'കയ്യടി കിട്ടാൻ അങ്ങനെ പറയാൻ പറഞ്ഞത് അപ്പയാണ്... ആദ്യത്തെ അമ്മയായതുകൊണ്ട് കുറച്ച് സ്പെഷ്യലാണ്'; കാളിദാസ്!
അഞ്ച് വയസ് പ്രായമുള്ളപ്പോൾ മുതൽ കാളിദാസിനെ കണ്ട് തുടങ്ങിയതാണ് മലയാളികൾ. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ സിനിമകളൊക്കെ മലയാളികൾ ഇപ്പോഴും റിപ്പീറ്റ് വാല്യുവോടെ കാണുന്നത് പോലും കുഞ്ഞ് കാളിദാസിന്റെ പക്വതയോടെയുള്ള പ്രകടനം കാണാൻ വേണ്ടി മാത്രമാണ്. ബാലതാരമായി രണ്ട് സിനിമകളിൽ മാത്രമെ കാളിദാസ് അഭിനയിച്ചിട്ടുള്ളുവെങ്കിലും അവ രണ്ടും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകളാണ്.
എന്റെ വീട് അപ്പൂന്റേം സിനിമയിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കാളിദാസ് ജയറാമിന് ലഭിച്ചിരുന്നു. ബാലതാരമായിരിക്കെ ഏഷ്യാനെറ്റ് ഫിലിം അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും കാളിദാസിന് ലഭിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കാനായി വേദിയിലെത്തുമ്പോൾ കലക്കനൊരു പ്രസംഗവും കാളിദാസ് പറയാറുണ്ട്.

കുറുമ്പ് നിറഞ്ഞ കാളിദാസിന്റെ പ്രസംഗം ഇപ്പോഴും സോഷ്യൽമീഡിയിൽ വൈറലാണ്. കൊച്ചു കാളിദാസ് സരസമായി സംസാരിക്കുന്നത് കേട്ടാൽ തന്നെ മനം നിറയും. എന്നാൽ അവയെല്ലാം തനിക്ക് പഠിപ്പിച്ച് തന്നത് അച്ഛൻ ജയറാമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കാളിദാസ് ജയറാം. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുട്ടിക്കാലത്ത് താൻ പറഞ്ഞ പ്രസംഗങ്ങൾക്ക് പിന്നിൽ ആരായിരുന്നുവെന്ന് കാളിദാസ് വെളിപ്പെടുത്തിയത്.
കുഞ്ഞ് കാളിദാസ് സ്വമേധയ പറയുന്നതാണെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. അന്ന് നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ ഇപ്പോൾ കാണുമ്പോൾ തനിക്ക് ചമ്മലാണ് ഉണ്ടാകാറുള്ളതെന്നും കാളിദാസ് പറയുന്നു.
അതുകൊണ്ട് തന്നെ പരമാവധി ആ വീഡിയോ കാണാതെ സ്കിപ്പ് ചെയ്ത് പോവുകയാണ് ചെയ്യാറുള്ളതെന്നും കാളിദാസ് കൂട്ടിച്ചേർത്തു. കൊച്ചു കൊച്ചു സന്തോഷങ്ങൾ സിനിമയുടെ റിലീസിന് ശേഷം തന്നെ ഒരുപാട് പേർ അഭിനന്ദിച്ചുവെന്നും അതുകണ്ട് അച്ഛന് അസൂയ വന്നതിനാൽ ഇനി സിനികളിൽ അഭിനയിക്കേണ്ടെന്ന് പറഞ്ഞുവെന്നുമാണ് വർഷങ്ങൾക്ക് മുമ്പ് ഒരു പുരസ്കാര നിശയിൽ പങ്കെടുത്ത് കൊണ്ട് കാളിദാസ് പ്രസംഗിച്ചത്.
ആ പ്രസംഗം തനിക്ക് പഠിപ്പിച്ച് തന്നത് അച്ഛനാണെന്നാണ് കാളിദാസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 'ഞാൻ പ്രസംഗിക്കുന്ന വീഡിയോ ഇപ്പോൾ കാണുമ്പോൾ ക്രിഞ്ചായി തോന്നും. ശരിക്കും ആ പ്രസംഗത്തിന് പിന്നിലുള്ളയാളെ ഞാൻ പറഞ്ഞ് തരാം.'

'ആ സമയത്ത് ഞാൻ എല്ലാ സ്റ്റേജിലേക്ക് പോകുന്നതിന് മുമ്പും അപ്പ എന്നെ സ്പീച്ച് പഠിപ്പിക്കുമായിരുന്നു. ഇത് പറഞ്ഞാൽ മാത്രമെ ആളുകൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കൂവെന്നാണ് എന്നോട് പറഞ്ഞിരുന്നത്. അങ്ങനെയാണ് ഈ സ്പീച്ചൊക്കെ ഞാൻ അന്ന് പറഞ്ഞിരുന്നത്', എന്നാണ് കാളിദാസ് പറഞ്ഞത്. ലക്ഷ്മി ഗോപാലസ്വാമിയുമായുള്ള സൗഹൃദത്തെ കുറിച്ചും കാളിദാസ് സംസാരിച്ചു.
ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും രജനി എന്ന സിനിമയിലൂടെ വീണ്ടും ഒരുമിച്ച് അഭിനയിക്കാൻ പോവുകയാണ്. എന്നാൽ ഏത് വേഷമാണ് ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമി ചെയ്യുന്നതെന്ന് കാളിദാസ് വെളിപ്പെടുത്തിയിട്ടില്ല. 'ലക്ഷ്മി ഗോപാലസ്വാമി മാമിനൊപ്പം ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ച് അഭിനയിക്കുന്നത്.'
'ഞങ്ങൾക്ക് രജനിയിൽ കോമ്പിനേഷൻ സീൻ ഇല്ലായിരുന്നു. സിനിമയിൽ വളരെ നല്ല കഥാപാത്രമാണ് ചെയ്യുന്നത്. ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് കണ്ടുമുട്ടുന്നത്. കാണുമ്പോൾ തന്നെ ലക്ഷ്മി മാം കണ്ണാ... സുഖമാണോ എന്നാണ് ചോദിച്ചത്. ആദ്യത്തെ ഓൺ സ്ക്രീൻ അമ്മയാണ് ലക്ഷ്മി മാം അതുകൊണ്ട് കുറച്ച് സ്പെഷ്യലാണ്', എന്നാണ് കാളിദാസ് പറഞ്ഞത്.
ഇരുപത്തിയൊമ്പതുകാരനായ കാളിദാസ് വിവാഹിതനാകാൻ ഒരുങ്ങുകയാണ്. മോഡലായ തരിണിയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ആഘോഷമായി നടന്നത്. തമിഴിലും മലയാളത്തിലുമെല്ലാമായി കൈ നിറയെ സിനിമകളുണ്ട് കാളിദാസ് ജയറാമിന്.


Click it and Unblock the Notifications