'ജയറാമിന്റെ വരുംകാല മരുമകൾക്കൊപ്പം ദിലീപ്'; നടന് കാമുകിയെ പരിചയപ്പെടുത്തി കൊടുത്ത് കാളിദാസ്, വൈറലായി വീഡിയോ!
ജയറാം കുടുംബത്തെ കുറിച്ച് തെന്നിന്ത്യയിലുള്ള സിനിമാപ്രേമികൾക്ക് പ്രത്യേകം പറഞ്ഞ് കൊടുക്കേണ്ടതില്ല. മലയാളത്തിൽ നിന്നാണ് തുടക്കമെങ്കിലും ഇന്ന് ജയറാമും മകൻ കാളിദാസുമെല്ലാം തമിഴ്, തെലുങ്ക് സിനിമാ മേഖലകളിലും സജീവമാണ്.
തമിഴിലെ യുവ താരനിരയിൽ മുന്നിലുണ്ട് കാളിദാസ് ജയറാം. വിക്രം, പാവ കഥൈകൾ പോലുള്ള സിനിമകൾ പുറത്തിറങ്ങിയ ശേഷമാണ് കാളിദാസ് ജയറാമിന് തമിഴിൽ ആരാധകരുണ്ടായത്. ജയറാം ഇപ്പോൾ കൂടുതലായും തമിഴിലും തെലുങ്കിലുമാണ് സിനിമകൾ ചെയ്യുന്നത്.
മലയാളത്തിൽ ജയറാം അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മകൾ എന്ന സത്യൻ അന്തിക്കാട് സിനിമയാണ്. മീര ജാസ്മിൻ നായികയായ സിനിമ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നേടിയത്.
സോഷ്യൽമീഡിയയിൽ സജീവമാണ് ജയറാമും ഭാര്യ പാർവതിയും മക്കളായ കാളിദാസും മാളവികയുമെല്ലാം. അതിനാൽ തന്നെ ഇവർ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെയാണ് ആരാധകരെ അറിയിക്കുന്നതും.

ഇരുപത്തിയൊമ്പതുകാരനായ കാളിദാസ് ജയറാമിന് തെന്നിന്ത്യയിൽ നിരവധി ആരാധികമാരുണ്ട്. അവരുടെയെല്ലാം പ്രതീക്ഷകൾ തകർക്കുന്ന തരത്തിലാണ് അടുത്തിടെ കാളിദാസ് തന്റെ പ്രണയിനിയെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണി കലിംഗരായരാണ് കാളിദാസിന്റെ ഭാവി വധു. കാളിദാസിന്റെ അടുത്ത സുഹൃത്താണ് തരിണി. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ പ്രൊഫൈലില്‍ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെ നിത്യ സന്ദർശകയാണ് തരിണി. ഇക്കഴിഞ്ഞ ഓണം സെലിബ്രേഷന് വേണ്ടി തരിണി കാളിദാസിനൊപ്പം ചെന്നൈയിലെ വീട്ടിലെത്തിയിരുന്നു. അന്ന് എടുത്ത കുടുംബ ചിത്രവും കാളിദാസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
അന്ന് മുതൽ ജയറാം കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത സുന്ദരിയുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിൽ തരിണിക്കൊപ്പമുള്ള പ്രണയാർദ്രമായ ചിത്രങ്ങൾ പങ്കുവെച്ച് തരിണി തന്റെ പ്രണയിനിയാണെന്ന് കാളിദാസ് തന്നെ വെളിപ്പെടുത്തിയത്.

ഇപ്പോഴിത കാമുകിക്കൊപ്പമുള്ള കാളിദാസിന്റെ പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ജയറാം കുടുംബസമേതം കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു വിവാഹ വീഡിയോയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കാളിദാസിന്റെ പ്രണയിനി തരിണി കലിംഗരായരും ഇവർക്കൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജയറാമിന്റെ അടുത്ത ബന്ധുവിന്റെ വിവാഹമായിരുന്നു. ബ്രാഹ്മണ രീതിയിലുള്ള വിവാഹമായിരുന്നു ഇവരുടേത്.

തരുണിയെ മറ്റ് ബന്ധുക്കള്‍ക്ക് പാര്‍വതിയും ജയറാമും പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. നടന്മാരായ ദിലീപ്, പ്രഭു, സിദ്ധാർഥ്, സുന്ദർ സി, വിക്രം പ്രഭു, അരുൺ വിജയ് തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
തരിണിയെ ദിലീപിന് പരിചയപ്പെടുത്തുന്ന കാളിദാസനെയും വീഡിയോയിൽ കാണാം. ഹെവി വർക്കുള്ള സാരിയണിഞ്ഞ് ട്രഡീഷണൽ ലുക്കിലാണ് തരുണി കാളിദാസിനൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. മലയാളത്തിൽ നിന്ന് വളരെ കുറച്ച് സെലിബ്രിറ്റികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

തരിണി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. പാ. രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നകർകിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. രജ്നി ആണ് കാളിദാസിന്റെ പുതിയ ചിത്രം. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പ്രധാന വേഷത്തിൽ കാളിദാസാണ് അഭിനയിക്കുന്നത്.
ജയറാമിന്റെ മകൾ മാളവിക അടുത്തിടെ ഒരു മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചിരുന്നു. സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് മാളവികയുടേയും ലക്ഷ്യം. ജയറാമുമായുള്ള വിവാഹശേഷമാണ് നടി പാർവതി അഭിനയത്തിന് ഫുൾസ്റ്റോപ്പിട്ടത്.
പാർവതി വീണ്ടും അഭിനയിച്ച് കാണണമെന്നത് പ്രേക്ഷകരുടേയും വലിയ ആഗ്രഹമാണ്. പക്ഷെ പാർവതിക്ക് കുടുംബവും കുട്ടികളുമാണ് പ്രധാനപ്പെട്ടത്.


Click it and Unblock the Notifications