'ഇയാളൊരു മൂരാച്ചിയാണ്...', ഇന്ന് ചെയ്തതിരിക്കട്ടെ... ഇനി മേലാൽ ചെയ്യരുതെന്ന് പറഞ്ഞു'; നസീറിനെ കുറിച്ച് നടൻ!
ഒരേയൊരു പ്രേം നസീറെ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുള്ളു. ഇനി അദ്ദേഹത്തപ്പോലൊരാൾ മലയാള സിനിമയിൽ വരുമോയെന്ന് സംശയമാണ്. ആ നഷ്ടമൊന്നും എത്ര സൂപ്പർസ്റ്റാറുകൾ വന്നാലും പരിഹരിക്കപ്പെടില്ല. കാലങ്ങൾക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകനാണ് അദ്ദേഹം. മലയാളിയുടെ കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപം... അതായിരുന്നു മലയാളിയുടെ സ്വന്തം പ്രേം നസീർ. മലയാള സിനിമയിലേക്ക് കടന്നുവന്ന ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന ഇരുപത്തിരണ്ടുകാരനെ പ്രേം നസീറെന്ന് പുനര്‍നാമകരണം ചെയ്യുമ്പോള്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍താരം എന്നറിയപ്പെടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അറിഞ്ഞിരുന്നില്ല താന്‍ തിരുത്തുന്നത് മലയാള സിനിമാ ചരിത്രത്തെയാണെന്ന്.
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴും പ്രേക്ഷകരുടെ മനസിൽ ഇന്നും മായാത്ത നക്ഷത്രമായി തെളിഞ്ഞ് നിൽക്കുകയാണ് അദ്ദേഹം.

ഇന്നും അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളും സീനുകളും മലയാളി ആസ്വദിക്കാറുണ്ട്. സിനിമയ്ക്ക് വേണ്ടി മാത്രം ജനിച്ച മനുഷ്യൻ എന്നാണ് പ്രേംനസീറിനെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ ആകാരഭംഗിയും കലയോടുള്ള അഭിനിവേശവും സഹാനുഭൂതി നിറഞ്ഞ മനസും മലയാളികളുടെ ഹൃദയത്തിൽ നസീറിന് പകരക്കാരനില്ലാതാക്കി. കാലഘട്ടത്തിന്റെ പ്രതീകമായി നസീര്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
അഭ്രപാളിയില്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്ന അഭിനയശൈലിയും സൗന്ദര്യവുമാണ് പ്രേംനസീറിനെ വളരെ പെട്ടന്നുതന്നെ ജനപ്രിയതാരമാക്കി മാറ്റിയത്. അമ്പതുകളിലേയും അറുപതുകളിലേയും മലയാള സിനിമയ്ക്ക് പ്രേം നസീർ സമ്മാനിച്ച യുവത്വത്തിന്റെ പ്രസരിപ്പ് വർണനകൾക്കും അതീതമാണ്.
സിനിമാക്കാരിൽ പലരും അദ്ദേഹത്തിന്റെ സൗമ്യവും സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ പെരുമാറ്റത്തെ കുറിച്ച് നിരന്തരം വാചാലരാകാറുണ്ട്. ഇപ്പോഴിതാ നടൻ കോട്ടയം പദ്മൻ നസീറുമൊത്ത് സിനിമ ചെയ്തപ്പോഴുണ്ടായ അനുഭവം മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലുമായി പങ്കിട്ടിരിക്കുകയാണ്. അദ്ദേഹം തന്നെ ഉപദേശങ്ങളെ കുറിച്ചും കോട്ടയം പദ്മൻ വാചാലനായി.
'ഞാന്‍ എന്റെ ഇരുപത്തിമൂന്നാമത്തെ വയസിലാണ് മലയാള സിനിമയിലെ നിത്യഹരിത നായകനെ എന്റെ കൺമുന്നില്‍ കാണുന്നത്. സത്യത്തില്‍ ആ സിനിമയില്‍ ഞാന്‍ സിനിമയുടെ കണക്ക് എഴുതാന്‍ ചെന്ന ആളാണ്. അഭിനയിക്കാന്‍ വേണ്ടി പോയ ആളായിരുന്നില്ല. സിനിമയുടെ നിര്‍മാതാവിന്റെ മകന് വേണ്ടി ഒരു വേഷം മാറ്റിവെച്ചിരുന്നു.'

