'മമ്മൂക്കയ്ക്ക് മുന്നിൽ സിഗരറ്റ് വലിച്ച് കാലിൻമേൽ കാൽ കയറ്റി ഇരുന്നു; എല്ലാവരും എന്നെ നോക്കി'
മലയാള സിനിമാ രംഗത്തെ ഇളക്കി മറിക്കുന്ന സംഭവങ്ങളാണ് ഇക്കഴിഞ്ഞ ആഴ്ചകളിലായി നടന്ന് കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി നടിമാർ രംഗത്ത് വന്നു. പ്രമുഖ താരങ്ങൾക്കെതിരെ ആരോപണം വന്നതോടെ താര സംഘടനായായ അമ്മയുടെ തലപ്പത്തുള്ളവർ സ്ഥാനത്ത് നിന്ന് രാജി വെച്ചു. സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഇപ്പോഴത്തെ വിവാദങ്ങളിൽ പ്രതികരിക്കാത്തതിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.
പലപ്പോഴും സിനിമാ ലോകത്തെ പുതിയ മാറ്റങ്ങളോടൊപ്പം ചേർന്ന് നിന്ന നടനാണ് മമ്മൂട്ടി. എന്നാൽ ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ ഒരു വാക്ക് പോലും മമ്മൂട്ടി പ്രതികരിച്ചിട്ടില്ല. ഇത് ആരാധകരുൾപ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ കിരൺ രാജ്. മമ്മൂക്കയുമായി തനിക്ക് നല്ല അനുഭവങ്ങളാണ് സെറ്റുകളിൽ ഉണ്ടായതെന്ന് ഇദ്ദേഹം പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

ആദ്യമൊക്കെ ഞാനൊരു ഗ്യാപ്പ് ഇട്ടിട്ടുണ്ട്. പക്ഷെ ആദ്യത്തെ ദിവസം എനിക്ക് പറ്റിയ അബദ്ധമുണ്ട്. പുള്ളിയുടെ മുന്നിൽ ഞാൻ കാലിൻമേൽ കാൽ കയറ്റി ഇരുന്ന് സിഗരറ്റ് വലിച്ചിരുന്നു. എനിക്കന്ന് സിനിമയിലെ പ്രോട്ടോക്കോൾ അറിയില്ല. സെറ്റിലെ ആൾക്കാർ മൊത്തം എന്നെ നോക്കുകയാണ്. എന്റെ ലുക്ക് കണ്ടിട്ടാണോ എന്ന് തോന്നി. കൂളിംഗ് ഗ്ലാസ് വെച്ചിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് ഞാൻ ഹോട്ടലിലേക്ക് പോയി. രാത്രി സംവിധായകൻ പ്രമോദേട്ടൻ ഒന്ന് റൂമിലേക്ക് വരുമോ എന്ന് ചോദിച്ചു. ഞാൻ ഈ പടം ഒന്ന് തീർത്തോട്ടെ എന്ന് അദ്ദേഹം. ഞാനെന്ത് ചെയ്തെന്ന് ഞാൻ ചോദിച്ചു.
ആരെങ്കിലും അങ്ങേരുടെ മുന്നിൽ പോയിരുന്ന് സിഗരറ്റ് വലിക്കുമോ എന്ന് അദ്ദേഹം. ഞാൻ സിഗരറ്റ് വലിക്കുന്ന ആളാണെന്ന് ഞാൻ. പക്ഷെ മമ്മൂക്കയ്ക്ക് അങ്ങനെ പ്രശ്നമൊന്നുമില്ല. കൂളാണ്. കോമഡി പറയും. ഒരിക്കൽ വീട്ടിൽ നിന്ന് ബിരിയാണി ഉണ്ടാക്കി കൊണ്ട് വന്നു. എല്ലാ ലൊക്കേഷനിലും ഒരു ദിവസം പുള്ളിയുടെ വക മട്ടൻ ബിരിയാണി ഉണ്ടാകും. പുള്ളി തന്നെ വിളമ്പിക്കൊടുക്കും.

അണ്ണൻ തമ്പിയിൽ സെക്കന്റ് ഹാഫിലേ ഞാനുള്ളൂ. പൊള്ളാച്ചിയിൽ ഷൂട്ടിന് ചെന്നപ്പോൾ ഇപ്രാവശ്യം ബിരിയാണി ഇല്ലേയെന്ന് മമ്മൂക്കയോട് ചോദിച്ചു. അതൊക്കെ കഴിഞ്ഞെന്ന് മമ്മൂക്ക. എനിക്ക് കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ നീ സമയത്തൊക്കെ വരണമെന്ന് അദ്ദേഹം. എന്നെ വിളിച്ചാലല്ലേ വരാൻ പറ്റൂയെന്ന് ഞാൻ പറഞ്ഞു.
പിറ്റേ ദിവസം മമ്മൂക്ക തനിക്ക് മട്ടൻ ബിരിയാണി കൊണ്ട് വന്ന് തനിക്ക് വിളമ്പി തന്നു. അങ്ങേര് ചൂടനാണെന്ന് പറയുന്നത് വെറുതെയാണ്. പാവം മനുഷ്യനാണ്. പക്ഷെ പുള്ളിക്ക് ഇഷ്ടമല്ലാത്തത് ആരുടെ മുഖത്ത് നോക്കിയും പറയും. ഉള്ളിൽ വെക്കില്ലെന്നും കിരൺ രാജ് പറഞ്ഞു. മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങൾക്കൊപ്പം നിരവധി സിനിമകളിൽ കിരൺ രാജ് അഭിനയിച്ചിട്ടുണ്ട്. കൂടുതലും നെഗറ്റീവ് വേഷങ്ങളാണ് നടൻ ചെയ്തത്.


Click it and Unblock the Notifications