'നയൻതാര ഈ ലെവലിലാകുമെന്ന് അന്നേ അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ സോപ്പടിച്ച് ഒപ്പം കൂടി മാനേജരാകുമായിരുന്നു'
തിരുവല്ലക്കാരിയായ ക്രിസ്ത്യാനി പെൺകുട്ടി ഡയാന ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകരുള്ള... സൂപ്പർ സ്റ്റാറുകൾക്കൊപ്പം താരമൂല്യമുള്ള ലേഡി സൂപ്പർസ്റ്റാർ നയൻതാരയായി മാറി കഴിഞ്ഞു. സിനിമയിലേക്ക് ചുവടെടുത്ത് വെക്കുന്ന പെൺകുട്ടികളെല്ലാം മാതൃകയാക്കുന്നത് നയൻതാരയെയാണ്. എന്നെങ്കിലും നയൻതാരയെപ്പോലെ ഒരു ഇരിപ്പിടം ഇന്ത്യൻ സിനിമയിൽ കണ്ടെത്താനാകുമെന്ന് ശുഭ പ്രതീക്ഷയുള്ളതായി പല യുവനടിമാരും പൊതു വേദികളിൽ പറഞ്ഞിട്ടുണ്ട്.
ടെലിവിഷൻ അവതാരകയായി ലൈം ലൈറ്റിലേക്ക് എത്തിയ ഡയാന സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്. നയൻതാര എന്ന പേര് ഇട്ടിതും സത്യൻ അന്തിക്കാട് തന്നെ. ഒരു സിനിമാ കഥയെ വെല്ലുന്ന ജീവിതമാണ് നയൻതാരയുടേത്. തുടക്കം മലയാളത്തിൽ നിന്നാണെങ്കിലും ബോളിവുഡിൽ അടക്കം തരംഗമാണ് ഇന്ന് നയൻസ്.

ഇപ്പോഴിതാ നയൻതാരയെ കുറിച്ച് നടൻ കണ്ണൻ പട്ടാമ്പി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മനസിനക്കരെയിൽ നടി അഭിനയിക്കുന്ന സമയത്താണ് കണ്ണൻ പട്ടാമ്പി പരിചയപ്പെടുന്നത്. നടന്റെ വീട്ടിൽ നയൻതാര ഷൂട്ടിങ് ഇടവേളകളിൽ വിശ്രമിച്ചിട്ടുമുണ്ട്. അന്നൊക്കെ നയൻതാരയെ കണ്ടപ്പോൾ ഉടൻ തന്നെ ഫീൽഡ് ഔട്ട് ആകുമെന്നാണ് കരുതിയിരുന്നതെന്നും മാസ്റ്റർ ബിൻ യുട്യൂബ് ചാനലിനോട് കണ്ണൻ പട്ടാമ്പി പറയുന്നു.
മനസിനക്കരെ സിനിമയിൽ നയൻതാര അഭിനയിക്കുന്ന സമയത്ത് പ്രേമനെന്ന ആർട്ട് ഡയറക്ടർക്ക് വേണ്ട സഹായങ്ങൾ ചെയ്തിരുന്നത് ഞാനായിരുന്നു. അന്ന് നയൻതാര താമസിച്ചിരുന്നത് ഈ വീട്ടിലാണ്. അന്ന് നയൻതാര ഈ ലെവലിലാകുമെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ സോപ്പടിച്ച് ഒപ്പം കൂടി മാനേജരാകുമായിരുന്നു. എന്നാൽ ഈ പണിക്കൊന്നും നിൽക്കേണ്ടി വരുമായിരുന്നില്ല.
അന്ന് നയൻതാര ഇത്ര വലിയ താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വളരെ ശാന്ത സ്വഭാവക്കാരിയായിരുന്നു. മനസിനക്കരെ എന്ന പടത്തോടെ നയൻതാര ഫീൽഡ് ഔട്ടാകുമെന്ന് കരുതിയിരുന്നു. പിന്നീട് നയൻതാരയെ കണ്ടിരുന്നു. ബോഡി ഗാർഡിന്റെ സെറ്റിൽ ഒരു പ്രശ്നം നടന്നപ്പോൾ ഞാൻ പോയിരുന്നു. അവിടെ വെച്ചാണ് നയൻതാരയെ കണ്ടത്. എന്നെ കണ്ടതും എഴുന്നേറ്റ് നിന്നു. അതിൽ എനിക്ക് അതിശയം തോന്നി.
എല്ലാവരും പറയാറ് നയൻതാരയ്ക്ക് അഹങ്കാരമാണെന്നാണ്. അതുപോലെ നയൻതാര ചെയ്ഞ്ചായിയെന്നും ആളുകൾ പറയാറുണ്ട്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. സത്യേട്ടൻ കൊണ്ടുവന്നവരെല്ലാം വലിയ നായികമാരായിട്ടുണ്ടല്ലോ. അസിനും അതുപോലെയാണല്ലോ. പിന്നീട് മോഹൻലാലിന്റെ മകൻ പ്രണവിനെ കുറിച്ചും നടൻ സംസാരിച്ചു.

പ്രണവിന് സിനിമ താൽപര്യമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ആദി കണ്ടശേഷം പ്രണവിനോട് സംസാരിക്കാൻ ഞാൻ സുചി ചേച്ചിയെ വിളിച്ചു. എന്നാൽ സുചി ചേച്ചി എന്നോട് പറഞ്ഞത് പ്രണവിനോട് സംസാരിക്കാൻ പറ്റിയാൽ അമ്മയെ ഒന്ന് വിളിക്കാൻ പറയൂവെന്നാണ്. അങ്ങനെയായിരുന്നു സുചി ചേച്ചിയുടെ അവസ്ഥ. ലാലേട്ടൻ മകനെ അദ്ദേഹം, അയാൾ എന്നൊക്കെയാണ് വിശേഷിപ്പിക്കാറ്.
ഐ ആം നോട്ട് മോഹൻലാൽ എന്നാണ് എന്തെങ്കിലും ചോദിച്ചാൽ പ്രണവ് പറയുക. ഗിത്താറൊക്കെ പ്രണവ് തന്നെ പഠിച്ചതാണെന്നും കണ്ണൻ പട്ടാമ്പി പറയുന്നു. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് കണ്ണൻ പട്ടാമ്പിയും സഹോദരൻ മേജർ രവിയുമെല്ലാം.


Click it and Unblock the Notifications