പെണ്ണ് കാണാന്‍ ചെല്ലുമ്പോള്‍ എന്റെ പരിപാടി അവർ കാണുന്നു, അന്തം വിട്ട് പോയി; പിന്നെ കല്യാണം പെട്ടെന്നായിരുന്നു
മിമിക്രി താരവും നടനുമായ കണ്ണന്‍ സാഗര്‍ ഒത്തിരി വര്‍ഷം മുന്‍പേ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനാണ്. നാട്ടിലും വിദേശത്തുമൊക്കെ നിരവധി സ്‌കിറ്റുകളിലും ഹാസ്യ പരമ്പരകളിലും ഒക്കെ അഭിനയിച്ച സജീവമായി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ സിനിമയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നു.
ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ തന്റെ കരിയറിനെ കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള കണ്ണന്‍ ഏറ്റവും പുതിയതായി ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി ഒരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ്. വിവാഹജീവിതം ആരംഭിച്ചിട്ട് 30 വര്‍ഷം പൂര്‍ത്തിയായ സന്തോഷമാണ് നടന്‍ പങ്കുവെച്ചത്. ഒപ്പം പെണ്ണുകാണാന്‍ പോയ അനുഭവവും നടന്‍ പറയുന്നു...

'അങ്ങനെ മുപ്പതുവര്‍ഷം തികഞ്ഞു ഞാന്‍ ആ കഴുത്തില്‍ മിന്നുകെട്ടിയിട്ടു, പെണ്ണുകാണാന്‍ അടുത്ത സുഹൃത്തുമായി ചെങ്ങന്നൂരുള്ള വീട്ടില്‍ ചെല്ലുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും കൊടുത്തില്ല. ഇഷ്ട്ടം പിടിച്ചുവാങ്ങാന്‍ പറ്റില്ലല്ലോ പിന്നെ തൊഴില്‍, സമ്പത്ത്, അന്തസ്സ്, സ്വഭാവം, സൗന്ദര്യം, കുടുംബപശ്ചാത്തലം അങ്ങനെ കാര്‍ന്നോന്മാരായിട്ടുള്ള ചിലര്‍ നമ്മള്‍ വിചാരിക്കാത്ത ചോദ്യങ്ങള്‍ക്ക് ബപ്പപ്പാ അടിച്ചാല്‍ ആലോചിച്ചിട്ട് പറയാം എന്ന മറുപടിയില്‍ മിച്ചറും ബിസ്‌ക്കറ്റും കട്ടന്‍കാപ്പിയും അകത്താക്കി യാത്രയും പറഞ്ഞ് വണ്ടിവിടും.
ഇത് പറയാന്‍ കാരണം ഈ പെണ്ണുകാണല്‍ ചടങ്ങിന് മുന്‍പ് അഞ്ചാറെണ്ണം അറ്റന്റ് ചെയ്തിരുന്നു. അവിടുന്ന് കിട്ടിയ മറുപടി പ്രതീക്ഷിച്ചാണ് ഇവിടെയും അങ്ങനെയാവും എന്ന മട്ടില്‍ നിന്നതും. പക്ഷേ ഒരു ട്വിസ്റ്റ് ഉണ്ടായി. കൂട്ടുകാരനും ഞാനും കേറിചെല്ലുമ്പോള്‍ വിസിആറില്‍ ഞാന്‍ ചെയ്തിരുന്ന കോമഡി പരിപാടിയുടെ കാസറ്റ് ഇട്ടു കണ്ടുകൊണ്ടിരിക്കുകയായിരുന്നു (പെട്ടി കാസറ്റ്) ഗള്‍ഫില്‍ നിന്നും വന്ന അളിയനും മൂത്തചേട്ടന്റെ മക്കളും ഇളയ അളിയനും.
ടിവിയില്‍ കണ്ടുകൊണ്ടിരുന്ന ആള് പെട്ടന്ന് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരും അന്തം വിട്ടുകാണും. ശരിയാ എനിക്കും അനുഭവം ഉണ്ടായി ഒരു സെലിബ്രിറ്റി പരിവേഷം തന്നു, പിന്നെല്ലാം പടപാടാന്ന് കാര്യങ്ങള്‍ നടന്നു. അടുത്ത ഡിസംബറില്‍ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ആ തല താലിച്ചാര്‍ത്താന്‍ കുനിഞ്ഞ് തന്നു. കൈപിടിച്ച് അന്ന് കൂടിയതാണ് എന്റെ കൂടെ...
ഉള്ളത് പറയാമല്ലോ എനിക്ക് കിട്ടിയ ഭാഗ്യമാണ് ഈ ഉള്ളവള്‍. കാരണം അത്ര ഭയങ്കരനായ കലാകാരനൊന്നുമല്ലെങ്കിലും എന്റെ ഇല്ലായ്മകള്‍, പോരായ്മകള്‍, വല്ലായ്മകള്‍, കുറവുകള്‍ തിരിച്ചറിഞ്ഞു ചെറിയ പൊട്ടലുകളും ചീറ്റലുകളും തെറിക്കലും പഥം പറച്ചിലും ഒക്കെയായി ഞങ്ങളിങ്ങനെ പോകുന്നു...

ആയുരാരോഗ്യ സൗഖ്യമായി ഈ ഉള്ളവള്‍ ദീര്‍ഘാകാലം ഇരിക്കട്ടെയെന്ന് ഞാന്‍ ഇന്നുമാത്രമല്ല എപ്പോഴും മനസ്സില്‍ വിചാരിക്കും. അല്ലേലും എല്ലാവരിലും അവരവരുടെ ജീവിതപങ്കാളി നന്നായിരിക്കണേയെന്ന് മനസ്സുകൊണ്ട് വിചാരിക്കാത്തവര്‍ ആരാണുള്ളത്. സുഖത്തിലും ദുഃഖത്തിലും ആപത്തിലും അവരുടെ സാമിപ്യം ജന്മാന്തരമായി കിട്ടിയ സുഹൃദമായി കാണും. അത് പുറത്ത് പറഞ്ഞ് ഞെളിയാന്‍ ആരും തയ്യാറാകില്ല. ആ സ്‌നേഹം ഉള്ളിലൊതുക്കി ആവശ്യം വരുമ്പോള്‍ വാരിക്കോരി നല്‍കും അതങ്ങനെയാണ്.
ജീവിതമെന്ന മഹാസാഗരത്തിലൂടെ ഇവിടം വരെ ഒന്നിച്ചു തുഴഞ്ഞു. ഇനിയും എത്രദൂരം ഒന്നിച്ചു തുഴയണം എന്നും അറിയില്ല. അതൊക്കെ കാലം തീരുമാനിക്കട്ടെ. അതുവരെ നീ ഒപ്പം ഉണ്ടായാല്‍ മതി, നീ നല്‍കിയ മക്കള്‍ക്കൊപ്പം അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാനും കൂടെ കാണും.
പെരുന്ന വേലായുധസ്വാമിയേ കണ്ടു പ്രാര്‍ത്ഥിച്ചിട്ടു നില്‍ക്കുന്ന നില്‍പ്പാ ഈ കാണുന്നത്, പറ്റുന്നവര്‍ ഞങ്ങള്‍ക്കായി ഒന്ന് പ്രാര്‍ത്ഥിച്ചേക്കണേ തിരിച്ചും ഞങ്ങള്‍ അങ്ങനെ തന്നെ ചെയ്യും... സസ്‌നേഹം...' കണ്ണന്‍ പറഞ്ഞ് നിര്‍ത്തുന്നു.


Click it and Unblock the Notifications











