'ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്, ഐശ്വര്യ വിവാഹത്തിന് ക്ഷണിച്ചിരുന്നു'
കൊല്ലം സുധിയുടെ മരണശേഷം താരത്തിന്റെ കുടുംബത്തിന് താങ്ങായി എപ്പോഴും ഒപ്പം നിൽക്കുന്ന വ്യക്തിയാണ് അവതാരകയും മോഡലുമായ ലക്ഷ്മി നക്ഷത്ര. സുധിയുടെ ഭാര്യ രേണുവിന്റെ ആവശ്യപ്രകാരം സുധിയുടെ ഗന്ധം അടുത്തിടെ വിദഗ്ധരുടെ സഹായത്തോടെ പെർഫ്യൂമാക്കി മാറ്റിയിരുന്നു ലക്ഷ്മി. രേണുവിന് നൽകാനായിട്ടാണ് ദുബായിൽ പോയി ഇത്തരമൊരു കാര്യം ലക്ഷ്മി ചെയ്തത്. അതിന്റെ വീഡിയോ സ്വന്തം യുട്യൂബ് ചാനൽ വഴി ആരാധകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു ലക്ഷ്മി നക്ഷത്ര. എന്നാൽ വലിയ രീതിയിലുള്ള വിമർശനമാണ് വീഡിയോ പങ്കുവെച്ചതോടെ ലക്ഷ്മിക്ക് ലഭിച്ചത്.
കൊല്ലം സുധിയേയും കുടുംബത്തേയും ലക്ഷ്മി നക്ഷത്ര വിറ്റ് കാശാക്കുന്നുവെന്ന തരത്തിലായിരുന്നു വിമർശനം. ലക്ഷ്മിക്ക് എതിരെയുള്ള സൈബർ ബുള്ളിയിങ് വർധിച്ചതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു. താൻ ആവശ്യപ്പെട്ടിട്ടാണ് സുധിയുടെ ഗന്ധം അടുത്തിടെ പെർഫ്യൂമാക്കി ലക്ഷ്മി മാറ്റിയതെന്നും സുധിയെ വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം ലക്ഷ്മിക്കില്ലെന്നും രേണു പറഞ്ഞു.

സുധി ഉണ്ടായിരുന്നപ്പോഴും സഹായിക്കാറുണ്ടായിരുന്ന വ്യക്തിയാണ് ലക്ഷ്മിയെന്നും രേണു മഴവിൽ കേരളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു. രേണുവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നമ്മൾ ആഗ്രഹിച്ചൊരു കാര്യം നമ്മളെ സ്നേഹിക്കുന്ന ഒരു വ്യക്തി അത്ര കഷ്ടപ്പെട്ട് ചെയ്യുമ്പോൾ അവരെ ഇങ്ങനെ സോഷ്യൽമീഡിയയിൽ വന്ന് എന്തൊക്കെയാണ് ആളുകൾ പറയുന്നത്. അത് കേൾക്കുന്നത് ഞങ്ങൾക്ക് സങ്കടമാണ്.
ഞാനാണ് ലക്ഷ്മിയോട് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി ലഭിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് പറഞ്ഞത്. ലക്ഷ്മിക്ക് ഞാൻ പറയും വരെ ഇക്കാര്യം അറിയില്ലായിരുന്നു. ശേഷമാണ് ചിന്നു അതിനുള്ള ശ്രമം തുടങ്ങിയത്. സുധി ചേട്ടൻ ജീവിച്ചിരുന്ന സമയത്താണ് ദുബായിലുള്ള യൂസഫ്ക്കയുടെ വീഡിയോ ഞാൻ ആദ്യമായി കണ്ടത്.
മാത്രമല്ല മരിച്ചവരുടെ ഗന്ധം പെർഫ്യൂമാക്കി കിട്ടുമെന്ന കാര്യം ഞാൻ സുധി ചേട്ടനോട് പറയുകയും ചെയ്തിരുന്നു. അന്ന് ചേട്ടൻ അത് കേട്ട് അത്ഭുതത്തോടെ ഇരിക്കുകയാണ് ചെയ്തത്. ചിന്നു വീഡിയോ ഇട്ടത് പ്രമോഷന് വേണ്ടിയല്ല. വീഡിയോ എടുക്കണമെന്ന് ചിന്നുവിനോട് പറഞ്ഞത് ഞാനാണ്. പിന്നെ എന്തിനാണ് സുധി ചേട്ടനെ വിറ്റ് ചിന്നു കാശാക്കുന്നുവെന്ന് ആളുകൾ പറയുന്നതെന്ന് അറിയില്ല.
ചിന്നുവിനോട് പറഞ്ഞാൽ എന്റെ ആഗ്രഹം സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സുധി ചേട്ടന്റെ ഗന്ധം പെർഫ്യൂമാക്കി തരാൻ സാധിക്കുമോയെന്ന് ഞാൻ ചോദിച്ചത്. ഞങ്ങൾക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ ഒരു വർഷമായി ചിന്നു ജീവിക്കുന്നത്. സുധി ചേട്ടൻ മരിച്ച് ഒമ്പതിന്റെ അന്ന് മുതൽ ചിന്നു സഹായങ്ങൾ ചെയ്യുന്നുണ്ട്.

