പിന്നെ സെെജുവിനെ കണ്ടിട്ടില്ല, ഞാൻ ശല്യം ചെയ്യാറില്ല; സൗഹൃദത്തിൽ സംഭവിച്ചതെന്തെന്ന് കിരൺ രാജ്
കരിയറിൽ കൂടുതലും വില്ലൻ വേഷങ്ങളാണ് നടൻ കിരൺ രാജ് ചെയ്തിട്ടുള്ളത്. ചെറുതും വലുതുമായ റോളുകൾ കിരൺ രാജ് സിനിമകളിൽ ചെയ്തിട്ടുണ്ട്. 20 വർഷത്തോളമായി നടൻ കരിയറിലുണ്ട്. ബിസിനസ് രംഗത്ത് നിന്നാണ് കിരൺ രാജ് സിനിമയിലേക്ക് വരുന്നത്. ചെയ്ത പല റോളുകളും ചെറുതാണെങ്കിലും കിരൺ രാജിനെ പ്രേക്ഷകർ സ്വീകരിച്ചു. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കിരൺ രാജ്. കേരള വിഷൻ ടിവിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. സിനിമയിലേക്ക് വരാതെ ബിസിനസ് രംഗത്ത് തന്നെ തുടരാമായിരുന്നെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് കിരൺ രാജ് പറയുന്നു.
സിനിമ തന്നെ തേടി വന്നതാണ്. തന്നേക്കാൾ കഴിവുള്ളവർ പുറത്തുണ്ടെന്നും കിരൺ രാജ് പറയുന്നു. സിനിമാ രംഗത്തെ തന്റെ സൗഹൃദങ്ങളെക്കുറിച്ചും കിരൺ രാജ് സംസാരിച്ചു. നടൻ സെെജു കുറുപ്പുമായുണ്ടായി അടുത്ത സൗഹൃദമുണ്ടായിരുന്നെങ്കിലും സെെജു ഭഗവതി എന്ന സിനിമ നിർമ്മിച്ചപ്പോൾ കിരൺ രാജിന് വേഷം നൽകിയില്ല. ഇതിന് കാരണമെന്തെന്ന് അഭിമുഖത്തിൽ ചോദ്യം വന്നപ്പോഴായിരുന്നു പരാമർശം. ഒരു സമയത്ത് സെെജു ഗ്യാപ്പെടുത്ത് നാല് വർഷത്തോളം വീട്ടിലിരുന്നു. പിന്നെ അവൻ കയറിയങ്ങ് പോയി. ഞാനവനെ വിളിച്ച് ശല്യം ചെയ്യാറില്ല. അവൻ തിരക്കിലായിരിക്കും. ഇടയ്ക്ക് വിളിക്കാറുണ്ട്.

കൊറോണയ്ക്ക് മുമ്പ് വിളിച്ചിരുന്നു. എവിടെയാണെന്ന് ചോദിച്ചു. വീട്ടിലുണ്ടെന്ന് ഞാൻ. ഞാൻ ഫാമിലിയുമായി വീട്ടിലേക്ക് വരികയാണ്, നമുക്കൊന്ന് പുറത്ത് പോകാമെന്ന് പറഞ്ഞു. അത് വേണോ എന്ന് ഞാൻ ചോദിച്ചു. ഞങ്ങൾ എന്തായാലും വരുന്നുണ്ട്, നിങ്ങൾ റെഡിയായി നിൽക്കെന്ന് അവൻ. ഞങ്ങൾ പോയി ഡിന്നറൊക്കെ കഴിച്ച് തിരിച്ച് വന്നു. അന്നാണവനെ കണ്ടതെന്ന് തോന്നുന്നു. പിന്നെ അവനെ കണ്ടിട്ടില്ലെന്നും കിരൺ രാജ് പറഞ്ഞു.
കലാഭവൻ മണി പുറത്ത് പലരും പറയുന്നത് പോലെ കുഴപ്പക്കാരനല്ലെന്നും കിരൺ രാജ് പറയുന്നുണ്ട്. ഞാനും കുഴപ്പമാണ്. എനിക്കിഷ്ടമല്ലാത്തത് പോലെ ഒരാൾ ചൊറിയാൻ വന്നാൽ ഞാൻ വയലന്റ് ആകും. അത് പോലെയാണ് മണി ചേട്ടനും. മണി ചേട്ടനെ കുറ്റം പറയാൻ പറ്റില്ല. എന്തിനാണങ്ങനെ പോയി ചൊറിയുന്നത്. ഹാപ്പിയായിരുക്കുക. നല്ല കഥകളൊക്കെ പറഞ്ഞ് ഇരുന്നാൽ കുഴപ്പമില്ല. അങ്ങേരെ ചൊറിയാൻ പോയാൽ മാന്തും. ഞാനും അങ്ങനെയാണ്. മണി ചേട്ടൻ പ്രശ്നക്കാരനാണെന്ന് തോന്നിയിട്ടില്ല.

പുള്ളി രണ്ടെണ്ണം അടിക്കുമ്പോൾ പ്രശ്നം ഉണ്ടായിട്ടുണ്ട്. അത് ഷൂട്ടിംഗ് സമയത്തല്ല. ചോദിച്ച് ഇടി വാങ്ങേണ്ട ആവശ്യമില്ലെന്നും കിരൺ രാജ് വ്യക്തമാക്കി. സുഹൃത്തുക്കളായ ഫിലിം മേക്കേർസിനോടല്ലാതെ താൻ അവസരം ചോദിക്കാറില്ലെന്നും കിരൺ രാജ് വ്യക്തമാക്കി. കാണാൻ ഗ്ലാമർ ഉള്ളത് കാരണം പല അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. ശ്രദ്ധ തന്നിലേക്ക് പോകുമെന്നതിനാൽ ചില താരങ്ങൾ തന്നെ ഒഴിവാക്കി.
പക്ഷെ അത് പ്രശ്നമില്ലാത്ത നാല് പേരുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, കലാഭവൻ മണി എന്നിവരാണ് ആ നാല് പേരെന്നും കിരൺ രാജ് പറഞ്ഞു. ബാക്കി ആരുടെയും പേര് ഞാൻ പറയുന്നില്ല. തന്നെ സിനിമകളിൽ നിന്ന് കട്ട് ചെയ്തവർക്ക് ഇൻസെക്യൂരിറ്റി തോന്നിയിരിക്കാമെന്നും കിരൺ രാജ് പറഞ്ഞു. സിനിമാ രംഗത്ത് ഇന്നും കിരൺ രാജ് സാന്നിധ്യമറിയിക്കുന്നുണ്ട്.


Click it and Unblock the Notifications











