'അനുവിനെ ഞാൻ ഹഗ് ചെയ്ത് മാറിയപ്പോൾ രണ്ടുപേരുടേയും കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു, മോളെയാണ് ഓർത്തത്'; ഷാജോൺ!
മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ കലാഭവൻ ഷാജോൺ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് സീരിയസ് വേഷങ്ങളിലൂടെയാണ്. കൂടുതലും വില്ലത്തരം നിറഞ്ഞ പോലീസ് വേഷങ്ങൾ ചെയ്ത ഷാജോണിന്റെ പിതാവ് ഒരു പൊലീസുകാരൻ ആയിരുന്നു എന്നതാണ് മറ്റൊരു കൗതുകം. എന്നേയും ഒരു പൊലീസുകാരൻ ആക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം.
പക്ഷെ നടന്നില്ല. ജീവിതത്തിൽ പൊലീസായില്ലെങ്കിലും സിനിമയിൽ പൊലീസ് വേഷങ്ങൾ എന്നെ കൂടുതൽ തേടിയെത്തി എന്നത് അച്ഛന്റെ അനുഗ്രഹമായിരിക്കും എന്നാണ് മുമ്പൊരിക്കൽ അഭിമുഖത്തിനിടെ ഷാജോൺ പറഞ്ഞത്.
ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഷാജോൺ മുഴുനീള വേഷത്തിലെത്തുന്ന സന്തോഷം എന്നൊരു സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ അനുസിത്താരയുടെ അച്ഛന്റെ വേഷമാണ് ഷാജോൺ ചെയ്യുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററും ടീസറുമെല്ലാം വൈറലായിരുന്നു.
ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ കലാഭവൻ ഷാജോൺ ചില ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

ചില സീനുകൾ അനുസിത്താരയുടെ അച്ഛനായി ചെയ്തപ്പോൾ കണ്ണുനിറഞ്ഞുവെന്നാണ് ഷാജോൺ പറയുന്നത്. അനുസിത്താരയിൽ തന്റെ മകളുടെ മുഖമാണ് കണ്ടതെന്നും ഷാജോൺ പറയുന്നു. 'കഥ ഇഷ്ടപ്പെട്ടിട്ടാണ് സന്തോഷം ചെയ്യാൻ തീരുമാനിച്ചത്.'
'പറയുന്ന പൈസ കൃത്യമായി ചോദിച്ച് വാങ്ങിക്കാറുണ്ട്. ഇപ്പോഴെല്ലാം അക്കൗണ്ട് വഴിയല്ലേ അതുകൊണ്ട് പ്രതിഫലം കൃത്യമായി കിട്ടാറുണ്ട്. നിർമാതാക്കൾ ആദ്യം വില പേശുമെങ്കിലും അവസാനം പറഞ്ഞ് ഉറപ്പിച്ച തുക എന്തായാലും തരും.'

'ലിസ്റ്റിനൊക്കെ പ്രതിഫലത്തിന്റെ പേരിൽ തർക്കിക്കും. ശേഷം പക്ഷെ പറഞ്ഞ പ്രതിഫലം തരും. മല്ലിക ചേച്ചി കൊണ്ടുവരുന്ന ഡേറ്റ്സും നട്സും ഞങ്ങളാണ് കഴിച്ച് തീർക്കാറുള്ളത്. പൃഥ്വിരാജ് കഴിക്കുന്ന തരത്തിൽ ആ ക്വാളിറ്റിയുള്ള ഡേറ്റ്സാണ് മല്ലിക ചേച്ചി കൊണ്ടുവരാറുള്ളത്.'
'അത് കഴിച്ചാൽ പൃഥ്വിരാജിനെപ്പോലെ ആയാലോയെന്ന് കരുതി ഞാൻ കുറെ കഴിച്ചു. പേരയ്ക്കയൊക്കെ കൊണ്ടുതരും. പക്ഷെ മല്ലിക ചേച്ചി തന്ന ഫുഡ് കഴിച്ച് പൃഥ്വിരാജിനെപ്പോലെ ആയില്ല. സന്തോഷത്തിൽ അനു സിത്താരയുടെ അച്ഛനായിട്ടാണ് അഭിനയിച്ചത്.'

'വളരെ ഫ്രണ്ട്ലി ആയിട്ടുള്ള അച്ഛനാണ്. അതുകൊണ്ട് സന്തോഷത്തിൽ നര ഇട്ടിട്ടില്ല. എനിക്ക് രണ്ട് മക്കളാണ്. അത് മൂത്തത് മകളാണ്. അതുകൊണ്ട് മകളുടെ വളർച്ച കാണുമ്പോൾ നമുക്ക് വല്ലാത്തൊരു സന്തോഷം തോന്നും. എനിക്ക് ഒരു മോളുള്ളതുകൊണ്ടാണോയെന്ന് അറിയില്ല... അനു സിത്താര സിനിമയിലെ ഒരു സീനിൽ വിവാഹത്തോട് അനുബന്ധിച്ച് കാലിൽ വീണ് അനുഗ്രഹം വാങ്ങുന്ന ഒരു സീനുണ്ട്.'
'അങ്ങനെ അനു സിത്താര ചെയ്ത് എഴുന്നേറ്റ ശേഷം ഒരു സെക്കന്റ് എനിക്ക് എന്റെ മോളെ ഓർമ വന്നു. അടുത്തത് അഭിനയിക്കേണ്ടത് മറന്നുപോയി. എന്റെ മോളെ ആ സിറ്റുവേഷനിൽ ഞാൻ ഓർത്തുപോയത് കൊണ്ടാകണം.'

'ഉടൻ ഞാൻ അനുവിനെ ഹഗ് ചെയ്തു. എന്റെ മോളെ ഹഗ് ചെയ്യുന്നപോലെയാണ് തോന്നിയത്. ശേഷം കട്ട് പറഞ്ഞ് ഞങ്ങൾ മാറിയപ്പോൾ രണ്ടുപേരുടേയും കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.'
'എന്റെ മോളും ഒരു ദിവസം ഇങ്ങനെ വിവാഹം ചെയ്ത് മറ്റൊരാൾക്കൊപ്പം പോകുമല്ലോയെന്ന ചിന്തയായിരുന്നു അപ്പോൾ മനസിൽ. ആ സീൻ ഷൂട്ട് ചെയ്യുന്നത് സെറ്റിൽ കണ്ടുകൊണ്ട് നിന്ന ഒരു ചേട്ടനും കരഞ്ഞു. അദ്ദേഹം അത് എന്നോട് പറഞ്ഞപ്പോഴും കരയുന്നുണ്ടായിരുന്നു' കലാഭവൻ ഷാജോൺ പറഞ്ഞു.

മീസ്-എന്‍-സീന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണിനും അനുസിത്താരയ്ക്കും പുറമെ ഡോക്ടര്‍ സുനീര്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കാര്‍ത്തിക് എ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നു. അര്‍ജുൻ ടി സത്യന്റേതാണ് തിരക്കഥ.


Click it and Unblock the Notifications











