'ആശുപത്രിയിലെ ജീവനക്കാരോടും തമാശയൊക്കെ പറഞ്ഞു, പിന്നീടാണ് സിവിയർ അറ്റാക്ക് വന്നത്'; കോട്ടയം പ്രദീപിന്റെ മകൻ
കോട്ടയം പ്രദീപ് എന്ന പ്രതിഭയുടെ ഓർമകൾക്ക് ഒരു വയസ് തികയാൻ പോവുകയാണ്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം അന്തരിച്ചത്.
വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൽ മറയത്ത്, കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വടക്കന്‍ സെല്‍ഫി, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ താരത്തിന്റെ അവസാന നിമിഷങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ വിഷ്ണു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ഒരു പനി വന്നുവെന്നതിന്റെ പേരിൽ പോലും പപ്പ ആശുപത്രിയിൽ കയറുന്നത് കണ്ടിട്ടില്ലെന്നും അതിനാൽ തന്നെ നെഞ്ച് വേദനയെന്ന് കേട്ടപ്പോൾ തന്നെ അറ്റാക്കായിരിക്കരുതെന്ന് പ്രാർഥിച്ചിരുന്നുവെന്നുമാണ് വിഷ്ണു പറയുന്നത്.
'ഫുൾ എനർജെറ്റിക്കായിട്ടുള്ള മനുഷ്യനാണ് പപ്പ. കൂട്ടുകാരോടും വീട്ടുകാരോടുമെല്ലാം. അതുകൊണ്ട് തന്നെ ശനിയാഴ്ച വീട്ടിൽ വരാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. നമ്മുടെ സുഹൃത്തിനെപ്പോലെയാണ് പെരുമാറുക. കല്യാണരാമനിൽ അഭിനയിച്ച ശേഷം കുറച്ച് സീൻ കിട്ടിയെന്ന് പറഞ്ഞിട്ടുണ്ട്.'

'സിനിമ ഇറങ്ങും മുമ്പ് അത് വിജയിക്കാൻ വേണ്ടി പപ്പ പ്രാർഥിക്കും. ഞാനും പപ്പയും തിയേറ്ററിൽ പോയി പപ്പയുടെ സീൻ വരുമ്പോൾ അത് എണ്ണുമായിരുന്നു. ഞങ്ങൾക്ക് പപ്പയുടെ സീനുകൾക്കാണ് പ്രാധാന്യം. പപ്പയുടെ വേഷം ചെറുതാണെങ്കിലും പരാതി പറയാറില്ല.'
'രാജമാണിക്യം ഇറങ്ങിയപ്പോഴും അദ്ദേഹം തിയേറ്ററിൽ പോയി പ്രാർഥിച്ചിരുന്നു. ആ സിനിമയിലാണ് പപ്പയെ വ്യക്തമായി കാണിച്ചത്. അത് കാണാൻ ഞാനും കൂട്ടുകാരും ഒരുമിച്ച് തിയേറ്ററിൽ പോവുകയും പപ്പയുടെ സീനിൽ കൈയ്യടിക്കുകയും ചെയ്തിരുന്നു.'

'ചെറിയ സീനായാലും വലിയ സീനായാലും അദ്ദേഹം പോയി അഭിനയിക്കും. നന്ദു പൊതുവാൾ സാറാണ് വിണ്ണയ് താണ്ടി വരുവായയിലേക്ക് പപ്പയെ വിളിച്ചത്. മലയാളത്തിൽ തിരിച്ചറിയപ്പെടുന്നില്ല. അതുകൊണ്ട് തമിഴിൽ ചെയ്തിട്ട് കാര്യമുണ്ടോയെന്ന ചിന്തയായിരുന്നു പപ്പയ്ക്ക്. പിന്നെ ഞാനാണ് നിർബന്ധിച്ച് വിട്ടത്.'
'ഗൗതം സാർ ശങ്കരാടി ചേട്ടന്റെ ലുക്കുള്ള ഒരാളെയാണ് നോക്കിയത്. അതാണ് പപ്പയെ വിളിച്ചത്. പപ്പയുടെ സീനുകൾക്ക് തിയേറ്ററിൽ നല്ല കൈയ്യടിയായിരുന്നു. തട്ടത്തിൽ മറയത്തിന് ശേഷമാണ് പപ്പയുടെ ലൈഫ് മാറിയത്.'

