മുഖത്തെ പേശികൾ അനങ്ങില്ലെന്ന് വരെ പറഞ്ഞു, മോഹൻലാൽ മാത്രം ചെയ്ത കാര്യമല്ല അത്: കിഷോർ സത്യ
മോഹൻലാലിന്റെ പുതിയ ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെെറലായതാണ്. താടിയില്ലാത്ത മോഹൻലാലിന്റെ ഫോട്ടോ ഏറെക്കാലത്തിന് ശേഷമാണ് ആരാധകർ കാണുന്നത്. ഒടിയൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ താടിയെടുത്തിട്ടില്ലെന്നും മുഖത്ത് കോസ്മെറ്റിക് സർജറി ചെയ്തത് മൂലം വന്ന മാറ്റമാണ് ഇതിന് കാരണമെന്നും അഭിപ്രായങ്ങൾ വന്നു. ഇപ്പോഴിതാ നടൻ കിഷോർ സത്യ മോഹൻലാലിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"അങ്ങനെ ലാലേട്ടന്റെ താടി പോയി.....! നമ്മൾ ഇനി എന്തു ചെയ്യും....?! അഞ്ചെട്ടുകൊല്ലമായി നമ്മൾ ലാലേട്ടന്റെ താടിയെയും മുഖത്തെയും കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ട്. മലയാളസിനിമയിൽ നിരന്തരമായി ഇത്രയും ബോഡി ഷെയ്മിംഗ് നേരിട്ട മറ്റൊരു നടനും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത്രമാത്രം നമ്മൾ അദ്ദേഹത്തെ പരിഹസിച്ചു. "ഒടിയൻ" സിനിമയ്ക്ക് വേണ്ടി സൗന്ദര്യശസ്ത്രക്രിയ ചെയ്തതോടുകൂടി അദ്ദേഹത്തിന്റെ അഭിനയം പൂർണമായി പോയി എന്നും, മുഖത്ത് പേശികൾ അനങ്ങില്ലെന്നും അതുകൊണ്ടാണ് താടി വയ്ക്കുന്നത് എന്ന് തുടങ്ങി എന്തെല്ലാം കോലാഹലകളാണ് നമ്മൾ വിവിധതരം കണ്ടെന്റുകൾ ആക്കി സമൂഹമാധ്യമങ്ങളിൽ വിതറി വിളമ്പിയത്....?!"

"ഈ ഭൂമി മലയാളത്തിൽ ശ്രീ മോഹൻലാൽ മാത്രം ചെയ്ത ഒരു, കാര്യമാണ് ഇത് എന്നുള്ള നിലയിലാണ് ഇത്രയും കാലം നമ്മൾ ഇത് ചർച്ച ചെയ്തത്. മലയാള സിനിമയിൽ തന്നെ സൗന്ദര്യശസ്ത്രക്രിയകൾ ചെയ്ത നിരവധി നടീനടന്മാരുണ്ട് ...! അവരെപ്പറ്റി ഒന്നും നാം സംസാരിച്ചിട്ടില്ല. കാരണം താനൊരു സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ച ഒരേയൊരു നടനെ ഉള്ളൂ അത് ശ്രീ മോഹൻലാൽ ആണ്. മറ്റുള്ളവർ അത് രഹസ്യമായി ചെയ്യുന്നതുകൊണ്ട് നമ്മൾ ആരും അത് അറിയുന്നില്ല, അത്രമാത്രം"
"പിന്നെ ശ്രീ മോഹൻലാൽ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മീശയും താടിയും പോലും സമൂഹമാധ്യമ അക്കൗണ്ടുകളിൽ പണം നിറയ്ക്കാനുള്ള നല്ല ടൂൾ ആണെന്ന് അറിയാതെ പൊതു ജനങ്ങൾ ഇത് വായിച്ചും, കണ്ടും കേട്ടും ചർച്ചകൾ തുടർന്നു... . വ്ലോഗർമാരുടെ പണപ്പെട്ടികളിൽ ഡോളർ നിറഞ്ഞു...! ഇത്രയും നാളും താടി കഥ പറഞ്ഞുകൊണ്ടിരുന്നു. "ഹൃദയപൂർവ്വം" സിനിമ ഇറങ്ങിയപ്പോൾ താടി ഇല്ല ചെറിയ കുറ്റിത്താടി ഉണ്ട് ഫുൾ താടി വന്നിട്ട് സംസാരിക്കാം എന്നതായി ചർച്ചക്കാരുടെ വിഷയം...."
"ഇപ്പോൾ മുഴുവൻ താടിയും എടുത്ത് തന്റെ കൊമ്പൻ മീശയും പിരിച്ചു വെച്ചുകൊണ്ട് അദ്ദേഹം ക്യാമറയ്ക്ക് മുൻപിൽ എത്തിയിരിക്കുന്നു...!
ഇനി നമ്മൾ എന്തു ചെയ്യും....?! കുഴപ്പമില്ല, മീശയെ പറ്റി സംസാരിക്കാം... മീശയുടെ ഒരു സൈഡിലെ ചരിവ് ഇത്ര ഡിഗ്രി കൂടിപ്പോയി മറ്റ് സൈഡിൽ ചരിവ് ഇത്ര കുറഞ്ഞുപോയി ഇങ്ങനെ തുടങ്ങിയ പുതിയ പുതിയ കണ്ടെന്റുകളുമായി ക്രിയേറ്റേഴ്സ് വരും അവർക്ക് അറിയാം അവരുടെ പണപ്പെട്ടി നിറയ്ക്കാനുള്ള ഏറ്റവും വലിയ പേര് ശ്രീ മോഹൻലാൽ എന്നാണ് എന്ന്.... ലാലേട്ടന്റെ താടി സോറി മീശ കീ ജയ്.....," കിഷോർ സത്യയുടെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ.


Click it and Unblock the Notifications











