'എന്റെ വിവാഹത്തിന് പോലും അവൻ ഒരു നിമിത്തമായി, ഞങ്ങളുടെ കുടുംബത്തിൽ ഒരു കല്യാണം നടന്നപോലെ'; കൃഷ്ണകുമാർ!
പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നടനും രാഷ്ട്രീയപ്രവർത്തകനുമാണ് കൃഷ്ണകുമാർ. സോഷ്യൽമീഡിയയിൽ സജീവമായ താരം വിശേഷങ്ങളെല്ലാം കുറിപ്പായി പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് സ്വന്തം യുട്യൂബ് ചാനൽ വഴിയും ആരാധകരുമായി സംവദിക്കാറുണ്ട്.
ഇപ്പോഴിതാ പ്രിയസുഹൃത്തും നടനുമായ അപ്പ ഹാജയെ കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാർ. കഴിഞ്ഞ ദിവസം അപ്പ ഹാജയുടെ മകളുടെ വിവാഹമായിരുന്നു. കുടുംബസമേതമാണ് വിവാഹ ചടങ്ങിൽ കൃഷ്ണകുമാർ പങ്കെടുത്തത്.
സിന്ധുവുമായുള്ള തന്റെ പ്രണയത്തിനും വിവാഹത്തിനും പോലും നിമിത്തമായ സുഹൃത്താണ് അപ്പ ഹാജയെന്നും അതുകൊണ്ട് തന്നെ സ്വന്തം കുടുംബത്തിൽ ഒരു കല്യാണം നടന്നതുപോലുള്ള സന്തോഷമായിരുന്നുവെന്നുമാണ് കൃഷ്ണകുമാർ കുറിപ്പിൽ പറയുന്നത്. വർഷങ്ങളുടെ സൗഹൃദം കൃഷ്ണകുമാറും അപ്പ ഹാജയും തമ്മിലുണ്ട്.
'പതിവ് പോലെ ഇന്നലെയും വളരെ സന്തോഷം തോന്നിയ ഒരുദിവസമായിരുന്നു. അതിന് കാരണം ഹാജയുടെയും സൈനയുടെയും മകൾ നെച്ചുവിന്റെ കല്യാണമായിരുന്നു. കുടുംബത്തോടെ പങ്കെടുക്കാൻ കഴിഞ്ഞു എന്നത് അതിലേറെ സന്തോഷം നൽകി.'

'35 വർഷങ്ങൾക്ക് പുറത്തുള്ള സൗഹൃദം... ഹാജയുടെ അമ്മയുടെ ഭക്ഷണം എനിക്ക് പ്രിയപ്പെട്ടതായിരുന്നു. എന്റെ അമ്മയുണ്ടാക്കുന്നത് ഹാജക്കും. യാത്രകൾ ഒരുമിച്ചായിരുന്നു... സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാട് പങ്കുവെച്ചവർ. എന്റെ കല്യാണത്തിന് പോലും ഒരു നിമിത്തമായി ഹാജ.'
'ഹാജയുടെ മക്കളും എന്റെ മക്കളും ഒരുമിച്ച് വളർന്നവർ. അതുകൊണ്ടായിരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം നടന്നപോലെ എനിക്കും സിന്ധുവിനും മക്കൾക്കും തോന്നി. നെച്ചുവിനും നാസുക്കിനും സന്തുഷ്ടമായൊരു കുടുംബജീവിതം ആശംസിക്കുന്നു...', എന്നാണ് അപ്പ ഹാജയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തിന്റെ സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ കുറിച്ചത്.
നടി ബീന ആന്റണിയും കുടുംബവും മായാ വിശ്വനാഥ്, തെസ്നി ഖാൻ തുടങ്ങിയ അഭിനേതാക്കളും വിവാഹത്തിനെത്തിയിരുന്നു. ബീന ആന്റണിയും ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
'ഹാജ, കിച്ചു... ഞാനുമായി നല്ലൊരു ബോണ്ടിങ് ഉണ്ടായിരുന്ന യഥാർത്ഥ സുഹൃത്തുക്കൾ. വർഷങ്ങൾക്ക്ശേഷം ഹാജയുടെ മകളുടെ വിവാഹത്തിന് ഞങ്ങളെല്ലാവരും ഒത്തുകൂടിയപ്പോൾ... ഞങ്ങളുടെ മക്കളൊക്കെ വലുതായ ശേഷം എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോൾ വല്ലാത്തൊരു ഫീലായിരുന്നു', എന്നാണ് ബീന ആന്റണി കുറിച്ചത്. മുമ്പും അപ്പ ഹാജയുമായുള്ള സൗഹൃദം ഇത്രയേറെ പ്രിയപ്പെട്ടതാകാനുള്ള കാരണങ്ങൾ കൃഷ്ണകുമാർ പങ്കുവെച്ചിട്ടുണ്ട്.

ജീവിതത്തില്‍ ചിലര്‍ വന്നുചേരുമെന്നും നമ്മളായിട്ട് വിചാരിച്ചിട്ടല്ല അവർ വരുന്നതെന്നും ദൈവമായി കൊണ്ടുത്തരുന്നതാണെന്നുമാണ് ഹാജയെ കുറിച്ച് മുമ്പ് ഒരിക്കൽ കൃഷ്ണകുമാർ പറഞ്ഞത്. '1980കളില്‍ തിരുവനന്തപുരത്തെ പട്ടത്തുള്ള ഫ്ലാറ്റിൽ താമസിക്കുമ്പോള്‍ അടുത്ത ഫ്ലാറ്റിൽ താമസിക്കാന്‍ വന്ന മിര്‍സ അങ്കിളും ലൈലാന്റിയുമായി കൂട്ടായി.'
'ആന്റി നല്ല പോലെ ഭക്ഷണം ഉണ്ടാക്കുന്നതിനാല്‍ മിര്‍സ അങ്കിള്‍ ഇടയ്ക്ക് വിളിക്കും. അങ്ങനെ ഒരു ദിവസം അടുത്ത ബന്ധുവായ ഹാജ വന്നു. അങ്കിള്‍ എന്നെ പരിചയപ്പെടുത്തി. അവിടുന്ന് തുടങ്ങിയ ബന്ധം ഇന്നും സന്തുഷ്ടമായി തുടരുന്നു', എന്നാണ് ഹാജയെ കണ്ടുമുട്ടിയതിനെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞത്.
1988 ൽ പുറത്തിറങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിലൂടെയായിരുന്നു അപ്പ ഹാജയുടെ സിനിമാപ്രവേശം. ഇൻഹരിഹർ നഗറിലെ അപ്പ ഹാജയുടെ വേഷം മലയാളികൾ മറക്കാനിടയില്ല. പിന്നീട് ഇതിന്റെ തുടർഭാഗം എത്തിയപ്പോഴും അപ്പ ഹാജ അതെ കഥാപാത്രമായി അഭിനയിച്ചിരുന്നു.
വേറെയും ഒട്ടനവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അപ്പ ഹാജ ചെയ്തിട്ടുണ്ട്. അവയിൽ ഏറെയും വില്ലൻ വേഷങ്ങളാണെന്ന് മാത്രം. കൃഷ്ണകുമാർ സജീവമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം വളരെ വിരളമായാണ് സിനിമകൾ ചെയ്യുന്നത്.


Click it and Unblock the Notifications











