സിനിമയിലേത് പോലെ ഐ ലവ് പറഞ്ഞിട്ടില്ല! കാമുകിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് കാളിദാസ് ജയറാം
താരപുത്രന്‍ കാളിദാസ് ജയറാമിന്റെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ചെറിയ ഇടവേളകള്‍ക്ക് ശേഷമാണ് പുത്തന്‍ സിനിമകളുമായി കാളിദാസ് എത്തുന്നത്. ഇതിനിടയില്‍ നടന്റെ വിവാഹക്കാര്യം കൂടി തരംഗമാവുകയാണ്. നേരത്തെ കാളിദാസ് പ്രണയത്തിലാണെന്ന വിവരം പുറത്ത് വന്നിരുന്നു.
വിവാഹം അടുത്ത വര്‍ഷമായിരിക്കും നടക്കുക എന്നും താരം സൂചിപ്പിച്ചു. ഇതിനിടയിലാണ് ആഘോഷമായിട്ടുള്ള വിവാഹനിശ്ചയം നടത്തിയത്. എന്നാല്‍ പ്രതിശ്രുത വധുവായ തരിണിയും താനും പൈങ്കിളി പ്രണയത്തിലല്ല ജീവിക്കുന്നതെന്ന് പറയുകയാണ് താരം. ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കാളിദാസ് മനസ് തുറക്കുന്നത്.

ഒരു മ്യൂച്ചല്‍ ഫ്രണ്ട് വഴിയാണ് തരിണിയും ഞാനും പരിചയപ്പെടുന്നത്. പിന്നെ സിനിമയില്‍ കാണുന്നത് പോലെ ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല. ഞങ്ങള്‍ തമ്മില്‍ പരസ്പരധാരണ നല്ലോണം ഉണ്ടെന്നുമാണ് പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കാളിദാസ് ജയറാം പറയുന്നത്.
സിനിമയിലൊക്കെ വളരെ പ്രണയാതുരമായി കാണിക്കുന്നത് പോലെ ഞങ്ങള്‍ രണ്ടാളും പ്രണയാഭ്യര്‍ഥന നടത്തിയിട്ടില്ല. രണ്ടാളുടെയും ഉള്ളില്‍ ഇഷ്ടമുണ്ടെന്ന് പരസ്പരം മനസിലാക്കുകയായിരുന്നു.
തരിണിയുമായി പ്രണയത്തിലാണെന്ന് ഞാന്‍ പറയുന്നതിന് മുന്‍പ് തന്നെ വീട്ടില്‍ കണ്ടുപിടിച്ചിരുന്നു. അതുകൊണ്ട് എന്റെ പണി പകുതി എളുപ്പമായി. അവര്‍ക്ക് ഇതൊന്നും ഒരു വലിയ വിഷയമായിരുന്നില്ല. മാത്രമല്ല അവര്‍ക്ക് ഭയങ്കര സന്തോഷമാവുകയും ചെയ്തു.
അപ്പയുടെ പോക്കറ്റില്‍ നിന്നും കാശ് കട്ടെടുത്തിട്ടുണ്ട്. കോളേജില്‍ പഠിക്കുന്ന കാലത്താണ്. അന്ന് ക്ലാസ് കട്ട് ചെയ്തിട്ട് സിനിമ കാണാനൊക്കെ പോവുമായിരുന്നു. തന്റെ കള്ളത്തരം വീട്ടില്‍ പിടിച്ചിട്ടുമുണ്ട്. സിനിമ കണ്ടതിന്റെ ടിക്കറ്റ് അതുപോലെ പോക്കറ്റില്‍ ഉണ്ടാവും. അങ്ങനെയാണ് പലപ്പോഴും തന്റെ കള്ളത്തരം വീട്ടില്‍ പിടിക്കുന്നത്.
അഭിമുഖത്തില്‍ റാപ്പിഡ് ഫയര്‍ സെക്ഷനും ഉണ്ടായിരുന്നു. സെലിബ്രിറ്റികളടക്കമുള്ളവരെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു അതില്‍ ചോദിച്ചത്. ക്രഷ് തോന്നിയ നടി ആരാണെന്ന ചോദ്യത്തിന് 'തനിക്ക് സെലിബ്രിറ്റി ക്രഷ് തോന്നിയത് നടി സിമ്രാനോട് ആണെന്നാണ്', കാളിദാസ് പറയുന്നത്.

അതുപോലെ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരില്‍ ആരെ വെച്ച് സിനിമ സംവിധാനം ചെയ്യുമെന്ന് ചോദിച്ചാല്‍ അത് കമല്‍ സാര്‍ ആയിരിക്കും. മമ്മൂട്ടി സാറിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. അതുപോലെ മോഹന്‍ലാല്‍ സാറിന്റെ അഭിനയം അത്രയധികം ഇഷ്ടപ്പെടുന്ന ആളുമാണ് ഞാന്‍. എങ്ങനെയാണ് അദ്ദേഹം ഇങ്ങനെ അഭിനയിക്കുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
നടനായി അഭിനയത്തിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ക്യാമറയുടെ പിന്നിലുള്ള എന്തേലും ജോലി ചെയ്യുമായിരുന്നു. ചിലപ്പോള്‍ ക്യാമറ കൈകാര്യം ചെയ്‌തേനെ എന്നാണ് കാളിദാസ് പറയുന്നത്.
പിന്നെ തന്റെ മോശം സ്വഭാവത്തെ കുറിച്ച് ചോദിച്ചാല്‍ വളരെ വൈകി എഴുന്നേല്‍ക്കുന്നതാണ്. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. ഇപ്പോഴും അതിനൊരു മാറ്റവുമില്ലെന്നാണ് നടന്‍ വ്യക്തമാക്കുന്നത്.
തന്റെ പേരിലൊരു ഗോസിപ്പ് പടച്ച് വിടാന്‍ പറഞ്ഞാല്‍ 'കാളിദാസ് എന്താണ്, വളരെ ഈസിയായി അഭിനയിക്കും', എന്നായിരിക്കും ഞാന്‍ പറയുക. കാരണം അഭിനയിക്കുന്നത് തന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്രയും കഷ്ടപ്പെട്ടാണ് അഭിനയിക്കുന്നതെന്നാണ് കാളിദാസ് പറയുന്നത്.


Click it and Unblock the Notifications











