ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഹനീഫിക്ക ഒറ്റ പോക്കായിരുന്നു, തിരികെ വന്നത് വലിയൊരു സമ്മാനവുമായി; ഭാര്യ ഫാസില
നടന്‍ കൊച്ചിന്‍ ഹനീഫ മണ്മറഞ്ഞു പോയിട്ട് വര്‍ഷങ്ങളായെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇരട്ട പെണ്‍കുട്ടികളുടെ പിതാവായിരുന്ന നടന്‍ അവരുടെ ചെറിയ പ്രായത്തില്‍ തന്നെയാണ് മരണപ്പെടുന്നത്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അവരുടെ ഓരോ വിജയങ്ങളും സിനിമാ സെറ്റുകളില്‍ പറഞ്ഞു നടക്കുമായിരുന്നു.
വിവാഹം കഴിഞ്ഞ് 12 വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് മക്കള്‍ ജനിക്കുന്നത്. മക്കള്‍ക്ക് വേണ്ടി ആശുപത്രികള്‍ കയറിയിറങ്ങിയ കാലം ഓര്‍ക്കുകയാണ് ഹനീഫയുടെ ഭാര്യ ഫാസില. വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപത്‌നി.

'ഞങ്ങള്‍ അത്രയയും ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചും കിട്ടിയ കണ്മണികളാണ് ഇരുവരും. സഫ, മര്‍വ എന്നീ പേരുകള്‍ മക്കയിലെ രണ്ട് പര്‍വ്വതങ്ങളുടെ പേരാണ്. ഇസ്മായില്‍ നബി മരുഭൂമിയില്‍ ദാഹിച്ചു നടന്നപ്പോള്‍ ഉമ്മയായ ഹാജറ ബീവി ഈ പര്‍വതങ്ങള്‍ക്കിടയിലൂടെ വെള്ളത്തിനായി അലഞ്ഞ്, നിരാശയായി തിരികെ എത്തുമ്പോള്‍ കാണുന്നത് ഉറവ പൊട്ടിയെത്തിയ ജലത്തില്‍ കൈകാര്യം കളിക്കുന്ന ഇസ്മയിലിനെയാണ്. ആ ഉറവയാണ് സംസം ജലം.
മക്കളെ കിട്ടാന്‍ ഞാനും ഹനീഫക്കയും അതുപോലെ അലഞ്ഞിട്ടുണ്ട്. ആശുപത്രികളിലും ഐവിഎഫ് സെന്ററുകളിലും കയറിയിറങ്ങിയ നാളുകള്‍. ഏര്‍വാടി, നാഗൂര്‍ തുടങ്ങി സൂഫി വര്യന്മാരുടെ ദര്‍ഗകളിലും നേര്‍ച്ച കാഴ്ചകളും ദുഅയുമായി എത്രയോവട്ടം പോയി. 12 വര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല.
ചെന്നൈയിലെ സാലി ഗ്രാമത്തിലെ വീട്ടിലിരുന്നാണ് ആ സന്തോഷ വാര്‍ത്ത ഞങ്ങള്‍ ഉറപ്പിച്ചത്. സ്‌കാനിംഗില്‍ രണ്ടുപേരുടെ കുഞ്ഞനക്കങ്ങള്‍ തെളിഞ്ഞതോടെ മക്കളുടെ വാപ്പച്ചി ഒറ്റ പോക്കായിരുന്നു. ജ്വല്ലറിയില്‍ പോയി കല്ല് പതിപ്പിച്ച വലിയൊരു മോതിരവുമായി തിരികെ വന്നു. അവര്‍ ഉദരത്തില്‍ എത്തിയതിന് എനിക്ക് തന്ന സമ്മാനമായ ആ മോതിരമാണ് ഇന്നും എന്റെ കൈവിരലില്‍ ഉള്ളത്.

ജനിക്കുമ്പോള്‍ മക്കള്‍ രണ്ടാള്‍ക്കും ഒന്നേകാല്‍ കിലോ മാത്രമായിരുന്നു ഭാരമുണ്ടായിരുന്നത്. അതറിഞ്ഞു എനിക്ക് വല്ലാത്ത വെപ്രാളമായിരുന്നു. കുട്ടികള്‍ക്ക് ഭാരം കുറവാണല്ലോ എന്ന് ഹനീഫയ്ക്കയോട് ചോദിച്ചു. പിന്നെ കെട്ടിക്കാന്‍ പ്രായമുള്ള സൈസിലാണോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതെന്ന് ആയിരുന്നു ഹനീഫിക്കയുടെ ആശ്വസിപ്പിക്കല്‍. അത് കേട്ട് ഞാനും ചിരിച്ചു പോയി.
മക്കള്‍ ജനിച്ചതിന് ശേഷം ആഭരണങ്ങളൊക്കെ അണിയിക്കുന്ന ചടങ്ങ് നാല്‍പതിനാണ്. തലശ്ശേരി മാളിയേക്കല്‍ എന്ന എന്റെ തറവാട്ടിലായിരുന്നു ആ ചടങ്ങ് നടന്നത്. കല്യാണത്തേക്കാള്‍ വലിയ ആഘോഷമായിരുന്നു. ഒന്നാം പിറന്നാളും അതുപോലെ തന്നെ. മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, കുഞ്ചന്‍ തുടങ്ങി സിനിമയിലെ സുഹൃത്തുക്കളെക്കായി കൊച്ചിയിലെ വീട്ടുമുറ്റത്ത് പന്തല്‍ ഒരുങ്ങി. ഹനീഫിക്ക ഏറ്റവും സന്തോഷിച്ച ദിവസങ്ങളില്‍ ഒന്നായിരുന്നു അത്.' ഭാര്യ പറയുന്നു.
ഗുരുതരമായ കരൾരോഗമുണ്ടായിരുന്ന കൊച്ചിൻ ഹനീഫ അസുഖബാധിതനായി 2010 ലായിരുന്നു മരണപ്പെടുന്നത്. ഭാര്യയോടോ സുഹൃത്തുക്കളോടോ ഒക്കെ അസുഖത്തെ കുറിച്ച് ഒന്നും പറയാതെ മറച്ച് വെക്കുകയായിരുന്നു. അവസാന കാലത്താണ് എല്ലാവരും ഇതറിയുന്നത്.


Click it and Unblock the Notifications











