ ആരാധകർ ഭാര്യ ഡിനിയ്ക്കും മക്കളായ ഹന്നയ്ക്കും യോഹാനുമുണ്ട്. മൂവരും കോമഡി റീൽസുകൾ ചെയ്ത് വൈറലായാണ് ആരാധകരെ സമ്പാദിച്ചത്. ഡിനിയ്ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. ക്രോഷെ ക്രാഫ്റ്റ് വർക്കിൽ താൽപര്യമുള്ളതിനാൽ അതുമായി ബന്ധപ്പെട്ട ടൂട്ടോറിയൽ വീഡിയോകളാണ് ഏറെയും ഡിനി പങ്കുവെക്കാറുള്ളത്. ഷാജോണിന്റെ പാത പിന്തുടർന്ന് മകൻ യോഹാൻ സിനിമയിലേക്ക് അരങ്ങേറിയിരുന്നു.
അപ്പനും മക്കളുമാണോ അതോ ഇവർ സുഹൃത്തുക്കളാണോയെന്ന് ഷാജോണും മക്കളും തമ്മിലുള്ള വീഡിയോകൾ കാണുമ്പോൾ അറിയാതെ തോന്നിപ്പോകും. ഇപ്പോഴിതാ ഭാര്യയേയും മക്കളേയും കുറിച്ച് മനസ് തുറക്കുകയാണ് ഷാജോൺ. മനോരമ മാക്സിലെ ഓഫ് സ്ക്രിപ്റ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.

കിച്ചൺ ക്ലീനിങ് അടക്കമുള്ള ജോലികൾ ചെയ്യാൻ സമയം കണ്ടെത്തുന്നവരാണ് മക്കളെന്നും ആ ശീലം അവരിൽ വളർത്തിയത് തന്റെ ഭാര്യയാണെന്നും ഷാജോൺ പറയുന്നു. ഒരു ദിവസം കിച്ചൺ ക്ലീനിങ് മോളാണെങ്കിൽ ഒരു ദിവസം അത് മോൻ ചെയ്യും. അത് ഒരു റൊട്ടേഷനായാണ് അവർ ചെയ്യാറുള്ളത്. അവർ അത് ചെയ്യുന്നത് കണ്ട് ഭാര്യയോട് ഞാൻ ചോദിച്ചിരുന്നു... അത് എന്തിനാണ് അവരെ കൊണ്ട് ചെയ്യിപ്പിക്കുന്നത് നിനക്ക് അത് ചെയ്തൂടേയെന്ന്.
അതിൽ ചില കാര്യമുണ്ട് കണ്ടോളൂവെന്നായിരുന്നു ഭാര്യയുടെ മറുപടി. വൈകുന്നേരമായാൽ കറക്ടായി ഒന്നുകിൽ മോള് ഇയർഫോണൊക്കെ കുത്തിവന്ന് കിച്ചൺ മുഴുവൻ ക്ലീൻ ചെയ്യും. ആ സമയത്ത് അവളെ ആരും ശല്യപ്പെടുത്താൻ പാടില്ല. അവൾ എല്ലാം ക്ലീൻ ചെയ്ത് വൃത്തിയാക്കിയിടും.
ശേഷം വന്ന് ഉമ്മയും തന്നിട്ട് അവൾ പോയി കിടക്കും. അതുപോലെ അടുത്ത ദിവസം മോനും ചെയ്യും. ഇവർ ഈ ജോലി ടേണായി ചെയ്ത് തുടങ്ങിയപ്പോൾ അവർ തമ്മിൽ സിങ്കായി. അവർ തമ്മിൽ ഡിസ്കസ് ചെയ്താണ് ജോലി അറേഞ്ച് ചെയ്ത് ചെയ്യുന്നത്. അവൾക്ക് വയ്യാത്ത ദിവസമാണെങ്കിൽ അന്ന് അവൻ ചെയ്യും. അതുപോലെ അവന് ബുദ്ധിമുട്ട് വരുമ്പോൾ അവൾ ചെയ്യും. അങ്ങനെ ചെയ്ത് തുടങ്ങിയപ്പോൾ അവർ തമ്മിൽ കൂടുതൽ സംസാരിക്കാൻ തുടങ്ങി.
ഞങ്ങൾ കൂടുതൽ ഷെയർ ചെയ്യാൻ തുടങ്ങിയെന്ന് ഒരിക്കൽ മോള് തന്നെ എന്നോട് വന്ന് പറഞ്ഞു. എനിക്ക് ഒരിക്കലും ഇങ്ങനെയുള്ള ബുദ്ധിയൊന്നും വരില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് എന്റെ ഭാര്യയുടെ ചില ചിന്തകളും കാര്യങ്ങളും നല്ലതായി തോന്നിയിട്ടുണ്ടെന്ന്. അവൾക്ക് ഭയങ്കര ബുദ്ധിയാണെന്ന് പറഞ്ഞത്.

എല്ലാവർക്കും ഉണ്ടായിരിക്കാം. ഫാമിലി പ്ലാനിങിന്റെ ഭാഗമായിരിക്കാം അത്. ഇങ്ങനെ പോയാൽ നന്നാകുമെന്ന് ഭർത്താക്കന്മാരെ പറ്റി തന്നെ ഭാര്യമാർക്ക് ഐഡിയ ഉണ്ടാകും. ആദ്യം കേൾക്കുമ്പോൾ പക്ഷെ നമുക്ക് അത് തെറ്റായി തോന്നുമെങ്കിലും അത് ശരി തന്നെയാണെന്നും ഷാജോൺ പറഞ്ഞു. എല്ലാ കാര്യങ്ങളും ഞാൻ ഭാര്യയോട് പറയും. അവളോട് പറയാൻ പറ്റാത്ത കാര്യങ്ങളുണ്ട് അത് ഞാൻ പറയില്ല. പക്ഷെ അവളോട് പറയേണ്ട കാര്യങ്ങളുണ്ട് അത് ഞാൻ അവളോട് പറയും.
അതുപോലെ ഭാര്യയുടെ അഭിപ്രായങ്ങൾ ഞാൻ എടുക്കാറുണ്ട്. മിക്ക കാര്യങ്ങളിലും എന്നെക്കാൾ നന്നായി അഭിപ്രായം പറയാനും തീരുമാനം എടുക്കാനും മിടുക്കി എന്റെ ഭാര്യ തന്നെയാണ്. ഡിസഷൻ മേക്കർ ഭാര്യ തന്നെയാണ്. നിർണ്ണായകഘട്ടങ്ങളിൽ അവളോട് ഡിസ്കസ് ചെയ്ത് ഞാൻ അഭിപ്രായം തേടാറുണ്ട്.
അവൾ പറയുന്നതിനോട് എന്റെ അഭിപ്രായം യോജിച്ച് നിൽക്കുന്നില്ലെങ്കിൽ അതും ഞാൻ അവളോട് പറയും. അപ്പോൾ അവൾ പറയുക ഞാൻ വിചാരിക്കാത്ത തലങ്ങളാകും. എന്റേതാണ് ശരിയെന്ന് തോന്നിയാൽ അവൾ അതിനൊപ്പവും നിൽക്കുമെന്നും ഷാജോൺ പറഞ്ഞു.


Click it and Unblock the Notifications