'അത് ചില പ്രത്യേക സാഹചര്യം കൊണ്ട് പുള്ളിക്ക് ചെയ്യാന്‍ പറ്റാതെയായി. അങ്ങനെയാണ് ഞാന്‍ ആ കഥാപാത്രം ചെയ്യുന്നത്. ഞാന്‍ അന്ന് നാടകങ്ങളിലൊക്കെ അഭിനയിക്കുന്ന സമയമായിരുന്നു. നസീര്‍ സാര്‍ ആ സിനിമയില്‍ ഒരു കോളജ് അധ്യാപകനാണ്. നസീര്‍ സാറിന്റെ അനിയനായി അഭിനയിക്കുന്നത് ടി.ജി രവി ചേട്ടനാണ്.'
'രവി ചേട്ടന്‍ നാട്ടിലെ എംഎല്‍എയാണ്. എംഎല്‍എയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ നേതാവായിട്ടാണ് ഞാന്‍. കോളേജില്‍ ഒരു സമരവുമായി ബന്ധപെട്ട് ഞങ്ങളെ ഉപദേശിക്കുന്ന സീനിലാണ് നസീര്‍ സാറുമായി ഞാന്‍ ആദ്യം അഭിനയിക്കുന്നത്. സിനിമയില്‍ പ്രൊഫസര്‍ രാജനെന്നാണ് അദ്ദേഹത്തിന്റെ പേര്. ഇയാള്‍ ഒരു മൂരാച്ചിയാണ് എന്നുള്ളതാണ് എന്റെ ആദ്യ ഡയലോഗ്. ആ മുഖത്ത് നോക്കി ഞാന്‍ അത് എങ്ങനെ പറയാനാണ്. എന്നെ വലിയ സങ്കടത്തിലാക്കിയ സാഹചര്യമായിരുന്നു അത്.'
'ടേക്ക് ആകുന്നതിന് മുമ്പ് ഞാന്‍ ചെന്ന് അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ചു. ഞാനാണ് ഇന്ന കഥാപാത്രം ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. ചിരിച്ചു കൊണ്ട് മൂളിയ ശേഷം ഇന്ന് ചെയ്തതിരിക്കട്ടെ ഇനി മേലാല്‍ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. ആരുടേയും കാലുപിടിച്ച് സിനിമയില്‍ നില്‍ക്കാന്‍ പറ്റില്ലെന്നും കാലുപിടിച്ചാല്‍ ഒരു സിനിമയിലൊക്കെ അഭിനയിക്കാന്‍ പറ്റിയേക്കാം അനിയനെ മലയാള സിനിമക്ക് ആവശ്യമുണ്ടെങ്കില്‍ സിനിമ വിളിക്കും എന്നദ്ദേഹം പറഞ്ഞു.'
'ഭാഗ്യമുണ്ടെങ്കില്‍ മാത്രമെ സിനിമയില്‍ നിലനില്‍ക്കാന്‍ പറ്റുള്ളൂവെന്നും അന്ന് പറഞ്ഞു. സത്യത്തില്‍ ഞാന്‍ ഇങ്ങനെ സാഹചര്യം കാരണം അഭിനയിക്കാന്‍ വന്ന ആളാണെന്ന് നസീര്‍ സാറിന് അറിയില്ലായിരുന്നു', എന്നാണ് മഹാനടനൊപ്പമുള്ള അനുഭവം പങ്കിട്ട് കോട്ടയം പദ്മന്‍ പറഞ്ഞത്.


Click it and Unblock the Notifications