അമ്മയില്‍ മെമ്പര്‍ അല്ലെങ്കില്‍ സിനിമ പോലും കിട്ടില്ല! ഇന്നസെന്റിന്റെ സഹായത്തെ കുറിച്ച് നടന്‍ കോട്ടയം പുരുഷന്‍
സഹനടന്റെ വേഷത്തിലൂടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് കോട്ടയം പുരുഷന്‍. വളരെ ചെറിയ റോളുകളാണ് ഇതുവരെ ചെയ്തിട്ടുള്ളതെങ്കിലും പുരുഷന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. അത്രയും ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം.
സിനിമയില്‍ സജീവമായി അഭിനയിച്ചിരുന്ന കാലത്ത് ഇന്നസെന്റിലൂടെ കിട്ടിയ സഹായത്തെ പറ്റിയാണ് നടന്‍ തുറന്ന് സംസാരിച്ചത്. അമ്മയില്‍ തനിക്ക് മെമ്പര്‍ഷിപ്പ് കിട്ടിയത് ഇന്നസെന്റ് പറഞ്ഞത് പ്രകാരമായിരുന്നു. അത് കാരണം ഇപ്പോള്‍ കൃത്യമായ കൈനീട്ടവും മറ്റ് അനൂകൂല്യങ്ങളും തനിക്ക് ലഭിക്കുന്നുണ്ടെന്നും സിവിടിവി ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു.

നാടകത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് പട്ടണം റഷീദ് അടക്കമുള്ള സുഹൃത്തുക്കള്‍ വഴിയാണ് സിനിമയിലേക്ക് എത്തുന്നത്. സിനിമയിലെത്തുമ്പോള്‍ എനിക്ക് പ്രായമുണ്ട്. പക്ഷേ ഞാന്‍ ചെറുപ്പക്കാരനാണോന്ന് ചോദിച്ചാല്‍ അല്ല. വയസനാണോന്ന് ചോദിച്ചാല്‍ അതുമല്ല. അങ്ങനൊരു രൂപമാണ് എനിക്ക്. മുപ്പത്തിയെട്ട് വയസുള്ളപ്പോള്‍ പതിനാറുകാരനായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
പാപ്പി അപ്പച്ചയില്‍ പോലീസുകാരനായി അഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റ് ചേട്ടനൊക്കെ എനിക്ക് ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. പല പടങ്ങളിലും അഭിനയിച്ച് നില്‍ക്കുമ്പോഴാണ് അമ്മ സംഘടനയില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ടോന്ന് അദ്ദേഹം ചോദിക്കുന്നത്. അന്ന് നല്ല റേറ്റ് ആണ്. ഇരുപത്തിയയ്യിരം രൂപ കൊടുക്കണം. കാശൊക്കെ കിട്ടാറുണ്ടെങ്കിലും ഇരുപത്തിയ്യയ്യിരം ഒന്നും ഒരുമിച്ച് കണ്ടിട്ടില്ല.
പൈസ ഇല്ലെന്നും അത്രയും രൂപ കിട്ടുന്നൊരു സിനിമ എനിക്ക് താ. എന്നിട്ട് ആ കാശ് എടുത്തിട്ട് മെമ്പര്‍ഷിപ്പ് തരാനും പറഞ്ഞു. അതൊന്നും പറ്റില്ല, പലപ്പോഴായി അടച്ചാല്‍ മതിയെന്നും മെമ്പര്‍ഷിപ്പ് എടുത്തില്ലെങ്കില്‍ സിനിമ കിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. അങ്ങനെയാണ് അമ്മയില്‍ മെമ്പറാകുന്നത്. ഇപ്പോള്‍ കൈനീട്ടവും അമ്മയില്‍ നിന്നുള്ള ഇന്‍ഷൂറന്‍സുമൊക്കെ കിട്ടുന്നുണ്ട്. എല്ലാ വര്‍ഷവും അഞ്ച് ലക്ഷം രൂപയാണ് ഇന്‍ഷൂറന്‍സ്. അധികവും തന്റെ ചികിത്സയ്ക്ക് വേണ്ടി എല്ലാ കൊല്ലവും അത് എടുക്കാറുണ്ടെന്ന് പുരുഷന്‍ പറയുന്നു.

അടുത്തിടെ രമ്യ നമ്പീശന്റെ സഹോദരന്റെ കല്യാണത്തിന് ഞാനും പോയിരുന്നു. നടിയുടെ അച്ഛനുമായിട്ടുള്ള സൗഹൃദത്തിലാണ് പോവുന്നത്. അദ്ദേഹം സൗണ്ട് എന്‍ജീനിയറായിരുന്നു. ആ സമയത്തുള്ള സൗഹൃദമാണ്. അങ്ങോട്ടും ഇങ്ങോട്ടും കുടുംബസമേതം പോവുകയും ഒരുമിച്ച് ജീവിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
സിനിമയില്‍ നിന്നും സഹായം കിട്ടിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ ഇന്‍ഷൂറന്‍സ് ഉള്ളത് കൊണ്ട് എല്ലാവരോടും ചോദിച്ച് നടക്കേണ്ട കാര്യമില്ലല്ലോ. പിന്നെ സിനിമയില്‍ ചാന്‍സ് തരുമോന്ന് പോലും ഞാന്‍ ആരോടും ചോദിക്കാറില്ലെന്നാണ് കോട്ടയം പുരുഷന്‍ പറയുന്നത്.
നടന്‍ ജഗതിശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് താന്‍ ആദ്യമായി അഭിനയിച്ചതെന്നാണ് നടന്‍ പറയുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. ആദ്യമൊക്കെ ഡയലോഗ് പോലുമില്ലാത്ത കഥാപാത്രങ്ങളായിരുന്നെങ്കില്‍ പിന്നീട് ഡയലോഗുകളും ലഭിച്ച് തുടങ്ങിയെന്നും താരം വ്യക്തമാക്കുന്നു.


Click it and Unblock the Notifications











