'വൃന്ദ ജനിച്ചപ്പോൾ മുതൽ അവളുടെ വിവാഹമായിരുന്നു സ്വപ്നം, തലേദിവസവും അത് പറഞ്ഞു'; കോട്ടയം പ്രദീപിന്റെ ഭാര്യ!
ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള നടനാണ് കോട്ടയം പ്രദീപ്. മകളുടെ വിവാഹം കൺനിറയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് പ്രദീപ് അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.
പ്രദീപ് വിടപറഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം മകൻ വിഷ്ണുവും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചേർന്നാണ് കോട്ടയം പ്രദീപിന്റെ മകൾ വൃന്ദയുടെ വിവാഹം നടത്തിയത്. സിനിമാ മേഖലയിൽ നിന്ന് അടക്കം നിരവധി പേർ പങ്കെടുത്ത വിവാഹമായിരുന്നു കോട്ടയം പ്രദീപിന്റെ മകളുടേത്.
കുടുംബമാണ് എല്ലാമെന്ന് പറഞ്ഞ് കഴിഞ്ഞിരുന്ന ആളായിരുന്നു അദ്ദേഹമെന്നും ദൂരെ സ്ഥലങ്ങളിലാണ് ഷൂട്ടെങ്കിലും രാത്രിയാകുമ്പോൾ എങ്ങനെയെങ്കിലും ബസ് കയറി വീട്ടിൽ വന്നിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെച്ച് ബിഹൈൻവുഡ്സിനോട് സംസാരിക്കവെ കോട്ടയം പ്രദീപിന്റെ ഭാര്യ പറഞ്ഞത്.
'നെഗറ്റീവ് പറയുന്നത് ഇഷ്ടമല്ല. എപ്പോഴും പോസിറ്റീവായിരിക്കുന്നതിനോടാണ് താൽപര്യം. കുഞ്ഞുങ്ങൾ ജനിച്ചത് മുതൽ പപ്പ മരിക്കുന്നത് വരെ വിഷമം എന്താണെന്ന് അദ്ദേഹം മക്കളെ അറിയിച്ചിട്ടില്ല.'

'എന്നോട് വിഷമം പറഞ്ഞാലും മക്കളെ ഒരു സങ്കടവും അദ്ദേഹം അറിയിക്കില്ലായിരുന്നു. ജോലി ഉപേക്ഷിച്ച് സിനിമയിൽ പോയതിന് ബന്ധുക്കൾ അടക്കം വഴക്ക് പറയുമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മനസിൽ സിനിമ എപ്പോഴും ഉണ്ടായിരുന്നു.'
'വീടിനടുത്ത് തിയേറ്റർ ഉണ്ടായിരുന്നു. 2001 മുതൽ അദ്ദേഹം സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നുണ്ട്. ഷൂട്ടിന് പോയാൽ റൂമെടുത്ത് നിൽക്കില്ല. എങ്ങനെയായാലും വീട്ടിൽ വരും. വീടും ഞങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ലോകം. അദ്ദേഹം മക്കളെ വഴക്ക് പറഞ്ഞിട്ടേയില്ല.'

'പപ്പയുടെ ശബ്ദമെന്താ ഇങ്ങനെയെന്ന് ഞങ്ങൾ ചോദിച്ചിട്ടുണ്ട്. ഞങ്ങൾ പപ്പയോട് സിനിമയ്ക്ക് പിറകെ പോകേണ്ടെന്ന് പറഞ്ഞിട്ടില്ല. മരിക്കുന്ന തലേദിവസം വൃന്ദയുടെ കല്യാണത്തെ കുറിച്ചായിരുന്നു സംസാരം മുഴുവൻ.'
'വൃന്ദ ജനിച്ചപ്പോൾ മുതൽ അവളുടെ വിവാഹമായിരുന്നു പപ്പയുടെ സ്വപ്നം. എല്ലാ സിനിമാക്കാരേയും കല്യാണം വിളിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു' കോട്ടയം പ്രദീപിന്റെ ഭാര്യ പറഞ്ഞു. പപ്പ കൂടെയുള്ളപോലെ തന്നെയാണ് ഇപ്പോഴും തോന്നുന്നതെന്നും പോയതായി തോന്നിയിട്ടില്ലെന്നും മകൾ വൃന്ദ പറഞ്ഞു.

'പപ്പ എന്റെ വസ്ത്രം വരെ തേച്ചുവെക്കുമായിരുന്നു. പപ്പ എന്നും ഞങ്ങളെ സന്തോഷിപ്പിച്ചിട്ടേയുള്ളു. പപ്പ നന്നായി കെയർ ചെയ്യും. സുഹൃത്തുക്കൾക്കൊപ്പം ഞങ്ങൾ വീട്ടിലേക്ക് വരുമ്പോൾ പപ്പ സുഹൃത്തുക്കളെ ക്ഷണിക്കും മുമ്പ് ഞങ്ങളെയാണ് അകത്തേക്ക് വിളിക്കുക.'
'പപ്പ എന്താ ഇങ്ങനെ ഗസ്റ്റിന് എന്ത് തോന്നുമെന്ന് കരുതിയിട്ടുണ്ട്. പക്ഷെ പപ്പ എപ്പോഴും അങ്ങനെയായിരുന്നു. മക്കളോടായിരുന്നു സ്നേഹം മുഴുവൻ. മോഡേൺ വസ്ത്രങ്ങൾ ഇറങ്ങിയാൽ ഉടൻ വാങ്ങിത്തരും. എനിക്ക് കോളജിലേക്ക് പോകാൻ ഷൂ വരെ തുടച്ച് വെക്കുന്ന പ്രകൃതമാണ്' വൃന്ദ പറഞ്ഞു.

തൃശൂര്‍ ഇരവ് സ്വദേശി സഹദേവന്റേയും വിനയയുടേയും മകന്‍ ആഷിക്കാണ് വൃന്ദയെ വിവാഹം ചെയ്തത്. 2001ല്‍ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
കല്യാണ രാമന്‍, ഫോര്‍ ദ പീപ്പിള്‍, രാജമാണിക്യം, ലോലിപ്പോപ്പ്, മൈ ബിഗ് ഫാദര്‍ തുടങ്ങി രണ്ട് പതിറ്റാണ്ടോളം എഴുപതോളം സിനിമകളുടെ ഭാഗവുമായി പ്രദീപ്. എന്നാല്‍ പ്രദീപ് എന്ന നടന്‍ ശ്രദ്ധിക്കപ്പെടുന്നത് 2010ല്‍ വിണ്ണൈ താണ്ടി വരവായ എന്ന സിനിമയിലൂടെ ആയിരുന്നു. ആ ചിത്രത്തിന്റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് ഭാഗമായി.

ആമേന്‍, വടക്കന്‍ സെല്‍ഫി, സെവന്‍ത്‌ഡെ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, ആട് ഒരു ഭീകരജീവിയാണ്, അഞ്ച് സുന്ദരികള്‍, ജമ്‌നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലും നിമിഷങ്ങള്‍ മാത്രമെത്തി പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു പ്രദീപ്.
തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. മരിക്കും മുമ്പ് പ്രദീപ് അഭിനയിച്ച നിരവധി സിനിമകൾ ഇനിയും റിലീസിന് എത്താനുണ്ട്.


Click it and Unblock the Notifications