'അതിന് ശേഷം വെറുതെ ഇരിക്കേണ്ടി വന്നിട്ടില്ല. എല്ലാത്തിനും നമുക്ക് ചോയിസ് തരും പപ്പ. പപ്പ ഫുൾ കോമഡിയാണ്. പപ്പയെ പോലെയാകാൻ ഞങ്ങൾക്ക് സാധിക്കില്ല. പപ്പ ഉണ്ടാക്കിത്തന്ന ബന്ധങ്ങൾ നിലനിർത്തികൊണ്ടുപോകാൻ ശ്രമിക്കുകയാണ്.'
'വിഷ്ണുവെന്ന് എനിക്ക് പപ്പ പേരിട്ടത് ചിത്രം കണ്ടിട്ടാണ്. ലാലേട്ടൻ പപ്പയുടെ മരണശേഷവും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. പപ്പ ലാലേട്ടൻ ഫാനാണ്. എന്നെ അഭിനയിപ്പിക്കാൻ പപ്പ കൊണ്ടുനടന്നിട്ടുണ്ട്. എനിക്ക് പറ്റാത്തത് മകനെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്.'

'അങ്ങനെയൊരിക്കൽ പ്രേം പ്രകാശ് സാറിനെ കണ്ടപ്പോഴാണ് പപ്പയ്ക്ക് വേഷം കൊടുത്തത്. പപ്പയുടെ നാൽപ്പത് വയസിന് ശേഷമാണ് സിനിമ സംഭവിച്ചത്. ന്യൂസിൽ കണ്ടു ഞാനാണ് പപ്പയുടെ അഭാവത്തിൽ വൃന്ദയുടെ വിവാഹം നടത്തിയതെന്ന്. അത് അങ്ങനെയല്ല പപ്പയ്ക്ക് വ്യക്തമായ പ്ലാനുണ്ടായിരുന്നു. സ്വർണം വരെ പപ്പ സെലക്ട് ചെയ്ത് വെച്ചിരുന്നു. പപ്പ കണ്ടെത്തിയ വരനാണ്.'
'പപ്പയുടെ പ്ലാൻ അനുസരിച്ച് ഞങ്ങൾ നടപ്പിലാക്കിയെന്ന് മാത്രം. പപ്പയ്ക്ക് നെഞ്ച് വേദന വന്നതിന്റെ തലേദിവസം എന്നോട് സംസാരിച്ചിരുന്നു. അറ്റാക്ക് ആയിരിക്കരുതെന്ന് ഞാൻ പ്രാർഥിച്ചിരുന്നു. അങ്ങനെ വൃന്ദയെ വിളിച്ചപ്പോൾ അവളാണ് പപ്പ പോയിയെന്ന് പറഞ്ഞത്.'

'ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. മൊബൈൽ എടുത്ത് നോക്കിയപ്പോൾ ആദരാഞ്ജലിയാണ് കണ്ടത്. പപ്പ സ്വന്തം ആഗ്രഹങ്ങളെല്ലാം സാധിച്ച മനുഷ്യനാണ്. എല്ലാ സിനിമ കാണാൻ പോയതും അദ്ദേഹം ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിനിടയിൽ പപ്പ നിൽക്കുമ്പോൾ മമ്മൂക്ക വിളിച്ച് പ്രദീപേ ശബ്ദം ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോയെന്ന് ചോദിച്ചത് പപ്പയ്ക്ക് വലിയ സന്തോഷം നൽകിയ ഒന്നായിരുന്നു.'
'പപ്പ അത് ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്. ആശുപത്രിയിലും തമാശയൊക്കെ പറഞ്ഞാണ് നിന്നത് പപ്പ. വേദനയുണ്ടെന്ന് പോലും പറഞ്ഞില്ല. ആശുപത്രിക്കുള്ളിൽ നിന്നാണ് സിവിയർ അറ്റാക്ക് വന്നത്' കോട്ടയം പ്രദീപിന്റെ മകൻ വിഷ്ണു പറഞ്ഞു.


Click it and Unblock the Notifications