'ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വാർത്തകളിൽ വിഷമമുണ്ട്, അബീക്കയുടെ പെയിൻ നേരിട്ട് കണ്ടിട്ടുണ്ട്'; കോട്ടയം നസീർ!
വളരെ നാളുകൾക്ക് ശേഷം നടൻ ഷെയ്ൻ നിഗം വീണ്ടും വാർത്തകളിൽ നിറയുകയാണ്. അനാവശ്യമായി സിനിമ എഡിറ്റിങ്ങിൽ ഇടപെടുന്നുവെന്ന ഫെഫ്‌കയുടെ പരാതി ഷെയ്‌ൻ നിഗമിനെതിരെയാണ് വന്നിരിക്കുന്നത്. മൂന്ന് യുവതാരങ്ങൾ വേഷമിടുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളാണ് പരാതിക്ക് കാരണമായത്.
എഡിറ്റിങ് ജോലി ചെയ്യുന്നവരെ സമ്മർദത്തിലാക്കുന്ന ഇടപെടലിനെതിരെ നിർമാതാക്കളുടെ സംഘടനയിൽ പരാതിപ്പെട്ടതായി ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതോടെയാണ് ഷെയ്ൻ വീണ്ടും വിവാദത്തിൽപ്പെട്ടത്. കോമ്പിനേഷൻ രംഗങ്ങളിൽ തനിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഷെയ്‌ൻ എഡിറ്റ് ചെയ്‌ത ദൃശ്യങ്ങൾ കാണണമെന്ന് പറഞ്ഞതെന്നാണ് പരാതി.

ഷെയ്ൻ നിഗത്തിന് സിനിമയിൽ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിത ഷെയ്നിനെ കുറിച്ചും അദ്ദേഹത്തിന്റെ പിതാവും നടനുമായ അബിയെ കുറിച്ചും നടൻ കോട്ടയം നസീർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ നിഗം വിഷയത്തിൽ കോട്ടയം നസീർ പ്രതികരിച്ചത്.
അബിക്കൊപ്പം വളരെ വർഷം പ്രവർത്തിച്ചിട്ടുണ്ട് കോട്ടയം നസീർ. അബി മിമിക്രിയിൽ കത്തി നിൽക്കുന്ന സമയത്താണ് കോട്ടയം നസീർ മിമിക്രിയിലേക്ക് എത്തിയത്. ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വാർത്തകൾ കേൾക്കുമ്പോൾ വിഷമമുണ്ടെന്നാണ് കോട്ടയം നസീർ പറഞ്ഞത്.
'ഷെയ്ൻ നിഗം വിഷയവുമായി ബന്ധപ്പെട്ട വാർത്ത കേൾക്കുമ്പോൾ വിഷമമുണ്ട്. പേഴ്സണലി കണക്ഷനില്ല. അബീക്കയുടെ പെയിൻ ഞാൻ നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ്. ആ ഒരു കലാകാരൻ ഇങ്ങനൊരു മേഖലയിൽ എത്തണമെന്നത് എത്രത്തോളം ആഗ്രഹിച്ചതാണെന്നും അതിന്റെ പെയിൻ അദ്ദേഹത്തിന് എത്രത്തോളമായിരുന്നുവെന്നും എനിക്ക് അറിയാം.'
'നമ്മൾ എത്ര ചെറുപ്പമാണെങ്കിലും അല്ലെങ്കിലും നമ്മൾ മാനസീകമായി തകർന്നാൽ നമ്മൾ പെട്ടന്ന് അടിയിൽ പോകും. അദ്ദേഹത്തിന്റെ വിയോഗത്തിൽ പോലും അദ്ദേഹം ആഗ്രഹിച്ചിടത്ത് എത്താൻ പറ്റാത്ത വിഷമമുണ്ടാകാം. അത് ചിലപ്പോൾ അദ്ദേഹം പുറത്ത് കാണിച്ചിട്ടുണ്ടാവില്ല. നല്ലത് വരാൻ വേണ്ടി പ്രാർഥിക്കാം. ആരേയും കുറ്റപ്പെടുത്തിയോ ന്യായീകരിച്ചോ പറയാൻ നമുക്ക് ഇപ്പോൾ പറ്റില്ല' കോട്ടയം നസീർ പറഞ്ഞു.

മുമ്പും ഷെയ്നിനെതിരെ നിരവധി പരാതികൾ വരികയും വിലക്ക് നൽകുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തുകയും ചെയ്തിട്ടുള്ളതാണ്. ഷെയ്നിന്റെ അമ്മ എഡിറ്റിങ് കാണണമെന്ന് ആവശ്യപ്പെടാറുള്ളതായും പരാതിയുണ്ട്. ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടന അടക്കം നിസഹകരണം പ്രഖ്യാപിച്ചതില്‍ രണ്ട് വശമുണ്ടെന്നാണ് നടന്‍ ബാബുരാജ് അടുത്തിടെ പറഞ്ഞത്.
താര സംഘടനയായ അമ്മയുടെ ഭാരവാഹിയായ ബാബുരാജ് ഒരു അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. അമ്മയില്‍ മെമ്പര്‍ഷിപ്പുള്ള താരങ്ങള്‍ വീണ്ടും വീണ്ടും പ്രശ്നമുണ്ടാക്കുമ്പോള്‍ അമ്മ എന്ത് ചെയ്യുന്നു എന്ന ഷെയിന്‍റെ വിഷയം ഉന്നയിച്ച് വന്ന ചോദ്യത്തിനായിരുന്നു ബാബുരാജിന്‍റെ മറുപടി.
പറയുമ്പോള്‍ എല്ലാം പറയണം. ഷെയ്ന്‍ നിഗത്തിന്‍റെ വിഷയത്തില്‍ രണ്ട് വശങ്ങളുണ്ട്. എന്നാല്‍ ഷെയ്ന്‍ നിഗത്തിന്‍റെ വിഷയം എനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഷെയ്ന്‍റെ ഭാഗത്ത് നിന്നും ഒരു മെയില്‍ അവിടെ ചെന്നതോടെ ഞങ്ങള്‍ക്ക് പലതും പറയാന്‍ സാധിച്ചില്ല. ചര്‍ച്ചയ്ക്ക് മുമ്പ് ഷെയ്നെ കേള്‍ക്കാനും പറ്റിയില്ല. ഷെയ്ന്‍റെ ഭാഗത്ത് നിന്നും കേട്ടാല്‍ അതാണ് ശരിയെന്ന് പറയും. അവരുടെ ഭാഗത്ത് നിന്നും നോക്കിയാല്‍ അത് ശരിയാണെന്ന് തോന്നും.
ക്രൂശിക്കപ്പെട്ടയാളെ വളഞ്ഞ് നിന്ന് ആക്രമിക്കും പോലയാണ് ഇതെന്ന് ബാബുരാജ് പറഞ്ഞു. അതേസമയം നടി നടന്മാര്‍ അമ്മയില്‍ അംഗത്വം എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബാബു രാജ് പരാമര്‍ശിച്ചിരുന്നു. കോറോണ പേപ്പേഴ്സാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഷെയ്ന്റെ സിനിമ.


Click it and Unblock the Notifications











