മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചു, മൂന്നാമത്തെ ദിവസം രാത്രി കുഴഞ്ഞു വീണു; ഗോകുല്‍
തിയേറ്ററുകളില്‍ ഗംഭീര വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ആടുജീവിതം. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ച നജീബ് എന്ന കഥാപാത്രത്തോളം തന്നെ പ്രധാനപ്പെട്ടതായിരുന്നു ഹക്കിം എന്ന കഥാപാത്രവും. ഹക്കിമായി ചിത്രത്തില്‍ വേഷമിട്ടത് കെ ആര്‍ ഗോകുല്‍ ആണ്. ഗോകുല്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആടുജീവിതം സിനിമയുടെ ഭാഗമാകുമ്പോള്‍ 17 വയസായിരുന്നു പ്രായം.
സിനിമ റിലീസായതിന് ശേഷം പൃഥ്വിരാജിനൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു ഹിക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലിന്റേതും. നജീബ് എന്ന കഥാപാത്രം ചെയ്യുന്നതിന് പൃഥ്വിരാജ് എടുത്തതു പോലെ തന്നെ സമാനമായ ബുദ്ധിമുട്ടുകള്‍ ഹക്കിമായി വേഷമിട്ട ഗോകുലും അനുഭിച്ചിരുന്നു.

തടികുറയ്ക്കുകയും താടിയും മുടിയും വളര്‍ത്തി നടക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് റിസള്‍ട്ട് ഉണ്ടായെന്ന് പറയുകയാണ് ഗോകുല്‍. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. പൃഥ്വിരാജിന് സിനിമയില്‍ ആദ്യം കുറച്ച് വെയിറ്റ് ഗെയിന്‍ നടത്തിയ ശേഷം അത് കുറച്ചു.
അതുപോലെ തന്നെയായിരുന്നു എനിക്കും ആദ്യത്തെ ഷെഡ്യൂളില്‍ നന്നായി ഭക്ഷണം കഴിക്കാനായിരുന്നു പറഞ്ഞത്. അതുകൊണ്ട് ഒത്തിരി കഴിച്ചു. കിട്ടുന്നതൊക്കെ കഴിച്ചു. തടികൂടി 64 കിലോ വരെ എത്തിച്ചു. അവിടുന്ന് വീണ്ടും 44 കിലോയിലേക്ക് കുറച്ചുവെന്ന് ഗോകുല്‍ പറയുന്നു.
രാജുവേട്ടന്റെ ട്രെയിനറുടെ അഡ്‌വൈസ് എടുത്തു, അതുപോലെ അമ്മയ്ക്ക് അറിയാവുന്ന ചില ഡയറ്റീഷ്യന്‍സ് ഉണ്ടായിരുന്നു. അവര്‍ പറയുന്നതും കേട്ടിട്ടാണ് വെയിറ്റ് കുറയ്ക്കാന്‍ തുടങ്ങിയത്. അവസാനത്തെ കുറച്ച് ദിവസത്തില്‍ വാട്ടര്‍ ഡയറ്റ് ഒക്കെ ചെയ്തിരുന്നു. ഒരു മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം വെച്ച് പിടിച്ചു നിന്നു. മൂന്നാമത്തെ ദിവസം രാത്രി ഞാന്‍ വീണു. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാന്‍ പറ്റുള്ളു എന്ന് മനസിലായി.
'അതിന് ശേഷം ഗ്രേപ് ജ്യൂസ് പോലത്തെ പഴച്ചാറുകളാണ് കഴിച്ചത്. ഒരു കുബ്ബൂസ് വെള്ളത്തില് മുക്കി കഴിച്ചു. ഹക്കീം കഴിച്ച പോലെ. ഹക്കിം അനുഭവിച്ച ഒരു തരിയെങ്കിലും ഞാന്‍ എക്‌സ്പീരിയന്‍സ് ചെയ്താല്‍ അല്ലേ സ്‌ക്രീനില്‍ അവതരിപ്പിക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ നീതി പുലര്‍ത്താന്‍ പറ്റുകയുള്ളു എന്നാണ് ചിന്തിച്ചത്. ഞാന്‍ മെലിയുന്നത് കണ്ടിട്ട് അമ്മ ബ്ലെസ്സി സാറിനെ വിളിച്ചു. എന്റെ മകന്‍ മെലിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടത് എന്ന് വിളിച്ച് പറഞ്ഞിട്ടൊക്കെയുണ്ട്,' ഗോകുല്‍ പറയുന്നു.
ഒരു പയ്യന്‍ മുടി നീട്ടി, താടി ഒക്കെ വെച്ച് മെലിഞ്ഞൊക്കെ കഴിഞ്ഞാല്‍ നാട്ടുകാര്‍ സ്വാഭാവികമായും അവന്‍ കഞ്ചാവാണ് എന്നൊക്കെ പറയും. അങ്ങനെ പറഞ്ഞ് നടന്നിട്ടും ഉണ്ട്. ഒരിക്കല്‍ ഹെല്‍മെറ്റ് വെക്കാത്തതിന്റെ പേരില്‍ പൊലീസ് പിടിച്ചിട്ടുണ്ടായിരുന്നു. പെറ്റി അടിക്കാന്‍ വിളിപ്പിച്ചപ്പോള്‍ രൂപം കണ്ട് നിന്റെ കയ്യില്‍ എന്താ ഉള്ളത് എന്നൊക്കെ ചോദിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടിയാണെന്ന് അവരോട് പറഞ്ഞപ്പോള്‍ പിന്നെ കുഴപ്പമൊന്നും ഉണ്ടായില്ല.

സെറ്റില്‍ ഒരിക്കല്‍ ഒരു ഷോട്ട് എടുക്കുന്ന സമയത്ത് മരുഭൂമിയില്‍ നട്ടുച്ച സമയത്താണ്. ഞാന്‍ പൊസിഷന്‍ നോക്കാന്‍ വേണ്ടി കിടക്കുകയാണ്. ഞാന്‍ വെയിലുകൊണ്ട് കിടക്കുകയാണ്. കൂടെ ഉള്ളവരും വെയിലു കൊണ്ട് നില്‍ക്കുകയാണ്. ഷോട്ട് എടുക്കുന്ന സമയത്ത് രാജുവേട്ടനെ വിളിച്ചു. അദ്ദേഹം വരുന്ന സമയത്ത് കാണുന്നത് ഞാന്‍ ആ വെയിലത്ത് നില്‍ക്കുന്നതാണ്.
അത് കണ്ടിട്ട് അദ്ദേഹം ദേഷ്യപ്പെട്ട് പറഞ്ഞു, ഇവന് ഒരു കുട കൊടുക്കണ്ടെ ആരെങ്കിലും. ഞാന്‍ ചെയ്യുന്ന അതേ ജോലി തന്നെയാണ് ഗോകുലും ചെയ്യുന്നത്. ഇവന് കുട കൊടുക്കാതെ ഞാന്‍ അഭിനയിക്കില്ല എന്ന് പറഞ്ഞ് അദ്ദേഹം പോയി. അത് കഴിഞ്ഞ് അങ്ങനെ നല്‍ക്കുന്ന സമയത്ത് ഒരാള്‍ കുട പിടിച്ച് കൂടെ ഉണ്ടാവും. അങ്ങനെ സഹോദര തുല്യമായ ഒരു പരിഗണന കിട്ടുന്നുണ്ടായിരുന്നു എന്നും ഗോകുല്‍ പറയുന്നു.


Click it and Unblock the Notifications