സുധി ചേട്ടനുള്ളപ്പോഴും ചിന്നു സഹായിക്കാറുണ്ടായിരുന്നു. ചോദിക്കാതെയും പറയാതെയും അറിഞ്ഞ് ചിന്നു സഹായിക്കാറുണ്ട്. ഇരുചെവി അറിയാതെയാണ് ചിന്നു സഹായിക്കാറ്. എന്നിട്ടും ആളുകൾ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ വിഷമം തോന്നും. ചിന്നു എന്ത് ചെയ്താലും അതിന്റെ ഓഹരി ആ കുട്ടി ഞങ്ങൾക്ക് തരാറുണ്ട്. അവൾ ബിജിഎം ഇട്ടതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അങ്ങനെ മോശമായി ചിന്നു ഞങ്ങളോട് ഒന്നും ചെയ്യില്ല.
ഷർട്ട് ലക്ഷ്മി കൊണ്ടുപോയിയെന്ന് അറിയില്ലായിരുന്നു. അവൾ വിളിച്ചപ്പോൾ ശരിക്കും സർപ്രൈസ്ഡായി. ഞാൻ പറഞ്ഞത് ഓർത്ത് വെച്ച് ചിന്നു കൊണ്ടുപോയല്ലോ എന്നോർത്താണ് ആദ്യം എന്റെ കണ്ണ് നിറഞ്ഞത്. ചിന്നുവിന്റെ കയ്യിൽ ആ പെർഫ്യൂം സെയ്ഫായുണ്ട്. അവൾ അത് കയ്യിൽ കൊണ്ടുതരുമ്പോൾ അത് വീഡിയോയാക്കണമെന്നുണ്ട്.
സുധി ചേട്ടന്റെ എല്ലാ സാധനവും എന്റെ കയ്യിലുണ്ട്. ഒന്നും ഞാൻ കളഞ്ഞിട്ടില്ല. ചിന്നുവിന് വരുന്ന വിമർശനം കേട്ട് ഞാൻ ആശ്വസിപ്പിക്കാൻ വിളിച്ചപ്പോൾ അവൾ എന്നെയാണ് ആശ്വസിപ്പിച്ചത്. അങ്ങനൊരു മനസുള്ള കുട്ടിയാണ് ചിന്നുവെന്നും രേണു പറഞ്ഞു.
സ്റ്റാര്‍ മാജിക്കിലെ നിറസാന്നിധ്യമായ ഐശ്വര്യ രാജീവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകാതിരുന്നതിന്റെ കാരണവും രേണു വെളിപ്പെടുത്തി. ഐശ്വര്യ വിവാഹത്തിന് ക്ഷണിച്ചിരുന്നു. കുടുംബസമേതം വരണമെന്ന് പറഞ്ഞതാണ്. പക്ഷെ സുധി ചേട്ടൻ മരിച്ചിട്ട് ഒരു വർഷമാല്ലേ ആയുള്ളു അതൊരു നല്ല ഫങ്ഷനല്ലേ അതുകൊണ്ടാണ് പോകേണ്ടെന്ന് തീരുമാനിച്ചത് എന്നാണ് രേണു പറഞ്ഞത്.


Click it and Unblock the Notifications